ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കന്ററി സ്ക്കൂളിൽ സ്നേഹ വീടിന്റെ താക്കോൽ ദാനം
പൂച്ചാക്കൽ: നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും മാറ്റിയില്ലെങ്കിൽ, രണ്ടും മൂന്നും സെന്റുകളിലെ കുടിലുകളിൽ കഴിയുന്നവർക്ക് വീട് പണിയാൻ സാധിക്കുകയില്ലെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കന്ററി സ്ക്കൂളിൽ , വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി സ്മാരകമായി നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകായായിരുന്നു അദ്ദേഹം.
വീട് നിർമ്മിച്ചു നൽകുക എന്നതിൽപ്പരം പുണ്യ പ്രവൃത്തി വേറെയില്ല. ജാതി മത ഭേദമില്ലാതെ അർഹതയുള്ളവർക്കായിരിക്കണം നൽകേണ്ടത്. ഒരു വർഷം ഒരു വീടെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനം നിർമ്മിച്ചു നൽകണം. മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടർ സുരേഷ് കുമാർ അനുഗ്രഹ പ്രഭാഷണം നടത്തി .സ്ക്കൂൾ വാർഷികവും, വിരമിക്കുന്ന അദ്ധ്യാപകരെ പുരസ്ക്കാരം നൽകി ആദരിക്കലും , വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കലുംനടന്നു. സ്ക്കൂൾ മാനേജരും 544-ാം നമ്പർ ശ്രീകണ്ഠേശ്വരം ശാഖ ചെയർമാനുമായ കെ.എൽ. അശോകൻ അദ്ധ്യക്ഷനായിരുന്നു. യോഗം കൗൺസിലർ പി.ടി.മന്മഥൻ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ അ‍്‌മിനിസ്ട്രേറ്റർ ടി. അനിയപ്പൻ മുഖ്യ സന്ദേശം നൽകി. വിരമിക്കുന്ന ഹയർ സെക്കന്ററി പ്രിൻസിപ്പൽ എ.ഡി. വിശ്വനാഥൻ, അദ്ധ്യാപകരായ പി. രജി, ആർ. സുഷമ, വി.ഡി സുരേഷ്, സി.എം. മിനി എന്നിവർക്ക് കെ.എൽ. അശോകൻ പുരസ്ക്കാരങ്ങൾ നൽകി . സ്ക്കൂൾ മുൻ മാനേജർ സി.പി. സുദർശനൻ ,എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ , ബൈജു അറുകുഴി, ശ്രീകണ്ഠേശ്വരം ക്ഷേത്രം പ്രസിഡന്റ് ടി.ഡി. പ്രകാശൻ, ഡോ.വി.ആർ.സുരേഷ്, ഹെഡ് മിസ്ട്രസ് സ്വപ്നാവത്സലൻ, ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ബിബി തോമസ്, പി.ടി.എ.പ്രസിഡന്റ് ബിജുദാസ്, വനിതാ സംഘം യൂണിയൻ സമിതി അംഗം സുജ ജയചന്ദ്രൻ, യൂത്ത് മൂവ്മെന്റ് ജില്ലാ സമിതി അംഗം ശ്യാംകുമാർ, യൂത്ത് മൂവ്മെന്റ് ശാഖ പ്രസിഡന്റ് അരുൺ മോഹൻ,സ്ക്കൂൾ ലീഡർ അമിത് മോഹൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. ചിത്ര നന്ദി പറഞ്ഞു.