സാമൂഹ്യ നീതിക്കുവേണ്ടി ശബ്ദിക്കുന്ന സമുദായമായി ഈഴവർ മാറണം

ആലപ്പുഴ: സാമൂഹ്യ നീതിക്കുവേണ്ടി ശബ്ദിക്കുന്ന സമുദായമായി ഈഴവർ മാറണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം അമ്പലപ്പുഴ യൂണിയൻ നിർമ്മിച്ച ആസ്ഥാന മന്ദിരമായ എൻ.കെ.നാരായണൻ സ്മാരക മന്ദിരത്തിന്റെ സമർപ്പണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ പുതിയ ആസ്ഥാനമന്ദിരം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ., ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ്, യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍, പ്രസിഡന്റ് പി. ഹരിദാസ്, കിടങ്ങാംപറമ്പ് ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കല്‍ തുടങ്ങിയവര്‍ സമീപം.

ശ്രീനാരായണീയൻ എന്നല്ല, ഈഴവനെന്ന് പറയാനുള്ള ആർജ്ജവമാണ് സമുദായ അംഗങ്ങൾക്ക് ഉണ്ടാവേണ്ടത്. ജനാധിപത്യം മരിച്ചു. മതാധിപത്യമാണ് നടക്കുന്നത്. തൊഴിലുറപ്പു തൊഴിലാളികളായി ഈഴവർ മാറി. സമുദായം സമൂഹത്തിന്റെ മുഖ്യധാരയിൽ എത്താനായി സംഘടിച്ച് ശക്തരാകണം. റബറിന്റെ താങ്ങുവിലെ 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് വോട്ടു ചെയ്യാമെന്ന തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ പ്രസ്താവനയെ തള്ളാനും കൊള്ളാനുമില്ലെന്ന് യോഗം ജനറൽ സെക്രട്ടറി പറഞ്ഞു.

റബർ പോലെ കയർ, കശുഅണ്ടി, കൈത്തറി, കൃഷി മേഖലയിലും ഉത്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കണം.ബിഷപ്പ് പറഞ്ഞത് ഞാനാണ് പറഞ്ഞതെങ്കിൽ ആക്രമിക്കപ്പെടുമായിരുന്നു. വില പേശാനുള്ള ശക്തിയും ഐക്യവും ബിഷപ്പിന്റെ സമുദായത്തിനുണ്ട്. ആ സമുദായത്തിലെ മുഴുവൻ പേരും ബിഷപ്പിനെ പിന്തുണയ്ക്കുന്നുമില്ല.

പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ ടി.കെ.മാധവനെ തമസ്കരിക്കുന്നു. . ഏഴു ജില്ലകളിൽ ഒരു വിദ്യാലയം പോലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഈഴവ സമുദായത്തിനില്ല. സാമൂഹ്യ നീതിക്കായി ശബ്ദിച്ച ഇടതുപക്ഷം ഇപ്പോൾ അടവ് നയമാണ് സ്വീകരിക്കുന്നത്. ദേവസ്വം ബോർഡിൽ ശാന്തി ഉൾപ്പെടെയുള്ള നിയമനങ്ങളിൽ പിന്നാക്ക വിഭാഗങ്ങളെ തഴയുന്നു. കോടതിയെ സമീപിച്ചപ്പോൾ ബോർഡ് പ്രസിഡന്റ് പത്രിക സമർപ്പിക്കാൻ പോലും തയ്യാറായില്ല

എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ ഓഫീസില്‍ 40 വര്‍ഷം സേവനമനുഷ്ഠിച്ച ടി.കെ. പ്രദീപിനെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടന ചടങ്ങില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
മൊമെന്റോ നല്‍കി ആദരിക്കുന്നു

നഗരത്തിൽ അമ്പലപ്പുഴ യൂണിയൻ പുതുതായി ഓഡിറ്റോറിയം നിർമ്മിക്കുകയാണെങ്കിൽ 50 ലക്ഷം രൂപ യോഗം നൽകും. യൂണിയനിലെ ഓരോ ശാഖയും ഒരുസെന്റ് സ്ഥലം വാങ്ങാനുള്ള പണം നൽകി യൂണിയനുമായി ചേർന്ന് ഒരു ഏക്കർ സ്ഥലം സ്വന്തമാക്കി ഓഡിറ്റോറിയം നിർമ്മിക്കണമെന്നും യോഗം ജനറൽ സെക്രട്ടറി പറഞ്ഞു. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കെട്ടിടത്തിലെ മുറികളുടെ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു.

നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി, കിടങ്ങാംപറമ്പ് ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.വി.സാനു, എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത്, യൂണിയൻ കൗൺസിലർമാരായ എം.രാജേഷ്, കെ.ഭാസി, കെ.പി.ബൈജു, വി.ആർ.വിദ്യാധരൻ, പി.ബി.രാജീവ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി.വി.രമേശ്, എൽ. ഷാജി, ബി.ദിനേശൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.വി.വേണുഗോപാൽ, സെക്രട്ടറി വി.രഞ്ജിത്ത്, വനിതാസംഘം പ്രസിഡന്റ് ഡോ. സേതുരവി, സെക്രട്ടറി ജെമിനി, ശ്രീനാരായണ എംപ്ളോയീസ് ഫോറം പ്രസിഡന്റ് കെ.പി.കലേഷ്, സെക്രട്ടറി കെ.കെ.സാബു, വൈദികയോഗം പ്രസിഡന്റ് അനീഷ് ശാന്തി, സെക്രട്ടറി ഷൺമുഖൻ ശാന്തി, പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് ടി.ആർ.ആസാദ്, സെക്രട്ടറി ടി.കെ.ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. നിർമ്മാണ കമ്മിറ്റി അംഗങ്ങളെയും ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി ഉപഹാരം നൽകി ആദരിച്ചു.

Author

Scroll to top
Close
Browse Categories