കുമാരനാശാന്‍ സമുദായ അഭിവൃദ്ധിക്കായി അഹോരാത്രം പോരാടി
കൊച്ചി: ഈഴവ സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനും അഭിവൃദ്ധിക്കുമായി അക്ഷീണം പ്രയത്‌നിച്ചയാളാണ് മഹാകവി കുമാരനാശാനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാലാരിവട്ടത്ത് എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രജാസഭയില്‍ ഈഴവസമുദായത്തിനുവേണ്ടി സംസാരിച്ച് അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ച ആശാന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്. ഗുരുവിന്റെ അനുവാദത്തോടെ, ഈഴവ സമുദായത്തിന് വിവിധ മേഖലകളില്‍ പ്രാതിനിധ്യം വേണമെന്നും അവഗണന അവസാനിപ്പിക്കണമെന്നും പ്രജാസഭയിലെത്തി ആദ്യം ആവശ്യപ്പെട്ടത് ആശാനാണ്.
എസ്.എന്‍.ഡി.പി യോഗം കൂടുതല്‍ കരുത്തോടെ സംഘടിതശക്തിയായി മാറേണ്ടതുണ്ട്. മുസ്ലീം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്നു വിളിച്ചവരും കേരള കോണ്‍ഗ്രസ് പള്ളിയെ തള്ളിപ്പറഞ്ഞിട്ടു വന്നാല്‍ സ്വീകരിക്കാമെന്ന് പറഞ്ഞവരും ഇപ്പോള്‍ ഇരുപാര്‍ട്ടികളെയും താലത്തില്‍ കൊണ്ടുനടക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.എസ്.എന്‍ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപാര്‍ട്ടികളുടെയും പിന്നാലെ ആരൊക്കെയാണ് നടക്കുന്നതെന്ന് എല്ലാവരും കാണുന്നുണ്ട്. വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് അതിനു പിന്നില്‍. ഈഴവ സമുദായത്തിന് സമസ്ത മേഖലയിലും കടുത്ത അവഗണനയാണ് എല്ലാക്കാലത്തും നേരിടേണ്ടി വന്നത്.
എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം അനുവദിക്കുന്നത് സംബന്ധിച്ച ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. യോഗത്തിന്റെ ഭാഗത്തു നിന്ന് നടപടികള്‍ പൂര്‍ത്തീകരിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചു.
പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ഭേദഗതിക്കുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കി. വേണമെങ്കില്‍ രണ്ടുദിവസം കൊണ്ട് തീരുമാനമെടുക്കാവുന്ന വിഷയമാണ് സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ നാളുകളായുള്ളത്. അതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും മൈക്രോഫിനാന്‍സ് സംഘങ്ങള്‍ക്കുള്ള വായ്പാവിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പുതുതലമുറയെ നന്മയുടെയും മികവിന്റെയും പാതയിലേക്ക് നയിക്കാന്‍ ഓരോ കുടുംബത്തിലെയും മാതാപിതാക്കള്‍ ശ്രമിക്കണമെന്നും ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗത്തില്‍ മക്കള്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയണമെന്നും ചടങ്ങില്‍ ഭദ്രദീപ പ്രകാശനം നടത്തിയ പ്രീതിനടേശന്‍ പറഞ്ഞു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ പടമുഗള്‍ താണപാടം സ്വദേശി വിഷ്ണുരാജിനെയും എം.ജി. സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ പി.എച്ച്.ഡി. നേടിയ ഡോ. രേഷ്മസന്ദീപിനെയും വെള്ളാപ്പള്ളി നടേശന്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ കണ്‍വീനര്‍ എം.ഡി. അഭിലാഷ് സ്വാഗതം ആശംസിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവന്‍, എല്‍.സന്തോഷ്, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ശ്രീജിത്ത്ശ്രീധര്‍, വനിതാസംഘം കണ്‍വീനര്‍ വിദ്യസുധീഷ്, കുമാരിസംഘം കണ്‍വീനര്‍ ദേവിക രാജേഷ്, വൈദികയോഗം സെക്രട്ടറി സനോജ് ശാന്തി, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ കണ്‍വീനര്‍ ഉമേശ്വരന്‍, എംപ്ലോയീസ് ഫോറം കണ്‍വീനര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. കണയന്നൂര്‍ യൂണിയന്‍ വൈസ് ചെയര്‍മാന്‍ സി.വി. വിജയന്‍ നന്ദി പറഞ്ഞു.