കേരളകൗമുദി നീതിയുടെ പക്ഷത്ത്

കേരള കൗമുദി പത്തനംതിട്ട യൂണിറ്റിന്റെ ആസ്ഥാനമന്ദിര സമര്‍പ്പണത്തിന് ശേഷം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുതിയ മന്ദിരത്തില്‍ ദീപം തെളിക്കുന്നു.

പത്തനംതിട്ട : സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയാണ് കേരളകൗമുദി നിലകൊള്ളുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ ആസ്ഥാന മന്ദിരസമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി പോരാടാന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് കേരളകൗമുദി. കേരളകൗമുദിയിലൂടെയാണ് താന്‍ അറിയപ്പെട്ടത്.

തനിക്കെതിരെ ഉണ്ടായ അപവാദ പ്രചാരണങ്ങളെ നേരിടാന്‍ കേരള കൗമുദി നല്‍കിയ ധാര്‍മ്മിക പിന്തുണ ഉള്‍ക്കരുത്തായെന്നും അദ്ദേഹം പറഞ്ഞു.
അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ പത്രമാണ് കേരളകൗമുദിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ സ്വന്തം ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയപരമായി എതിര്‍പ്പുള്ളവര്‍ക്കും കേരളകൗമുദി പ്രത്യേക സ്ഥാനം നല്‍കി വരുന്നു. ജനാധിപത്യത്തിന്റെ നന്മയാണത്.
കേരളകൗമുദി റസിഡന്റ് എഡിറ്റര്‍ എസ്.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ കേരളകൗമുദി റോഡ് നാമകരണപ്രഖ്യാപനം നടത്തി.

ധനലക്ഷ്മി ബാങ്ക് ചെയര്‍മാന്‍ കലഞ്ഞൂര്‍ മധു, എസ്.എന്‍.ഡി.പി യോഗം പത്തനംതിട്ട യൂണിയന്‍ സെക്രട്ടറി ഡി. അനില്‍കുമാര്‍, അടൂര്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വ. മണ്ണടിമോഹന്‍, പന്തളം യൂണിയന്‍ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ്, കോഴഞ്ചേരി യൂണിയന്‍ പ്രസിഡന്റ് കെ. മോഹന്‍ബാബു, തിരുവല്ല യൂണിയന്‍ സെക്രട്ടറി അനില്‍ ഉഴത്തില്‍ എന്നിവര്‍ സംസാരിച്ചു. കേരള കൗമുദി യൂണിറ്റ് ചീഫ് ബി.എല്‍. അഭിലാഷ് സ്വാഗതവും ബ്യൂറോ ചീഫ് ബിജുമോഹന്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories