ഗുരുദർശനം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് തിരിച്ചറിയണം
മാന്നാർ: ശ്രീനാരായണ ഗുരുവിനെയും ദർശനത്തെയും ദുർവ്യാഖ്യാനം ചെയ്ത് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നവരെ തിരിച്ചറിഞ്ഞ് പുതു തലമുറയെ യോഗത്തിനോടൊപ്പം ചേർത്ത് നിർത്താനും സംഘടനാ പ്രവർത്തനത്തിലൂടെ കൂടുതൽ മുന്നേറാനും സമുദായത്തിന് കഴിയണമെന്ന് യോഗം വൈസ് പ്രസിഡ ന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു
മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ സംയുക്ത ഗുരു ജയന്തി ഘോഷയാത്രയുടെ ഉദ്‌ഘാടനവും പതാക കൈമാറലും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.. സരസകവി മൂലൂർ നഗറായ പരുമല ദേവസ്വംബോർഡ് പമ്പാകോളേജിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജയന്തി ആഘോഷങ്ങളുടെ ഉദ്‌ഘാടനം കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി നിർവഹിച്ചു. യോഗം മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതം പറഞ്ഞു. യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ്, യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ ബിനുരാജ്, വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ സുജാത നുന്നുപ്രകാശ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗം ഹരി പാലമൂട്ടിൽ നന്ദി പറഞ്ഞു.
പമ്പ കോളേജ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ മാന്നാർ യൂണിയന് കീഴിലെ 28 ശാഖകളിൽ നിന്നുമുള്ള പതിനായിരത്തോളം ശ്രീനാരായണീയർ പങ്കെടുത്തു. മാന്നാർ യൂണിയൻ നേതാക്കളായ ഡോ.എം.പി വിജയകുമാർ, അനിൽ പി.ശ്രീരംഗം, ഹരിലാൽ ഉളുന്തി, നുന്നു പ്രകാശ്, ഹരി പാലമൂട്ടിൽ, പി.ബി സൂരജ്, പുഷ്പ ശശികുമാർ, ശശികല രഘുനാഥ്, സുജാത നുന്നു പ്രകാശ്, വിധു വിവേക്, കീർത്തി വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി ഫ്ളോട്ടുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഗുരുദേവ ജയന്തി ഘോഷയാത്ര ചെന്നിത്തല മഹാത്മാ സ്‌കൂൾ അങ്കണത്തിൽ സമാപിച്ചു. സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു.