മതവും മതവികാരവും വിശ്വാസികള്‍ക്ക് വിടണം
ആനാവൂർ തേരണി ശാഖാ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠ
നെയ്യാറ്റിന്‍കര: മതവും മതവികാരവും വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നും രാഷ്ട്രീയം അതിന്റെ വഴിയേ പോകണമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു . ആനാവൂര്‍ തേരണി ശാഖാ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠയുടെയും വിനായക പ്രതിഷ്ഠയുടെയും ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാമനെ ആരാധിക്കുന്ന ആളാണ് ഞാന്‍. ആ നിലയിലാണ് രാമക്ഷേത്ര പ്രതിഷ്ഠയെ പിന്തുണച്ചത്. ഞാനും ഒരു ക്ഷേത്രത്തിലെ യജമാനനാണ്. ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട നടപടികള്‍ രഹസ്യമായിരുന്നില്ല. ഒരാള്‍ക്ക് വേണ്ടിയല്ല എല്ലാവര്ക്കും വേണ്ടിയാണ് ക്ഷേത്രം നിര്‍മ്മിച്ചത്. രാമന് വനവാസത്തിന് പോകുമ്പോള്‍ വള്ളത്തിന്റെ കടത്തുകാരന് പട്ടികവര്ഗ്ഗക്കാരനായിരുന്നു. അദ്ദേഹത്തെ ശ്രീരാമചന്ദ്രന് കെട്ടിപ്പിടിച്ചു. നീതിമാനായ ഭരണാധികാരിയായിരുന്നു ശ്രീരാമചന്ദ്രനെന്നാണ് ഇത് വ്യക്തമാക്കുന്നത്. -വെള്ളാപ്പള്ളി നടേശന് പറഞ്ഞു. യൂത്ത്മൂവ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 50,000 രൂപ അനുവദിച്ചു. ശാഖാ പ്രസിഡന്റ് എസ്. സുരേഷ്കുമാര്‍ അദ്ധ്യക്ഷനായിരുന്നു. കേരള കൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമന്, യോഗം നെയ്യാറ്റിന്‍കര യൂണിയന് സെക്രട്ടറി ആവണി ബി. ശ്രീകണ്ഠന്, പാറശ്ശാല യൂണിയന് വൈസ്പ്രസിഡന്റ് വി. കൃഷ്ണന്‍കുട്ടി, യൂണിയന് കൗണ്‍സിലര്‍ ആര്. രാജേന്ദ്രബാബു, ജയന് എസ്. ഊരമ്പ്, യൂത്ത്മൂവ്മെന്റ് മുന്‍ യൂണിയന് പ്രസിഡന്റ് എസ്. ശ്രീകണ്ഠന്, ലാല്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗം പാറശ്ശാല യൂണിയന് പ്രസിഡന്റ് എ.പി. വിനോദ് സ്വാഗതവും ശാഖാ സെക്രട്ടറി ഷിബു, വി. പണിക്കര്‍ നന്ദിയും പറഞ്ഞു.