മതന്യൂനപക്ഷം കേരള രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യുന്നു

എസ്.എന്‍.ഡി.പി.യോഗം അമ്പലപ്പുഴ യൂണിയനില്‍ നടന്ന മെരിറ്റ് ഈവനിംഗും പ്രതിഭകളെ ആദരിക്കലും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. കൃഷി മന്ത്രി പി. പ്രസാദ്, എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം.ആരീഫ്, എം.എല്‍.എ മാരായ പി.പി. ചിത്തരഞ്ജന്‍. എച്ച്. സലാം, നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, യൂണിയന്‍ സെക്രട്ടറി കെ.എന്‍.പ്രേമാനന്ദന്‍, പ്രസിഡന്റ് പി. ഹരിദാസ് വൈസ് പ്രസിഡന്റ് ബി. രഘുനാഥ് തുടങ്ങിയവര്‍ സമീപം.

ആലപ്പുഴ: വോട്ട് ബാങ്കിന്റെ പേരില്‍ മതന്യൂനപക്ഷം സംഘടിത ശക്തിയായി നിന്ന് കേരള രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യുകയാണെന്ന് എസ്.എന്‍. ഡി. പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അമ്പലപ്പുഴ യൂണിയന്‍ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗും പ്രതിഭകളെ ആദരിക്കലും ഉ ദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിചിന്ത ഉണ്ടാകാതിരിക്കാന്‍ ജനസംഖ്യാനുപാതികമായി സാമൂഹ്യ നീതി നടപ്പാക്കണം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നത് മാനേജ്‌മെന്റും ശമ്പളം കൊടുക്കുന്നത് സര്‍ക്കാരും എന്ന നയത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കാത്തത് സംഘടിത ശക്തിയുടെ രണ്ടാം വിമോചന സമരത്തെ ഭയന്നാണ്. എസ്.എന്‍. ട്രസ്റ്റിന്റെയും എസ്.എന്‍.ഡി. പി.യോഗത്തിന്റെയും സ്‌കൂള്‍, കോളേജ് നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടുകൊടുക്കുവാന്‍ തയ്യാറാണ്. മറ്റുള്ളവരുടെ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരുകള്‍ രണ്ടു നയമാണ് സ്വീകരിക്കുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തരാത്ത മന്ത്രി സ്വന്തക്കാര്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഇഷ്ടം പോലെ അനുവദിക്കുന്നത് തുല്യ നീതിയല്ല.

ഈഴവര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വഴികാട്ടിയത് ആര്‍.ശങ്കറായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് കണ്ണൂര്‍ മുതല്‍ ചെമ്പഴന്തി വരെ 11 കോളേജ് സമുദായത്തിന് അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍ നമുക്ക് ലഭിച്ചത് വെറും മൂന്ന് കോളേജുകള്‍ മാത്രം . ശങ്കറിന് ശേഷം നമ്മളും മറ്റുള്ളവരും വിദ്യാഭ്യാസ രംഗത്ത് എവിടെ എത്തിയെന്ന് പരിശോധിക്കണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ അര കോളേജിലെ പ്രിന്‍സിപ്പലിന്റെയും ജീവനക്കാരുടെയും തസ്തിക എട്ടുവര്‍ഷം കഴിഞ്ഞിട്ടും അനുവദിച്ചില്ല.

ദൈവം അനുഗ്രഹിച്ചാലും പൂജാരി അനുവദിക്കില്ല എന്നതുപോലെയാണ് ഉദ്യോഗസ്ഥരുടെ സമീപനം. നമുക്ക് ഉള്ളതിനെക്കാള്‍ കൂടുതല്‍ കോളേജുകളാണ് കോട്ടയത്ത് ഒരു സമൂഹത്തിനുള്ളതെന്ന സത്യം മനസ്സിലാക്കണം. ഇത് തുറന്നു പറഞ്ഞാല്‍ ജാതി പറയുന്നു എന്ന് പ്രചരണം നടത്തും.

