വൈക്കത്തപ്പന്റെ തിരുനടയില്‍ പതിവ് തെറ്റാതെ …


വൈക്കം: അഹസിന്റെ അവകാശിയായി മഹാദേവ സന്നിധിയില്‍ തൊഴുത് പതിവ് തെറ്റാതെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മൂന്നാം ദിവസത്തെ വൈക്കം യൂണിയന്‍ വക അഹസിന്റെ ഭാഗമായാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്ഷേത്രത്തിലെത്തിയത്. മഹാദേവക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ ക്ഷേത്രം അധികൃതരും യൂണിയന്‍ നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. പതിവുപോലെ ശര്‍ക്കര കൊണ്ട് തുലാഭാരം നടത്തിയ ശേഷമായിരുന്നു ദര്‍ശനം. ശ്രീബലിയും തൊഴുതാണ് വെള്ളാപ്പള്ളി നടേശന്‍ മടങ്ങിയത്. കുട്ടിയായിരിക്കെ തനിക്ക് ചോറൂണ് നടത്തിയ വൈക്കം ക്ഷേത്രസന്നിധിയില്‍ പതിവായി വെള്ളാപ്പള്ളി നടേശന്‍ എത്താറുണ്ട്. അഹസിന്റെ ഭാഗമായി കഴിഞ്ഞ 21 വര്‍ഷമായി മഹാദേവ സന്നിധിയിലെത്തുന്നു. കൊവിഡ് കാലത്ത് മാത്രമാണ് മുടക്കം വന്നത്. വര്‍ഷങ്ങളായി തുടരുന്ന ക്ഷേത്രദര്‍ശനവും തുലാഭാരവും 88-ാം വയസ്സിലും കൃത്യതയോടെ നടത്താന്‍ നിയോഗം കിട്ടിയത് വൈക്കത്തപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ഈശ്വരന്‍ നമ്പൂതിരി, യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെന്‍, വൈസ്‌പ്രസിഡന്റ് കെ.വി. പ്രസന്നന്‍, രാജേഷ് മോഹന്‍, സെന്‍ സുഗുണന്‍, പി.വി വിവേക്, ഷീജാ സാബു, സിനി പുരുഷോത്തമന്‍, എസ്. ജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.