സത്യഗ്രഹ ശതാബ്ദി സന്ദേശമുയര്‍ത്തി വൈക്കത്ത് ജയന്തി ആഘോഷം
വൈക്കം: ഐതിഹാസികമായ സത്യഗ്രഹ ശതാബ്ദി സന്ദേശമുയര്‍ത്തി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ചതയദിനാഘോഷം സത്യഗ്രഹ ഭൂമിയെ പീതവര്‍ണ്ണമണിയിച്ചു.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വര്‍ഷത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന വിപുലമായ ഗുരുദേവജയന്തി ആഘോഷങ്ങള്‍ക്കാണ് ഇക്കുറി വൈക്കം യൂണിയന്‍ രൂപം നല്‍കിയിരുന്നത്. യൂണിയന്‍ ആസ്ഥാനത്ത് നിന്ന് ആരംഭിച്ച റാലിയുടെ മുന്‍നിരയില്‍ വാദ്യമേളത്തിനും വിവിധ കലാരൂപങ്ങള്‍ക്കും പിന്നിലായി ഗുരുദേവ ചിത്രം വഹിക്കുന്ന റിക്ഷ വലിച്ചുകൊണ്ട് യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷും സെക്രട്ടറി എം.പി. സെന്നും മറ്റ് യൂണിയന്‍ നേതാക്കളും അന്‍പത്തിനാല് ശാഖകളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരും അണിനിരന്നു. നിശ്ചലദൃശ്യങ്ങളും നിരവധി കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് പകിട്ടേകി.
ആശ്രമം സ്‌കൂളില്‍ (ശ്രീനാരായണനഗര്‍) നടന്ന ചതയദിന മഹാസമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.പി. സെന്‍ സ്വാഗതം പറഞ്ഞു.
പ്രപഞ്ച ശക്തിയുടെയും പരംപൊരുളിന്റെയും അംശം ഉള്‍ക്കൊള്ളുന്ന ഗുരുദേവനെ സാമൂഹ്യപരിഷ്‌കര്‍ത്താവായി മാത്രം കാണുന്നത് ഗുരുദര്‍ശനങ്ങളെ ശരിയായി മനസ്സിലാക്കാന്‍ കഴിയാത്തവരാണെന്ന് ആശ്രമം സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
ഗുരുദേവദര്‍ശനങ്ങള്‍ക്ക് അതീവ പ്രാധാന്യമുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികം ഉദ്ഘാടനം ചെയ്തു സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനവും ചതയദിന സന്ദേശവും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മെറിറ്റ് അവാര്‍ഡ് വിതരണം കെ.ടി.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ ശിഖാ സുരേന്ദ്രനും നിര്‍വഹിച്ചു. യോഗം അസി.സെക്രട്ടറി പി.പി. സന്തോഷ്, ബോര്‍ഡ് മെമ്പര്‍ രാജേഷ് പി. മോഹന്‍, വൈക്കം യൂണിയന്‍ കൗണ്‍സിലര്‍മാരായ ബിജുകൂട്ടുങ്കല്‍, ബിജുതുരുത്തുമ്മ, മധു ചെമ്മനത്തുകര, രമേഷ് പി. ദാസ്, ടി.എസ്. സെന്‍സുഗുണന്‍, എം.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ്പ്രസിഡന്റ് കെ.വി. പ്രസന്നന്‍ നന്ദി പറഞ്ഞു. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി.വി. വിവേക്, വി. വേലായുധന്‍, കെ.ആര്‍. പ്രസനന്നന്‍, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് മനു, വനിതാസംഘം പ്രസിഡന്റ് ഷീജാസാബു, വൈദികസമിതി പ്രസിഡന്റ് മഹേഷ് ശാന്തി, ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ ഷാജി ടി. കുരുവിള, കെ.എസ്. സിന്ധു, പ്രധാനാദ്ധ്യാപകരായ പി.ആര്‍. ബിജി, പി.ടി. ജിനീഷ്, സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു, സീനിയര്‍ അസിസ്റ്റന്റുമാരായ റെജി എസ്. നായര്‍, പ്രിയഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു.