കേരളത്തെ മതവിദ്വേഷമില്ലാത്ത നാടാക്കി മാറ്റിയത് ഗുരുദര്‍ശനം

എസ്.എന്‍.ഡി.പി യോഗം 241-ാം നമ്പര്‍ പറവൂര്‍ തെക്ക് ശാഖാ നവതി മന്ദിരം ഉദ്ഘാടനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

അമ്പലപ്പുഴ: ഗുരുവിന്റെ ദര്‍ശനം ആഴത്തില്‍ പ്രാവര്‍ത്തികമാക്കിയതുകൊണ്ടാണ് കേരളം മതവിദ്വേഷമില്ലാത്ത നാടായി നിലനില്‍ക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം 241-ാം നമ്പര്‍ പറവൂര്‍ തെക്ക് ശാഖയില്‍ നവതി മന്ദിരത്തിന്റെ ഉദ്ഘാടനവും ഗുരു പ്രാര്‍ത്ഥനാ ഹാളിന്റെയും ഓഫീസ് സമുച്ചയത്തിന്റെയും ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഒന്നായി നന്നാകണം എന്നാണ് പറച്ചിലെങ്കിലും ഒന്നായാലേ നന്നാകൂ എന്ന മനോഭാവം ഈഴവനില്ല. യോഗത്തിന്റെ തുടക്കം കാലം മുതല്‍ തന്നെ നേതൃത്വത്തിലെത്തിലിരുന്നവര്‍ ആരും ചീത്തവിളി കേള്‍ക്കാതെ പിരിഞ്ഞിട്ടില്ല. കുറെ കുലംകുത്തികള്‍ സമുദായത്തില്‍ തന്നെയുണ്ട്. എസ്.എന്‍.ഡി.പി യോഗത്തില്‍ കൂടിയേ സമുദായത്തിന് ഗുണമുണ്ടാകൂ.
രാജ്യതാല്‍പര്യത്തിന്റെ പേരില്‍ നാം ജനസംഖ്യാനിയന്ത്രണം പ്രാവര്‍ത്തികമാക്കിയപ്പോള്‍ മറ്റു ചില മതങ്ങള്‍ ഭൂരിപക്ഷമാകുകയും വോട്ട് ബാങ്കായി മാറുകയും ചെയ്തു. ഭരണവും കസേരയും ഉറപ്പാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരും അടവുനയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എച്ച്. സലാം എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ. മോഹനന്‍ അദ്ധ്യക്ഷനായി. ശാഖയിലെ വൈ.എം.എ.യുടെ മുന്‍കാല കലാകാരന്മാരെ അമ്പലപ്പുഴ യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസും മുതിര്‍ന്ന ശാഖാംഗങ്ങളെ യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദനും ആദരിച്ചു. പി.ജി. സൈറസ്, ബി. രഘുനാഥ്, കെ.ഭാസി, എം.ഷീജ, അരുണ്‍ അനിരുദ്ധന്‍, പി. നാരായണന്‍കുട്ടി, പി.ടി. സുമിത്രന്‍, ബീനാജയകുമാര്‍, ബീനാ ഗോപിദാസ്, ബി. മഞ്ജുനാഥ്, മിഥുന്‍രാജ് എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി ടി. പ്രദീപ് സ്വാഗതവും, വൈസ്‌പ്രസിഡന്റ് ബിനിഷ്‌ബോയി നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories