ഗുരുദേവ ദര്‍ശനം സമൂഹത്തിന് ഒന്നാകെ മാതൃക


കൊച്ചി: എക്കാലത്തും പ്രസക്തമാണ് ഗുരുദേവ ദര്‍ശനമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.. ഗുരുദേവ സത്‌സംഗം കൊച്ചിയുടെ ശ്രീനാരായണ ധര്‍മ്മ പഠന ശിബിരം പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യാന്‍ സത്‌സംഗത്തിന് കഴിയട്ടെ. എന്തിനായിരുന്നു സര്‍വമത സമ്മേളനം, എന്തിനായിരുന്നു വൈക്കം സത്യാഗ്രഹം, അവയുടെ പ്രേരകശക്തി എന്താണ് എന്നൊന്നും ആരും പറയാറില്ല.
അത്തരം കാര്യങ്ങള്‍ പുതുതലമുറയ്ക്കും ശ്രീനാരായണീയര്‍ക്കും പകര്‍ന്നു നല്‍കുന്നതില്‍ ഗുരുദേവസത്‌സംഗത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഗുരു അറിവായി ഇപ്പോഴും നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പുതുമയോടെ നിലനില്‍ക്കുന്നു. ഹിന്ദു സമുദായത്തിലെ വിഭാഗീയത എവിടെയെത്തിയെന്നും അത് ആ സമുദായത്തെ വളര്‍ത്തിയോ തളര്‍ത്തിയോ എന്നും എല്ലാവരും ആലോചിക്കണം. ഈ സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് ഗുരുദേവ ദര്‍ശനം അറിയാനും പ്രചരിപ്പിക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ സത്‌സംഗം പ്രസിഡന്റ് ടി.എം. വിജയകുമാര്‍ അദ്ധ്യക്ഷനായി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍, സത്‌സംഗം കോ-ഓര്‍ഡിനേറ്റര്‍ ഗിരിജരവി, സെക്രട്ടറി ടി.എന്‍. പ്രതാപന്‍, ട്രഷറര്‍ നീന സുരേഷ് എന്നിവര്‍ സംസാരിച്ചു.