പേര് ചോദിച്ച് നീതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം
കായംകുളം: പേര് ചോദിച്ച് നീതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മതസൗഹാര്‍ദ്ദം തകര്‍ക്കാനല്ല, ജാതിമത ഭേദമില്ലാതെ ജീവിക്കാനാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കായംകുളം ശ്രീനാരായണ സെന്‍ട്രല്‍ സ്കൂളില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച സില്‍വര്‍ ജൂബിലി ബില്‍ഡിംഗിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്.
മാറി മാറി വരുന്ന ഇടത്, വലത് സര്‍ക്കാരുകള്‍ സമുദായത്തോട് നീതി കാട്ടിയില്ലെന്ന് മാത്രമല്ല അനീതി തുടരുകയുമാണ്. വിദ്യാഭ്യാസ നീതി ഇനിയും അകലെയാണ്. ജനസംഖ്യാനുപാതികമായ നീതി സമുദായത്തിന് കിട്ടണം. ജാതിയിലധിഷ്ഠിതമായ ഭരണഘടനയും നിയമങ്ങളും നിലനില്ക്കുമ്പോള് ജാതി പറയേണ്ടി വരുന്നു. എല്ലാവര്ക്കും തുല്യനീതി ലഭിച്ചാലേ അസമത്വവും ജാതിവിവേചനങ്ങളും ഇല്ലാതാകൂ. പേര് കേട്ടാല്‍ നീതി പങ്കിടാന്‍ മടിക്കുന്ന ഉദ്യോഗസ്ഥര്‍ സമുദായത്തെ പിന്നോട്ടടിക്കുകയാണ്. നമുക്ക് തരാതിരിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും പറയുന്നവര്‍ അര്‍ഹതയില്ലാത്തവര്‍ക്ക് എല്ലാം നല്‍കാനുള്ള പണിപ്പുരയിലാണ്. വളരാനും ഉയരാനും വിദ്യാഭ്യാസ പുരോഗതി നേടാനും ഒന്നിച്ച് നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയര്‍ കണ്ടീഷന്‍ ചെയ്ത ഡിജിറ്റല്‍ ക്ലാസ് റൂം ഉദ്ഘാടനം സി.പി.എം. ജില്ലാ സെക്രട്ടറി ആര്. നാസര്‍ നിര്‍വഹിച്ചു. ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റും സ്കൂള്‍ മാനേജരുമായ വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ പി. ശശികല, സമിതി സെക്രട്ടറി പള്ളിയമ്പില്ശ്രീകുമാര്, വൈസ്പ്രസിഡന്റ് കെ. ഹരീന്ദ്രൻ, പ്രിന്‍സിപ്പല്‍ ഡോ. എസ്.ബി. ശ്രീജയ എന്നിവര്‍ സംസാരിച്ചു.