കണിച്ചുകുളങ്ങരയില്‍ ദേവീ ഭാഗവത നവാഹയജ്ഞത്തിന് സമാപനം
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ പ്രഥമ ദേവീ ഭാഗവത നവാഹയജ്ഞം അവഭൃഥസ്നാനത്തോടെ സമാപിച്ചു. മണിദീപ പ്രകാശനവും നടന്നു. അവഭൃഥസ്നാന ഘോഷയാത്രയില്‍ നൂറു കണക്കിന് ഭക്തര്‍ പങ്കെടുത്തു. തുടര്‍ന്ന് യജ്ഞപ്രസാദവിതരണവും, ദക്ഷിണസമര്പ്പണവും നടന്നു. നവംബർ 17ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന് തിരി തെളിച്ച് തുടക്കം കുറിച്ച പ്രഥമ നവാഹയജ്ഞത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് എത്തിയത്.
ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന എല്ലാ ഭക്തര്‍ക്കും ദിവസേന നാലുനേരവും ഭക്ഷണം ഒരുക്കിയിരുന്നു. സമൂഹത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ യജ്ഞവേദിയില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികളും അരങ്ങേറി. രമാദേവി തൃപ്പൂണിത്തുറ യജ്ഞാചാര്യയായി നടന്ന യജ്ഞത്തില്‍ കണ്ണന് ഗുരുവായൂര്‍, ബൈജു തിരുവിഴ എന്നിവരായിരുന്നു യജ്ഞ പൗരാണികര്‍. യജ്ഞത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച എല്ലാവര്ക്കും ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന് നന്ദി അറിയിച്ചു.