പ്രീഡിഗ്രി നിറുത്തലാക്കിയപ്പോള്‍ നിയമപോരാട്ടത്തിലൂടെയാണ് പ്ലസ് വണ്‍ കോഴ്‌സുകള്‍ നേടിയെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലുള്ള സമുദായമാണ് ഉദ്യോഗ, രാഷ്ട്രീയ സാമ്പത്തിക തലത്തില്‍ മുന്നിലുള്ളത്. തൊഴിലുറപ്പും പെന്‍ഷനും മാത്രമാണ് നമുക്കുള്ള വരുമാനമാര്‍ഗം. സംഘടനകൊണ്ട് ശക്തരാകുക എന്ന് ഗുരുസന്ദേശത്തില്‍ നിന്ന് സമുദായാംഗങ്ങള്‍ അകന്നതാണ് കാരണം. മറ്റുള്ളവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനല്ല നമുക്ക് അവകാശപ്പെട്ടത് നേടിയെടുക്കാനും തുല്യനീതിക്കുമായി നാം സംഘടിത ശക്തിയാകണം. പ്രതിഭകള്‍ക്കുള്ള ഉപഹാരവുംയോഗം ജനറല്‍ സെക്രട്ടറി വിതരണം ചെയ്തു.

യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് വിശിഷ്ട സേവാ പുരസ്‌ക്കാര ജേതാക്കളെ അവാർഡ് നൽകി ആദരിച്ചു. മെഡിക്കല്‍ വിഭാഗത്തിലുള്ള ഡോ:പല്പു മെമ്മോറിയല്‍ അവാര്‍ഡും എഞ്ചിനീയറിംഗ് വിഭാഗത്തിലെ കുമാരനാശാന്‍ മെമ്മോറിയല്‍ അവാര്‍ഡും കൊടിക്കുന്നില്‍ സുരേഷ് എം.പി.യും, പ്രതിഭാപുരസ്‌ക്കാരവും കാട്ടുങ്കല്‍ പി.കെ.മഹീധരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഡിഗ്രി വിഭാഗം അവാര്‍ഡും എ.എം. ആരീഫ് എം.പി യും വിതരണം ചെയ്തു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥികളെ എച്ച്. സലാം എം.എല്‍.എ, ഇതേ വിഭാഗത്തിലെ സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യാരാജ്, സി.ബി.എസ്.ഇ ,എസ്.എസ്.എല്‍.സി എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ഡോ: കെ.എസ്. രാധാകൃഷ്ണന്‍, എസ്.എസ്.എല്‍.സി എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ജോയി സെബാസ്റ്റ്യന്‍, എന്നിവര്‍ ആദരിച്ചു. ശാഖാതലത്തില്‍ തെരഞ്ഞെടുത്ത കുട്ടികള്‍ക്കുള്ള സി.കെ.ഭൈരവന്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പുകള്‍ സനാതനധര്‍മ്മ വിദ്യാശാല മാനേജിംഗ് കമ്മിറ്റി അംഗം. ശിവസുബ്രഹ്മണ്യന്‍ ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി വി. സബില്‍ രാജ്, പ്രമുഖ വ്യവസായി അനില്‍മാധവന്‍, എന്‍.കെ.നാരായണന്‍ വിദ്യാഭ്യാസ സഹായം ദേവനാരായണന്‍, ഡോ.സി. എസ്. അനുരാഗ്, അഡ്വ: ജയന്‍.സി.ദാസ് എന്നിവരും വിതരണം ചെയ്തു. ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മോനിഷ ശ്യാം, മനു ഉപേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എന്‍.പ്രേമാനന്ദന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. രഘുനാഥ് കൃതജ്ഞതയും രേഖപ്പെടുത്തി..

യോഗം ബോര്‍ഡ് മെമ്പര്‍മാരായ എ.കെ.രംഗരാജന്‍, പി.വി.സാനു, കെ.പി. പരീക്ഷിത്ത്, കൗണ്‍സിലര്‍ എം. രാജേഷ്, പഞ്ചായത്ത് കമ്മറ്റിയംഗം എല്‍.ഷാജി, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി വി. രഞ്ജിത്ത്, വനിതാസംഘം ജോയിന്റ് സെക്രട്ടറി ശോഭന അശോക് കുമാര്‍, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റ്റി.ആര്‍. ആസാദ്, എംപ്ലോയീസ് വെല്‍ഫെയര്‍ ഫോറം സെക്രട്ടറി കെ.കെ.,സാബു, വൈദികയോഗം സെക്രട്ടറി എസ്.ഡി. ഷണ്‍മുഖന്‍ എന്നിവര്‍ പങ്കെടുത്തു

യൂണിയന്റെ വിദ്യാഭ്യാസ അവാര്‍ഡ്, എന്‍.കെ നാരായണന്‍ സ്മാരക വിദ്യാഭ്യാസ ധനസഹായം, സി.കെ.ഭൈരവന്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് എന്നിവ 700 പേര്‍ക്കാണ് വിതരണം ചെയ്തത്.

Author

Scroll to top
Close
Browse Categories