പ്രാതിനിധ്യ വോട്ടവകാശം അട്ടിമറിക്കാൻ ശ്രമിക്കുന്നത് യോഗത്തെ തകർക്കാൻ
കൊല്ലം: പ്രാതിനിധ്യ വോട്ടവകാശം അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം യോഗത്തെ തകർക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിപറഞ്ഞു. മൂന്നാറിൽ നടന്ന യോഗം കൊല്ലം യൂണിയന്റെ നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ നിലവിൽ 34 ലക്ഷം അംഗങ്ങളുണ്ട്. ഇവരെയെല്ലാം പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ഗോവയിലെ പൊതുതിരഞ്ഞെടുപ്പിന് സമാനമായ തുക വേണ്ടി വരും. എല്ലാ അംഗങ്ങൾക്കും കണക്ക് അച്ചടിച്ച് വിതരണം ചെയ്യാൻ മാത്രം ഏഴ് കോടിയെങ്കിലും ചെലവാകും. തിരഞ്ഞെടുപ്പ് നടപടികൾക്ക് ആകെ 34 കോടിയെങ്കിലും വേണ്ടിവരും. ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ തുടങ്ങിയാൽ യോഗം സാമ്പത്തികമായി തകരും. എല്ലാ സമുദായ സംഘടനകളിലും രാഷ്ട്രീയപാർട്ടികളിലും പ്രാതിനിധ്യ സംവിധാനത്തിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നതും പ്രാതിനിധ്യ വോട്ടിലൂടെയാണ്.
ശാഖകളിലെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരാണ് യോഗം തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നത്. അംഗങ്ങളുടെ എണ്ണം വർദ്ധിച്ചത് അനുസരിച്ച് യോഗം വാർഷിക തിരഞ്ഞെടുപ്പ് പ്രതിനിധികളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. പ്രാതിനിധ്യ വോട്ടവകാശം അട്ടിമറിച്ചാൽ രാഷ്ട്രീയ പാർട്ടികൾ യോഗത്തിൽ പിടിമുറുക്കുന്ന അവസ്ഥയുണ്ടാകും. ഇതോടെ സമുദായത്തിന്റെ അവകാശങ്ങൾക്കായുള്ള ശബ്ദം നിലയ്ക്കും. ശാഖാ യോഗത്തിൽ പോലും പ്രവർത്തിക്കാത്തവരും സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പുറത്താക്കപ്പെട്ടവരുമാണ് ഇപ്പോൾ യോഗം നേതൃത്വത്തെ എതിർക്കുന്നത്- തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗം അനേപ്പിൽ എ.ഡി.രമേശ് സംസാരിച്ചു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദിയും പറഞ്ഞു.