ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ഇപ്പോഴും അയിത്തം

എസ്.എന്‍.ഡി.പി യോഗം ടി.കെ. മാധവന്‍ സ്മാരക മാവേലിക്കര യൂണിയനിലെ 2425-ാം നമ്പര്‍ കല്ലിമേല്‍ ശാഖയില്‍ ഗുരുക്ഷേത്ര സമര്‍പ്പണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ആരാധിക്കാനോ ഭരിക്കാനോ പിന്നാക്കക്കാര്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും അവിടെ ഇന്നും അയിത്തം നിലനില്‍ക്കുന്നുവെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ടി.കെ. മാധവന്‍ സ്മാരക മാവേലിക്കര യൂണിയനിലെ 2425-ാം നമ്പര്‍ ശാഖയില്‍ ഗുരുക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപദേശക സമിതി രൂപീകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവുണ്ടെങ്കിലും ഭരണം സവര്‍ണരില്‍ ഒതുങ്ങി നില്‍ക്കണമെന്ന കീഴ്‌വഴക്കം മാനിക്കണമെന്ന് ബോര്‍ഡ് പറഞ്ഞുവയ്ക്കുന്നു. എം.പി.യായി മത്സരിച്ച് തോറ്റതിന്റെ വിദ്വേഷം പിന്നാക്കക്കാരോട് കാണിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. രാജ്യത്തെ കീഴ്‌വഴക്കങ്ങള്‍ എല്ലാം മാറിയിട്ടും ചെട്ടികുളങ്ങരയില്‍ ഒന്നും മാറുന്നില്ല. ചെട്ടികുളങ്ങരയിലെ തമ്പ്രാക്കള്‍ രാജ്യത്തെ മാറ്റങ്ങള്‍ അറിയുന്നില്ല. ദേവസ്വം ബോര്‍ഡില്‍ ഭരണത്തില്‍ വരുന്ന മുന്നാക്കക്കാരുടെ താത്പര്യമനുസരിച്ചാണ് നിയമനിര്‍മ്മാണങ്ങള്‍. 96 ശതമാനം മുന്നാക്കക്കാരായ ഉദ്യോ ഗസ്ഥരാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നീതി നിഷേധത്തിനെതിരെ കോടതി വരാന്ത കയറി ഇറങ്ങേണ്ട ഗതികേടാണ് പിന്നാക്കക്കാര്‍ക്കുള്ളത്.

മാവേലിക്കര യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ചാരുംമൂട് യൂണിയന്‍ കണ്‍വീനര്‍ ജയകുമാര്‍ പാറപ്പുറത്ത്, മാവേലിക്കര യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ രാജന്‍ ഡ്രീംസ്, വിനുധര്‍മ്മരാജ്, സുരേഷ് പള്ളിക്കല്‍, ഇറവങ്കര വിശ്വനാഥന്‍, സോമന്‍ മൊട്ടയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗുരുക്ഷേത്ര ശില്പികളെ ആദരിക്കലും മുന്‍ഭാരവാഹികളുടെ ഫോട്ടോ അനാച്ഛാദനവും നടന്നു.

Author

Scroll to top
Close
Browse Categories