കായിപ്പുറം വടക്ക് ശാഖയിലെ വാഴകൃഷി മാതൃകയായി
മുഹമ്മ: യോഗം 527-ാം നമ്പര്‍ മുഹമ്മ കായിപ്പുറം വടക്ക് ശാഖയിലെ പ്രവര്‍ത്തകരുടെ വാഴകൃഷി മാതൃകയായി. വാഴയില വിറ്റാല്‍ തന്നെ മുതലും ലാഭവും കൈയ്യിലിരിക്കും. വാഴക്കുലയും പിണ്ടിയും വിറ്റുകിട്ടുന്ന കാശ് മിച്ചം. മൂന്ന്മാസം മുമ്പാണ് ശാഖയുടെ 30 സെന്റ് വസ്തുവില്‍ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന 120ഓളം വാഴവിത്തുകള്‍ നട്ടത്.
തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഭൂമി പാകപ്പെടുത്തിയത്. കെ.ജി. കനകനും പുഷ്പയ്ക്കുമാണ് കൃഷിയുടെ മേല്‍നോട്ടം. എന്നും നന്നായി നനച്ചു കൊടുത്തു. കോഴി വളവും ചാണകവും പച്ചക്കറി വേസ്‌റ്റും ഇട്ടുകൊടുത്തതോടെ വാഴകള്‍ തഴച്ചു വളര്‍ന്നു. ഒരു വാഴയില്‍ നിന്ന് രണ്ടാഴ്ച കൂടുമ്പോള്‍ നാല് തൂശനില കിട്ടും. ഒരിലയ്ക്ക് നാലമുതല്‍ അഞ്ച് രൂപ വരെ ലഭിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ 1600 മുതല്‍ 2000 രൂപ വരെ ഇതുവഴി കൈയില്‍ വരും. തൂശനില മാത്രം മുറക്കുന്നതു കൊണ്ട് വാഴയുടെ വളര്‍ച്ചയെ ബാധിക്കില്ല. പത്തനംതിട്ടയിലെ മല്ലപ്പള്ളി, ചേര്‍ത്തലയിലെ പൊന്നാംവെളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇലയുടെ ആവശ്യക്കാര്‍ കൂടുതലായി എത്തുന്നത്. കൂടാതെ പിണ്ടി, പൂവ് എന്നിവയ്ക്കും നല്ല ഡിമാന്റാണ്. പിണ്ടി അച്ചാറാക്കി വിറ്റാല്‍ അധികലാഭം നേടാന്‍ കഴിയുമെന്നും അടുത്തിടെ അവര്‍ തിരിച്ചറിഞ്ഞു. വാഴത്തട പശുക്കള്‍ക്ക് തീറ്റയാക്കാനും കഴിയും. ഓണക്കാലം ലക്ഷ്യമിട്ട് വാഴയുടെ ഇടവിളയായി വെള്ളരിയും മത്തനും കൃഷി ചെയ്യാനും ശാഖയ്ക്ക് ആലോചനയുണ്ട്.
വാഴകൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. ഇനിയും കൂടുതല്‍ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതായി ശാഖാ സെക്രട്ടറി സി.കെ. മോഹനചന്ദ്രനും പ്രസിഡന്റ് കെ.പി. ബാബുവും പറയുന്നു. ഫോണ്‍: 8921820424.