അപവാദ പ്രചാരണക്കാർക്ക്ജനകീയ കോടതിയില്‍ മറുപടി
കോലഞ്ചേരി: യോഗത്തിനും യൂണിയനുമെതിരെ അപവാദ പ്രചാരണങ്ങളുമായി വരുന്നവര്‍ക്ക് ജനകീയ കോടതിയില്‍ മറുപടി നല്‍കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കുലംകുത്തികളുടെ കാലം കഴിഞ്ഞു. സാമുദായിക ശാക്തീകരണത്തിലൂടെ മാത്രമെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ. എസ്.എന്‍.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ ദക്ഷിണമേഖലാ സമ്മേളനം കോലഞ്ചേരിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആരുടെയും അവകാശങ്ങള്‍ പിടിച്ചെടുക്കാനോ കടന്നു കയറാനോ സംഘടന ലക്ഷ്യമിടുന്നില്ല. എന്നാല്‍, അവകാശങ്ങള്‍ ലഭിക്കേണ്ടിടത്ത് ചോദിച്ചു വാങ്ങുക തന്നെ ചെയ്യും. വിദ്യാഭ്യാസ, സാമൂഹിക സാമ്പത്തിക നീതിക്കായി ഏതറ്റവും വരെയും പോരാടും. ഗുരുദര്‍ശനങ്ങളെ വളച്ചൊടിച്ച് വ്യാഖ്യാനിച്ച് സമുദായത്തിന്റെ വളര്‍ച്ചയെ തളര്‍ത്താന്‍ വരുന്ന ദുഷ്ടശക്തികളെ തിരിച്ചറിയണം.ജാതി സെന്‍സസ് എന്ന തുറുപ്പു ചീട്ടിറക്കി പിന്നാക്ക സമുദായങ്ങളെ കബളിപ്പിക്കാനാണ് രാഷ്ട്രീയ മുന്നണികളുടെ നീക്കം . യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. കര്‍ണ്ണന്‍ അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ ഹരിവിജയന്‍ സ്വാഗതം പറഞ്ഞു. യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എന്‍. സദാശിവന്‍, കെ.കെ. അനില്‍, സുനില്‍ പാലിശേരി, ജയന്‍ പാറപ്പുറം, വിപിന്‍ കോട്ടക്കുട്ടി, ബിജുവിശ്വനാഥന്‍, യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് മോഹനി വിജയന്‍, യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി പി.എസ്. മഹേഷ്, മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍, കോതമംഗലം യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സജീവ് പാറക്കല്‍, തിരുവാണിയൂര്‍ ശാഖാ പ്രസിഡന്റ് കെ.എന്‍. മോഹന്‍ എന്നിവര്‍ സംസാരിച്ചു.