നവോത്ഥാനം ഇപ്പോള്‍ പിന്നോട്ട് സഞ്ചരിക്കുന്നു
കൊച്ചി: കേരളത്തിലെ നവോത്ഥാന മുന്നേറ്റം ഇപ്പോള്‍ ബഹുദൂരം പിന്നോട്ട് നടക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടന വിളംബര പദയാത്രയുടെ സമാപന സമ്മേളനം പൂത്തോട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുദേവന്‍, ചട്ടമ്പിസ്വാമി, മഹാത്മാഅയ്യങ്കാളി തുടങ്ങിയവര്‍ ബഹുദൂരം മുന്നിലെത്തിച്ചതാണ് കേരളീയ സമൂഹത്തെ. ഇവരുടെ പരിശ്രമങ്ങള്‍ പാഴാകുന്ന കാര്യങ്ങളാണ് ദൃശ്യമാകുന്നത്. മദ്യവും മയക്കുമരുന്നും ഈ തലമുറയെ കീഴടക്കുന്നു. കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും കൊലപ്പെടുത്താന്‍ പോലും ഇപ്പോള്‍ മടിയില്ല. കുടുംബബന്ധങ്ങളും ശിഥിലമാവുകയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുന:സ്ഥാപിക്കുന്ന തിരക്കിലാണ് പലരും. മനുഷ്യക്കുരുതിയുടെ വാര്‍ത്തകള്‍ നമ്മെ നാണിപ്പിക്കുന്നു.
സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും വ്യവസായവും കൃഷിയും കൊണ്ട് അഭിവൃദ്ധിനേടാനും ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ഗുരുദേവന് മുന്നോട്ടു വച്ച ആശയങ്ങള്‍ നാം കൈവിടരുത്. ഈഴവരല്ലാത്ത മറ്റാരെയും ശിവഗിരി തീര്‍ത്ഥാടനത്തിലേക്ക് എത്തിക്കാന്‍ കഴിയാത്തത് നമ്മുടെ പരാജയമാണ്. മതസൗഹാര്‍ദ്ദമെന്ന ചിന്ത നമുക്ക് മാത്രമേയുള്ളു. ഈ സമൂഹത്തിന് തുല്യനീതി ലഭിക്കണമെങ്കില്‍ വോട്ടുബാങ്കായി മാറണം. അധികാര രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തിന് പങ്കില്ലാതായി. പെന്‍ഷനും കിറ്റും തൊഴിലുറപ്പും മാത്രമാണ് സമുദായത്തിന് ലഭിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
യോഗത്തില്‍ കണയന്നൂര്‍ യൂണിയന് ചെയര്മാന് മഹാരാജാ ശിവാനന്ദന് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.ഡി. അഭിലാഷ് സ്വാഗതവും, പൂത്തോട്ട ശാഖാ പ്രസിഡന്റ് ഇ.എന്‍. മണിയപ്പന് നന്ദിയും പറഞ്ഞു.
വൈസ് ചെയര്മാന് സി.വി. വിജയന്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എല്‍. സന്തോഷ്, കെ.കെ. മാധവന്, ടി.എം. വിജയകുമാര്‍, ടി.കെ. പത്മനാഭന്, കെ.പി. ശിവദാസ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാല്‍, സെക്രട്ടറി ശ്രീജിത്ത് ശ്രീധര്‍, വനിതാസംഘം ചെയര്‍പേഴ്സണ്‍ ഭാമ പത്മനാഭന്, കണ്‍വീനര്‍ വിദ്യാസുധീഷ്, വൈദികയോഗം പ്രസിഡണ്ട് ശ്രീകുമാര്‍ ശാന്തി, സെക്രട്ടറി സനോജ് ശാന്തി, സൈബര്‍ സേനാ കണ്‍വീനര്‍ റെജിവേണു ഗോപാല്‍, എംപ്ലോയീസ് ഫോറം ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് പൂത്തോട്ട, അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണയന്നൂര്‍ യൂണിയന് ചെയര്മാന് മഹാരാജാ ശിവാനന്ദനും കണ്‍വീനര്‍ എം.ഡി. അഭിലാഷും നയിച്ച വിളംബര പദയാത്ര രാവിലെ വടുതല ശാഖയില്‍ നിന്നാണ് തുടക്കം കുറിച്ചത്. എരൂര്‍ സൗത്ത് ശാഖയില്‍ നിന്ന് പുനരാരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി . തെക്കന്പറവൂരില് വലിയ ഘോഷയാത്രയോടെയാണ് സ്വീകരിച്ച് പൂത്തോട്ടയിലേക്ക് ആനയിച്ചത്.