കുമാരനാശാന്‍ നല്‍കിയ സംഭാവനയും കരുത്തും നിസ്തുലം
ചേര്‍ത്തല: കുമാരനാശാന്‍ സമുദായത്തിന് നല്‍കിയ സംഭാവനയും സംഘടനയ്ക്ക് പകര്‍ന്നു നല്‍കിയ കരുത്തും വിസ്മരിക്കാനാവാത്തതാണെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസില്‍ നടന്ന യോഗം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കുമാരനാശാനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവിന്റെ വത്സല ശിഷ്യനായിരുന്ന കുമാരന്റെ ഭൗതീകവും ആത്മീയവുമായ എല്ലാ ഉയര്‍ച്ചയുടെയും നാരായവേര് ഗുരുവായിരുന്നു. അക്ഷരങ്ങളെ സാമൂഹ്യമാറ്റത്തിനുള്ള പടവാളാക്കി മാറ്റിയ ആശാന്റെ കവിതകള്‍ കേരള നവോത്ഥാനത്തെ ആളിക്കത്തിച്ച കൊടുങ്കാറ്റായി മാറ്റി. അധികാരികളോട് അപ്രിയ സത്യങ്ങള്‍ തുറന്ന് പറയാന്‍ ഒരിക്കലും ആശാന്‍ മടിച്ചിരുന്നില്ല. വിയോജിപ്പുകള്‍ മാന്യമായി അവതരിപ്പിക്കാനും എതിര്‍പ്പിലും പരസ്പര വിശ്വാസം നിലനിര്‍ത്താനും ശ്രദ്ധിച്ച ആശാന്റെ ശൈലി സമകാല കേരളത്തിന് ഇപ്പോഴും മാതൃകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗുരുവിനെയും കുമാരനാശാനെയും ചേര്‍ത്തു വച്ച ഛായാചിത്രത്തിന് മുന്നില്‍ വെള്ളാപ്പള്ളി നടേശന്‍ വിളക്ക് തെളിച്ചു. ബോര്‍ഡ് അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ അനുസ്മരണപ്രഭാഷണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നന്ദി പറഞ്ഞു.