ആദര്‍ശത്തിന്റെ കുപ്പായമിട്ട്സമുദായ ദ്രോഹികള്‍ വീണ്ടും ഇറങ്ങി

എസ്.എന്‍.ഡി.പി യോഗം കുണ്ടറ യൂണിയനില്‍ നടന്ന ശ്രീനാരായണട്രസ്റ്റ്‌സ് കൊല്ലം റീജിയണ്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: മഹാനായ ആര്‍. ശങ്കറിന്റെ ദീര്‍ഘദൃഷ്ടിയില്‍ പിറവിയെടുത്ത എസ്.എന്‍. ട്രസ്റ്റിനെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും ആര്‍.ശങ്കറിനെ വേട്ടയാടിയവരുടെ പ്രേതങ്ങള്‍ ഉറഞ്ഞുതുള്ളുകയാണെന്നും എസ്.എന്‍. ട്രസ്റ്റ്‌സ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം കുണ്ടറ യൂണിയനില്‍ നടന്ന എസ്.എന്‍. ട്രസ്റ്റ്‌സ് കൊല്ലം റീജിയണ്‍ 3 (ഇ) കാറ്റഗറി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതി പോലും എഴുതിത്തള്ളിയ പാഴ് ആരോപണങ്ങള്‍ നിരത്തിസമുദായ ദ്രോഹികള്‍ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഒരു കാലത്ത് ശ്രീനാരായണ ട്രസ്റ്റ് ഭരണസമിതി ഭാരവാഹികളായിരുന്നുകൊണ്ട് അവിഹിത മാര്‍ഗ്ഗത്തിലൂടെ ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കിയവരില്‍ പലരും ആദര്‍ശത്തിന്റെ കുപ്പായമിട്ട് രംഗത്തുണ്ട്. ആര്‍. ശങ്കറിന്റെ പാത പിന്‍തുടര്‍ന്ന് പൊതുസമൂഹത്തിനായി പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ ലോകോത്തര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ പടുത്തുയര്‍ത്തിയത് കണ്ടില്ലെന്ന് നടിച്ച് കുറേ മൂഢന്മാര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്ത് ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.എന്‍.ട്രസ്റ്റ് ട്രഷററും കുണ്ടറ യൂണിയന്‍ പ്രസിഡന്റുമായ ഡോ. ജി. ജയദേവന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ട്രസ്റ്റ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയും യോഗം വൈസ്‌പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കൊല്ലം യൂണിയന്‍ പ്രസിഡന്റും ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ മോഹന്‍ശങ്കര്‍, എസ്. സുവര്‍ണ്ണകുമാര്‍, കൊല്ലം യൂണിയന്‍ സെക്രട്ടറിയും ഇലക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ എന്‍. രാജേന്ദ്രന്‍, യോഗം കൗണ്‍സിലറും ഇലക്ഷന്‍ കമ്മിറ്റി ട്രഷററുമായ പി. സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു. കുണ്ടറ യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്. അനില്‍കുമാര്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് എസ്. ഭാസി നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories