ഒറ്റക്കെട്ടായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ട സമയം
പെരുമ്പാവൂര്‍: സംഘടനാ പ്രവര്‍ത്തനവുമായി ഒറ്റക്കെട്ടായി എല്ലാ പ്രവര്‍ത്തകരും രംഗത്തിറങ്ങേണ്ട സമയമാണിതെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. ഗുരുദേവനാല്‍ സ്ഥാപിക്കപ്പെട്ട എസ്.എന്‍.ഡി. പി യോഗത്തെ തകര്‍ക്കുവാന്‍ നോക്കിയവര്‍ക്കെല്ലാം അതിന്റേതായ തിക്താനുഭവങ്ങളാണ് ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ഇത് സംസ്ഥാനത്തിന്റെവിവിധ ഭാഗങ്ങളില്‍ സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പോകുമ്പോള്‍ തനിക്കു നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുദേവസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന ഉപവാസയജ്ഞത്തിന്റെ ദീപപ്രോജ്ജ്വലനവും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. കര്‍ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എം.എം. ബഷീര്‍ പ്രഭാഷണവും ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും നടത്തി.
യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍വീനര്‍ ഹരിവിജയന്‍, കമ്മിറ്റി അംഗങ്ങളായ കെ.കെ. അനില്‍, സുനില്‍ പാലിശ്ശേരി, ജയന്‍ പാറപ്പുറം, ബിജുവിശ്വനാഥന്‍, വിപിന്‍ കോട്ടക്കുടി, ടി.എന്‍. സദാശിവന്‍ എന്നിവര്‍ സംസാരിച്ചു.