ഭരണഘടനാ സംരക്ഷണം കടമ
തിരുവനന്തപുരം: സ്വാതന്ത്ര്യം കിട്ടി ഏഴര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് കേരള നവോത്ഥാന സമിതി പ്രസിഡന്റും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ജാതി വേര്‍തിരിവിന്റെ മതിലുകള്‍ മറി കടക്കണമെന്നും, പുതിയൊരു കാത്തിരിപ്പുണ്ടെന്നും അടിസ്ഥാന ജനതയെ ഓര്‍മ്മപ്പെടുത്തിയ ഡോ. അംബേ ദ് കറുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഭരണഘടന ജീവവായു പോലെ പ്രധാനമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള നവോത്ഥാന സമിതി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളെയും മതവുമായി ബന്ധപ്പെടുത്തി രാജ്യത്തെ വീണ്ടുമൊരു ഭ്രാന്താലയമാക്കുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.
ഈ ഘട്ടത്തിലാണ് ജനുവരി 26ന് ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തില്‍ ഭരണഘടനാ സംരക്ഷണ സമ്മേളനവും മതേതര സംഗമവും സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്താണ് ചെമ്പഴന്തി സംഗമവേദിയാക്കിയത്. കക്ഷിരാഷ്ട്രീയം മറന്ന് ഈ സംഗമത്തിന്റെ ആശയത്തോട് യോജിക്കുന്നവര്‍ പങ്കെടുക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭ്യര്‍ത്ഥിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയി എം.എല്‍.എ., കെ. ശാന്തകുമാരി, കെ.എന്‍.എസ്. സംസ്ഥാന ട്രഷറര്‍ മുന്‍ എം.പി. കെ.സോമപ്രസാദ്, ഡോ. നീലലോഹിതദാസന്‍ നാടാര്‍, ജില്ലാ പ്രസിഡണ്ട് ആലുവിള അജിത്ത്, നേതാക്കളായ രാമചന്ദ്രന്‍ മുല്ലശ്ശേരി, അജി എസ്.ആര്‍.എം., എസ്. ഗോകുല്‍ദാസ്, കെ.എം. ദാസ്, ടി.പി. കുഞ്ഞുമോന്‍, വൈ. ലോറന്‍സ്, പി.എം. വിനോദ്,, സി.എസ്. ചിത്രാദേവി, സുരേഷ് കുന്നത്ത്, ചൊവ്വരസുനില്‍, ആറ്റുകാല്‍ സുഭാഷ്‌ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. രാമഭദ്രന്‍ സ്വാഗതം പറഞ്ഞു.