കോണ്‍ടാക്ട് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സജില്‍ ശ്രീധറിന് മികച്ച തിരക്കഥാകൃത്തിനുളള അവാര്‍ഡ്


തിരുവനന്തപുരം: ചലച്ചിത്ര- ടെലിവിഷന്‍ കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോണ്‍ടാക്ട് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥാകൃത്തിനുളള അവാര്‍ഡ് സജില്‍ ശ്രീധറിന്.
നൂറിലധികം ഹ്രസ്വചിത്രങ്ങളില്‍ നിന്നാണ് സജില്‍ ശ്രീധര്‍ രചിച്ച പുണ്യാഹം മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത്. കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച പുണ്യാഹം എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരമാണിത്.
വിജയകൃഷ്ണന്‍ ചെയര്‍മാനും പ്രമോദ് പയ്യന്നുര്‍, മുഹമ്മദ് ഷാ, റിജോയ് കെ.ജെ, സി.ആര്‍.ചന്ദ്രന്‍, രാജീവ് നാഥ്, എം.എഫ്.തോമസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍മന്ത്രി കടകംപളളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.സത്യന്‍, ഭാരത് ഭവന്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍, പ്രമുഖചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്ണന്‍, കോണ്‍ടാക്ട് പ്രസിഡണ്ട് മുഹമ്മദ് ഷാ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ശ്യാം അരവിന്ദം സംവിധാനം ചെയ്ത പുണ്യാഹത്തിന് ലഭിക്കുന്ന മൂന്നാമത്തെ ബഹുമതിയാണിത്. എ.ടി.ഉമ്മര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനും കുട്ടികളുടെ ചിത്രത്തിനുമുളള പുരസ്‌കാരം ലഭിച്ചിരുന്നു. ജാതിബോധവും ജാത്യാഭിമാനവും വിട്ടൊഴിയാത്ത മനസുകളൂടെ സങ്കുചിത്വത്തെ അതിജീവിച്ച് നിഷ്‌കളങ്ക സൗഹൃദത്തണലില്‍ അഭിരമിക്കുന്ന ബാല്യത്തിന്റെ ചിത്രമാണ് 26 മിനിറ്റ് ദൈര്‍ഘ്യമുളള പുണ്യാഹം. ജാതീയമായ അധീശഭാവം ഭരണാധികാരികള്‍ പോലും പരസ്യമായി പൊതുവേദികളില്‍ പ്രകടിപ്പിക്കുന്ന ഇക്കാലത്ത് ഏറെ പ്രസക്തമാണ് ഈ ചിത്രം.
പ്രശസ്ത നോവലിസ്റ്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സജില്‍ ശ്രീധര്‍ മലയാളത്തിലെ പ്രഥമ ചരിത്ര ടെലിവിഷന്‍ പരമ്പര പാലിയത്തച്ചന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. വിവിധ സാഹിത്യശാഖകളിലായി നാല്‍പ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുളള സജില്‍ ശ്രീധറിന് മലയാറ്റൂര്‍ അവാര്‍ഡ്, എസ്.കെ.പൊറ്റക്കാട് അവാര്‍ഡ്, എം.കെ.സാനു അവാര്‍ഡ്, തിരുനല്ലൂര്‍ കരുണാകരന്‍ അവാര്‍ഡ്, കെ.ദാമോദരന്‍ അവാര്‍ഡ്, വയലാര്‍ സാംസ്‌കാരിക വേദി അവാര്‍ഡ്
തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. യഥാക്രമം ആറാട്ടുപുഴ വേലായുധപണിക്കര്‍, ഡോ.പല്‍പ്പു എന്നിവരുടെ ജീവിതത്തെ അവലംബമാക്കി സജില്‍ ശ്രീധര്‍ രചിച്ച ചരിത്ര നോവലുകളായ അവര്‍ണ്ണനും ആത്മസൗരഭവും യോഗനാദം ദ്വൈവാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്.