എസ്.എന്‍. സ്ഥാപനങ്ങളുടെ വളര്‍ച്ച കൂട്ടായ്മയുടെ കരുത്ത്

കണ്ണൂര്‍: എസ്.എന്‍. ട്രസ്റ്റിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും വളര്‍ച്ച കൂട്ടായ്മയുടെ കരുത്തില്‍ നേടിയെടുത്തതാണെന്ന് എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറിയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍. കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ തോട്ടട എസ്.എന്‍. കോളേജില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറിയും എസ്.എന്‍ഡി.പിയോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നു.

26 വര്‍ഷമായി എസ്.എന്‍.ട്രസ്റ്റ് സ്ഥാപനങ്ങള്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസവും ചാരിതാര്‍ത്ഥ്യവുമാണ് മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനവും ആവേശവുമായി മാറുന്നത്. തനിക്കെതിരെ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളെയും എതിര്‍പ്പുകളെയും നിഷ്പ്രഭമാക്കാന്‍ കഴിയുന്നതും സത്യസന്ധമായ നിലപാടുകള്‍ കൊണ്ടുമാത്രമാണ്.

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നതിനാണ് എസ്.എന്‍.ട്രസ്റ്റ് സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടത്. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ സഹായവും കൂട്ടായ്മയും കൊണ്ടുമാത്രമാണ് അവയൊക്കെ നേടിയെടുത്തത്.

സീറോ മാത്രമായ തന്നെ ഹീറോയാക്കിയതും ഈ കൂട്ടായ്മയാണ്. 86-ാമത്തെ വയസ്സിലും സ്വന്തം ആരോഗ്യം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും വളര്‍ച്ചയ്ക്ക് മാത്രമാണ് പ്രഥമ പരിഗണന. കായികരംഗത്ത് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കണ്ണൂര്‍ എസ്.എന്‍. കോളേജിന്റെ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ട്രസ്റ്റ് പ്രതിജ്ഞാബദ്ധമാണ്.

26 വര്‍ഷം എസ്.എന്‍.ഡി.പി യോഗത്തിന്റെയും, എസ്.എന്‍.ട്രസ്റ്റിന്റെയും നേതൃത്വം വഹിച്ചപ്പോള്‍ പറഞ്ഞതിനേക്കാള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഒരു വര്‍ഷം 28 കോടി രൂപയോളം ശമ്പളം ഒപ്പിട്ടു നല്‍കുന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനായത് മാറി മാറി വന്ന ഭരണാധികാരികളുടെയും നിങ്ങളുടെയുമൊക്കെ സഹകരണവും ഗുരുദേവ അനുഗ്രഹവും ഒന്നുകൊണ്ട് മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍. കോളേജിന്റെ കായികക്കുതിപ്പിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുമെന്ന് എസ്.എന്‍.ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അരയാക്കണ്ടി സന്തോഷ് പറഞ്ഞു.

കായികമികവിന് കണ്ണൂര്‍ സര്‍വകലാശാല ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച കോളേജിനുള്ള ജിമ്മിജോര്‍ജ്ജ് എവര്‍റോളിംഗ് ട്രോഫി 22-ാം വര്‍ഷവും നിലനിറുത്താന്‍ കഴിഞ്ഞത് ഭൗതിക സാഹചര്യങ്ങളുടെ മികവ് കൊണ്ടുകൂടിയാണ്.

കായികരംഗത്ത് ധാരാളം പ്രശസ്തരായ താരങ്ങളെ സംഭാവന ചെയ്യാന്‍ കോളേജിന് കഴിഞ്ഞിട്ടുണ്ട്. രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികളുള്ള കാമ്പസില്‍ അഞ്ഞൂറോളം പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നത് കായിക സംസ്‌കാരത്തിന്റെ മികവ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Author

Scroll to top
Close
Browse Categories