മഹേശന്റെ ആത്മഹത്യ സാമ്പത്തിക തട്ടിപ്പില്‍ നിന്നുള്ള രക്ഷപ്പെടല്‍

എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തെ തകര്‍ക്കാന്‍ കള്ളക്കേസുകളിലൂടെ ഗൂഢനീക്കം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണിച്ചുകുളങ്ങര യൂണിയന്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംസാരിക്കുന്നു.

സാമ്പത്തിക തട്ടിപ്പ് കണ്ടുപിടിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയോഗിച്ച സമ്മര്‍ദ്ദതന്ത്രം ഫലിക്കാതെ വന്നതോടെയാണ് യോഗം കണിച്ചുകുളങ്ങര യൂണിയന്‍ മുന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് യോഗത്തെയും യോഗനേതൃത്വത്തെയും തകര്‍ക്കണമെന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് കണിച്ചുകുളങ്ങര യൂണിയന്‍ നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മഹേശന്‍ തയ്യാറാക്കി പ്രചരിപ്പിച്ച 32 പേജുള്ള കത്തില്‍ ആരുടെയും പ്രേരണ പരാമര്‍ശിച്ചിട്ടില്ല. കണിച്ചുകുളങ്ങര യൂണിയനിലും ക്ഷേത്രത്തിലും ചേര്‍ത്തല യൂണിയനിലും ശ്രീകണ്‌ഠേശ്വരം സ്‌കൂളിലും നടന്ന സാമ്പത്തിക തട്ടിപ്പുകള്‍ കണ്ടുപിടിച്ചതോടെ നില്‍ക്കക്കള്ളിയില്ലാതെ ജീവനൊടുക്കുകയായിരുന്നു. 10 സെന്റിലെ വെറും കുടികിടപ്പുകാരനായ മഹേശന്‍ കോടീശ്വരനായത് എങ്ങനെയെന്ന് അന്വേഷിക്കണം. നൂറുകണക്കിന് പേര്‍ക്കാണ് ഇയാള്‍ പണംപലിശയ്ക്ക് കൊടുത്തത്.

സമ്മേളനത്തിന്റെ സദസ്

48 മാസത്തെ കാലവധിയെടുത്ത വായ്പ 28 മാസം കൊണ്ട് തിരിച്ചടപ്പിച്ച് ഇതില്‍ നിന്ന് ലഭിക്കുന്ന അധികം തുക വകമാറ്റി ചെലവാക്കി കൈക്കലാക്കുകയായിരുന്നു. സ്വന്തം ആളെന്ന് ചമഞ്ഞ് മഹേശപൂജ ചെയ്യാതെ കേരളത്തിലെ ഒരു യൂണിയന്‍ ഭാരവാഹിയെയും ജനറല്‍ സെക്രട്ടറിയെ കാണാന്‍ അനുവദിച്ചിരുന്നില്ല.

മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരാതിക്കാരി നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥ അന്വേഷിച്ച് തെളിവില്ലെന്ന് കാട്ടി വിശദമായ റിപ്പോര്‍ട്ട് നല്‍കിയതാണ്. ആ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ഗൂഢലക്ഷ്യമുണ്ട്. യോഗം തിരഞ്ഞെടുപ്പില്‍ എന്നെയും തുഷാറിനെയും മത്സരിപ്പിക്കാതിരിക്കാനുള്ള ഗൂഢതന്ത്രമാണ് പുതിയ പരാതിക്ക് പിന്നില്‍. കേസില്‍ പ്രതിയായാല്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് യോഗത്തിന്റെ ഭരണഘടന പരിഷ്‌കരിക്കാന്‍ യോഗം വിരുദ്ധര്‍ നല്‍കിയ സ്‌കീംസൂട്ടിന്റെ തുടര്‍ച്ചയാണ് പുതിയ പരാതി. ഇത് സമുദായാംഗങ്ങള്‍ അവജ്ഞയോടെ തള്ളും. – വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം

യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ ആമുഖപ്രഭാഷണം നടത്തി. ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി. അനിയപ്പന്‍, കണിച്ചുകുളങ്ങര യൂണിയന്‍ വൈസ്‌പ്രസിഡന്റ് പി.കെ. ധനേശന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി ഇന്‍ ചാര്‍ജജ് പി.എസ്.എന്‍. ബാബു സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ മുരുകന്‍പെരക്കന്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories