തുല്യനീതി നടപ്പാക്കാനുള്ള ആര്‍ജവം കാണിക്കാന്‍ പാര്‍ട്ടികൾ തയ്യാറാകണം: യോഗം ഡയറക്ടര്‍ ബോര്‍ഡ്

ചേര്‍ത്തല: രാഷ്ട്രീയാധികാരം ഉള്‍പ്പെടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ജനസംഖ്യാനുപാതികമായി ലഭിക്കുന്നതിന് ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങള്‍ക്ക് അവസരമൊരുക്കാന്‍ ജാതി സെന്‍സസ് അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ്. ജാതി സെന്‍സസ് പ്രകാരം ഭരണം, വിദ്യാഭ്യാസം, തൊഴില്‍, ഉദ്യോഗം, ആരോഗ്യം, സാമ്പത്തികം തുടങ്ങി സമസ്ത മേഖലകളിലും സന്തുലിതാവസ്ഥ പാലിക്കുന്നതിനു വേണ്ടിയുള്ള സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി സെന്‍സസ് ഉള്‍പ്പെടുത്തണം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സാമൂഹ്യനീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അവഗണന പേറുന്ന വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി അവസരങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രകടനപത്രികയിലൂടെ ഉറപ്പു നല്‍കി തുല്യനീതി നടപ്പാക്കാനുള്ള ആര്‍ജ്ജവം കാണിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം.

ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസില്‍ നടന്ന യോഗം കൗണ്‍സില്‍, ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ബേബിറാം, ഇ.എസ്. ഷീബ എന്നിവരാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. കൗണ്‍സിലര്‍മാരായ എ.ജി. തങ്കപ്പന്‍, പി. സുന്ദരന്‍, പി.ടി. മന്മഥന്‍, പി.കെ. പ്രസന്നന്‍, പി.എസ്.എന്‍.ബാബു, വിപിന്‍രാജ്, എബിന്‍അമ്പാടിയില്‍ എന്നിവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories