മഞ്ഞപ്പട്ടണിഞ്ഞ് പറവൂര്‍ നഗരം
പറവൂര്‍: പറവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ജയന്തിദിന സാംസ്‌കാരിക ഘോഷയാത്ര പറവൂര്‍ പട്ടണത്തെ പീതസാഗരമാക്കി. യൂണിയന് കീഴിലെ 72 ശാഖായോഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മഞ്ഞവസ്ത്രങ്ങളും പിതപതാകകളുമേന്തി ഘോഷയാത്രയില്‍ അണി ചേര്‍ന്നു.
വൈകിട്ട് മൂന്നിന് യൂണിയന്‍ ഓഫീസ് അങ്കണത്തിലെ ഗുരുദേവമണ്ഡപത്തിലെ പുജകള്‍ക്ക് ശേഷം ഘോഷയാത്ര ആരംഭിച്ചു. ആലുവ അദ്വൈതാശ്രമത്തില്‍ ഗുരുദേവന്‍ തെളിയിച്ച കെടാവിളക്കില്‍ നിന്ന് പകര്‍ന്ന ദിവ്യജ്യോതി വഹിച്ച രഥമായിരുന്നു ഘോഷയാത്രയ്ക്കു മുന്നില്‍.വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര.
കച്ചേരിപ്പടി, മുനിസിപ്പല്‍ കവല, കെ.എം.കെ ജംഗ്ഷന്‍, പുല്ലംകുളം, ചേന്ദമംഗലം കവല വഴി നഗരം ചുറ്റി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
ഗുരു ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും എല്ലാ തലത്തിലും ഇന്നത്തെ ഇന്ത്യയിലും ലോകത്തും കൂടുതല്‍ പ്രസക്തമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പറവൂര്‍ യൂണിയന്‍ ശ്രീനാരായണജയന്തി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്കുകള്‍ കൊണ്ടുമാത്രം ഗുരുദര്‍ശനങ്ങള്‍ വായിച്ചെടുക്കാന്‍ സാധിക്കില്ല. അത്രയും വിശാലമായ ദര്‍ശനങ്ങളാണ് ഗുരു മുന്നോട്ട് വച്ചത്. ഓരോ ജയന്തി ആഘോഷിക്കുമ്പോഴും ഗുരുദര്‍ശനത്തെ കാലത്തിന് അനുസൃതമായി മാറ്റുകയാണ്. ആദര്‍ശനിഷ്ഠമായ മാനവികതയാണ് ശ്രീനാരായണ ദര്‍ശനത്തിന്റെ കേന്ദ്രഭാവമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സമാപനസമ്മേളനത്തില്‍ ജയന്തിദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടവ്യക്തികളെ ആദരിക്കൽ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനശശിധരനും വിദ്യാഭ്യാസ അവാര്‍ഡ് ദാനം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിനും യൂണിയന്‍തല കലാമത്സരങ്ങളുടെ സമ്മാനദാനം യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ, യോഗം ഡയറക്ടര്‍മാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ കണ്ണന്‍കൂട്ടുകാട്, കെ..ബി. സുഭാഷ്, ടി.എം. ദിലീപ്, വി.എന്‍. നാഗേഷ്, വി.പി. ഷാജി, ജയന്തി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എം.കെ. ആഷിക്, കോ-ഓര്‍ഡിനേറ്റര്‍ ടി.പി. രാജേഷ്, പെന്‍ഷനേഴ്‌സ് ഫോറം ചെയര്‍മാന്‍ പി.ടി. ശിവസുധന്‍, വനിതാസംഘം സെക്രട്ടറി ബിന്ദു ബോസ്, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അനീഷ് തുരുത്തിപ്പുറം എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി ഷൈജുമനയ്ക്കപ്പടി സ്വാഗതവും യൂണിയന്‍ കമ്മിറ്റി അംഗം ഡി. പ്രസന്നകുമാര്‍ നന്ദിയും പറഞ്ഞു.