സമുദായം വോട്ടുകുത്തിയന്ത്രം അല്ല

രാഷ്‌ട്രീയയ പാര്‍ട്ടികള്‍ സങ്കുചിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതു മൂലം കേരളത്തില്‍ ജനാധിപത്യം ഇല്ലാതാകുന്ന അവസ്ഥയാണ്. അര്‍ഹതയുള്ളവരേയും ജനങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയും വോട്ടു നല്‍കി ജയിപ്പിക്കാവുന്ന അവസ്ഥ കേരളത്തില്‍ ഇല്ല. സമുദായത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം രോഗികളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സംഘടനയില്‍ നിന്നുണ്ടാകണം.

പാറശാല യൂണിയന്‍ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാതി ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: സമുദായിക ശക്തികളെ വോട്ടുബാങ്ക് ആക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും ഈഴവ സമുദായം അങ്ങനെ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രമിരുന്നിട്ട് കാര്യമില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

പാറശാല യൂണിയന്‍ ഓഫീസ് ഉദ്ഘാടനവും കുമാരനാശാന്‍ അനുസ്മരണവും നിര്‍ദ്ധന രോഗികള്‍ക്കുള്ള ധനസഹായ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമുദായിക ശക്തി സമാഹരിച്ച് മാത്രമേ സാമൂഹിക നീതിനേടാനാകൂ എന്ന തിരിച്ചറിവ് ഉണ്ടാകണം. സാമുദായിക ശക്തിയിലാണ് കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയത്. ഈഴവ സമുദായവും ശക്തി സമാഹരിച്ച് രാഷ്ട്രീയമായി പ്രവര്‍ത്തിച്ചാലേ സമുദായത്തിന് ശക്തിയും വളര്‍ച്ചയുമുണ്ടാവൂ. മതേതരത്വം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സമുദായങ്ങളെ വോട്ട്ബാങ്കാക്കി വയ്ക്കാനാണ് ശ്രമിക്കുന്നത്.സംഘടനാതലത്തിലും സമുദായമായും നമ്മള്‍ ഒന്നിച്ചു നില്‍ക്കണം .
രാഷ്‌ട്രീയ പാര്‍ട്ടികള്‍ സങ്കുചിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമൂലം കേരളത്തില്‍ ജനാധിപത്യം ഇല്ലാതാകുന്ന അവസ്ഥയാണ്. അര്‍ഹതയുള്ളവരേയും ജനങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയും വോട്ടു നല്‍കി ജയിപ്പിക്കാവുന്ന അവസ്ഥ കേരളത്തില്‍ ഇല്ല. സമുദായത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം രോഗികളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സംഘടനയില്‍ നിന്നുണ്ടാകണം. വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന ചതിയന്മാരെ ഒഴിവാക്കണം. ശാഖകളില്‍ നിന്നും യൂണിയനുകളില്‍ നിന്നുമുള്ള ചെറിയ സഹായങ്ങള്‍ സ്വരൂപിച്ച് വലിയ സഹായനിധിയാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാറശാല യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ജയന്‍ എസ്. ഊരമ്പ് അദ്ധ്യക്ഷത വഹിച്ചു. പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക യൂണിയന്‍ യൂണിയന്‍ പ്രസിഡന്റ് ഡി. പ്രേംരാജ്, കുമാരനാശാന്‍ അനുസ്മരണപ്രഭാഷണം നടത്തി. യൂണിയന്‍ അസിസ്റ്റന്റ് സെക്രട്ടറി ബാഹുലേയന്‍, നെയ്യാറ്റിന്‍കര യൂണിയന്‍ പ്രസിഡന്റ് ആവണി ബി. ശ്രീകണ്ഠന്‍, കോവളം യൂണിയന്‍ സെക്രട്ടറി തോട്ടം പി. കാര്‍ത്തികേയന്‍, കന്യാകുമാരി യൂണിയന്‍ ചെയര്‍മാന്‍ ബാലാജി സിദ്ധാര്‍ത്ഥന്‍, കണ്‍വീനര്‍ ഹിന്ദുസ്ഥാന്‍ ബി. മണികണ്ഠന്‍, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി വി. ബിനുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Author

Scroll to top
Close
Browse Categories