മതേതരത്വം പറഞ്ഞ് നടത്തുന്നത് മതാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍
ചേര്‍ത്തല: അധികാരമില്ലാതെ തുടരാനാകില്ലെന്നതിനാലാണ് മുസ്ലീംലീഗ് മുന്നണി മാറ്റത്തിനായി തന്ത്രങ്ങള്‍ മെനയുന്നതെന്നും എമ്പ്രാന്റെ വെളിച്ചത്ത് വാര്യര്‍ക്ക് അത്താഴം എന്നതാണ് ലീഗിന്റെ പുതിയ നയമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ മൂന്നാം വാര്‍ഷിക സമ്മേളനം എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടര്‍ഭരണ സാദ്ധ്യത നിലനില്‍ക്കെ പുതിയ പാര്‍ട്ടികളെ മുന്നണിയിലേക്ക് എടുക്കുന്നത് ഭരണത്തിലേറ്റിയ ജനങ്ങളില്‍ വലിയ അമര്‍ഷം ഉണ്ടാക്കും. രാഷ്ട്രീയത്തില്‍ അവസരവാദത്തിനാണ് സ്ഥാനമെന്നതിന്റെ തെളിവാണ് ലീഗിന്റെ നീക്കം. മതേതരത്വം പറഞ്ഞ് മതാധിഷ്ഠിത പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയ നേതാക്കള്‍ നടത്തുന്നത്. കുമാരനാശാനെയും ആര്‍. ശങ്കറിനെയും കണ്ണീരുകുടിപ്പിച്ചവരുടെ പിന്മുറക്കാരാണിപ്പോള്‍ തന്നെയും വേട്ടയാടാന്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈഴവ സമുദായത്തില്‍പ്പെട്ടവരെ രാഷ്ട്രീയമായി വളരാന്‍ അനുവദിക്കില്ല. ഒപ്പം നില്‍ക്കുന്നവര്‍ ഇടയ്ക്കു വച്ച് കൂമ്പ് ഞെരിച്ചു കളയും.
സമുദായത്തില്‍പ്പെട്ടവര്‍ രാഷ്ട്രീയമായി അന്യം നിന്നു കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പളളി നടേശന്‍ പറഞ്ഞു. പ്രൊഫ. പി.ആര്‍. ജയചന്ദ്രന്‍ അദ്ധ്യക്ഷനായി. യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
കൗണ്‍സിലര്‍ പി.കെ. പ്രസന്നന്‍ സംഘടനാസന്ദേശം നല്‍കി. യോഗം കൗണ്‍സിലര്‍ സി.എം. ബാബു തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു. എസ്.എന്‍.പി.സി. വൈസ്‌പ്രസിഡന്റ് ഡോ. കെ. സോമന്‍ പ്രമേയവും സെക്രട്ടറി കെ.എം. സജീവ് റിപ്പോര്‍ട്ടും ട്രഷറര്‍ ഡോ. ആര്‍. ബോസ് കണക്കും അവതരിപ്പിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയില്‍ സന്ദീപ്, യോഗം ചേര്‍ത്തല മേഖല ചെയര്‍മാന്‍ കെ.പി. നടരാജന്‍, ചേര്‍ത്തല യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ടി. അനിയപ്പന്‍, എസ്.എന്‍.ഇ.എഫ് പ്രസിഡന്റ് എസ്. അജുലാല്‍, സൈബര്‍ സേന ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍, എം.എന്‍. ശശിധരന്‍, പി.ഡി. ഗഗാറിന്‍ എന്നിവര്‍ സംസാരിച്ചു.