ന്യൂനപക്ഷ സമൂഹം കേരളത്തെ ഹൈജാക്ക് ചെയ്യുന്നു
തൃശൂര്‍: കേരളത്തെ ന്യൂനപക്ഷങ്ങള്‍ ഹൈജാക്ക് ചെയ്യുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം നാട്ടിക യൂണിയന് ശാഖാതല നേതൃത്വ പരിശീലന ക്യാമ്പ് മൂന്നാര്‍ ചിന്നക്കനാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശന്. നായാടി മുതല്‍ നമ്പൂതിരി വരെ ഒന്നിക്കേണ്ട സാഹചര്യം അനിവാര്യമായി. ഗുരുദേവ ദര്‍ശനങ്ങളും ആശയങ്ങളും മുറുകെപ്പിടിച്ച് ഈഴവാദി പിന്നാക്ക സമുദായങ്ങള്‍ മുന്നേറണം. വിദ്യ കൊണ്ട് പ്രബുദ്ധരാവാനും സംഘടിച്ച് ശക്തരാകാനും നമുക്ക് കഴിയണം. വികാരത്തിന് അടിമപ്പെടാതെ വിവേകത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ ഭദ്രദീപം കൊളുത്തി. നാട്ടിക യൂണിയന് പ്രസിഡന്റ് ഉണ്ണികൃഷ്ണന് തഷ്ണാത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി മോഹനന് കണ്ണമ്പുള്ളി, വൈസ് പ്രസിഡന്റ് പി.വി. സുദീപ് കുമാര്‍, യോഗം ബോര്‍ഡ്മെമ്പര്‍ പ്രകാശ് കടവില്‍, ബിനോയ് പാണപറമ്പില്‍, കെ.എസ്. ദീപന്, നാരായണദാസ് കെ.ജി., നരേന്ദ്രന് തയ്യില്‍, ഹരിശങ്കര്‍ പുല്ലാനി, ബിന്ദുമനോജ്, പ്രഭാശങ്കര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി. വൈകിട്ട് നടന്ന സെഷന് ഡോ. ആനന്ദ് വൈക്കം നയിച്ചു.