നവോത്ഥാന ചരിത്രത്തിലും പിന്നാക്കക്കാരന് സ്ഥാനം പിന്നില്‍

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള വൈക്കം യൂണിയന്റെ ഏഴാമത് സമ്മേളനവും ആശ്രമം സ്‌കൂളും ഓംകാരേശ്വരം ക്ഷേത്രവും നല്‍കുന്ന വിവിധ ധനസഹായ പദ്ധതികളും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നാടിന്റെ നവോത്ഥാന ചരിത്രം രേഖപ്പെടുത്തുമ്പോള്‍ പോലും പിന്നാക്കക്കാരന് എന്നും പിന്നിലാണ് സ്ഥാനമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഏഴാമത് സമ്മേളനവും, ആശ്രമം സ്‌കൂള്‍ 600ല്‍പ്പരം കുട്ടികള്‍ക്ക് നല്‍കുന്ന പഠനോപകരണ വിതരണവും ഉല്ലല ഓംകാരേശ്വരം ക്ഷേത്രാങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രകാരന്മാര്‍ എന്നും മുന്നാക്കക്കാരെ മുന്നില്‍ നിറുത്തിയാണ് ചരിത്രമെഴുതുക. ജാതിവിവേചനത്തിനെതിരെ ഭാരതത്തില്‍ നടന്ന ഏറ്റവും വലിയ സംഘടിത സമരമായ വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രം വളച്ചൊടിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ തന്നെ ഇതിനുദാഹരണമാണ്. സവര്‍ണജാഥ നയിച്ച മന്നത്ത് പദ് മനാഭന്റേയും കെ. കേളപ്പന്റേയും കെ.പി. കേശവമേനോന്റെയുമെല്ലാം സത്യഗ്രഹസമരത്തിലെ നേതൃപരമായ പങ്ക് നാമാരും വിസ്മരിക്കുന്നില്ല. പക്ഷെ ഗാന്ധിജിയുടെ പിന്തുണയോടെ ഈ നേതാക്കളുടെയെല്ലാം നേതൃത്വം സത്യഗ്രഹത്തിന് ഉറപ്പാക്കിയത് ടി.കെ. മാധവനാണ്. ഗുരുദേവനെ വൈക്കം ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ സവര്‍ണര്‍ തടഞ്ഞതാണ് ടി.കെ. മാധവനെ പ്രകോപിതനാക്കിയതും വൈക്കം സത്യഗ്രഹത്തിന്റെ സംഘാടനത്തിലേക്ക് നയിച്ചതും. ആരുടേയും അപ്രീതി ഭയക്കാതെ ഈ സംഭവം പരസ്യമായി പറയാന്‍ ചങ്കൂറ്റം കാണിച്ച ഒരേയൊരു നേതാവ് പിണറായി വിജയനാണ്. . വൈക്കം യൂണിയന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം മറ്റ് യൂണിയനുകള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഓംകാരേശ്വരം ദേവസ്വം പ്രസിഡന്റും ആശ്രമം സ്‌കൂള്‍ മാനേജരുമായ പി.വി. ബിനേഷ് അദ്ധ്യക്ഷനായിരുന്നു.

എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ ഓംകാരേശ്വരം ദേവസ്വത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക സഹായം വിതരണം നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ. കെ. അജിത്ത് മുഖ്യാതിഥിയായിരുന്നു. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ മുഖ്യപ്രസംഗവും, തങ്കമ്മ മോഹനന്‍ അനുഗ്രഹപ്രഭാഷണവും നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി. സന്തോഷ്, യോഗം ഡയറക്ടര്‍ ബോര്‍ഡംഗം രാജേഷ് പി. മോഹന്‍, ഓംകാരേശ്വരം ദേവസ്വം വൈസ്പ്രസിഡന്റ് കെ.എസ്. പ്രീജ, ദേവസ്വം ജോയിന്റ് സെക്രട്ടറിമാരായ വി.ഡി. സന്തോഷ്, ടി.പി. സുഖലാല്‍, ട്രഷറര്‍ എന്‍.എന്‍. പവനന്‍, ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പൽമാരായ ഷാജി ടി. കുരുവിള, കെ.എസ്. സിന്ധു, എല്‍.പി. വിഭാഗം എച്ച്.എം. പി.ടി. ജിനീഷ്, സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ. ബിന്ദു, സീനിയര്‍ അസി. പ്രിയഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു. ആശ്രമം സ്‌കുള്‍ പ്രഥമാദ്ധ്യാപിക പി.ആര്‍. ബിജി സ്വാഗതവും, ഓംകാരേശ്വരം ദേവസ്വം സെക്രട്ടറി കെ.വി. പ്രസന്നന്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories