കള്ള പ്രചാരണത്തിലൂടെ യോഗത്തെയും ട്രസ്റ്റിനെയും നശിപ്പിക്കാന്‍ ശ്രമം
ഹരിപ്പാട്: കള്ള പ്രചാരണത്തിലൂടെ എസ്.എന്‍.ഡി.പി യോഗത്തെയും എസ്.എന്‍. ട്രസ്റ്റിനെയും നശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സാമൂഹ്യമാധ്യമങ്ങളെയുള്പ്പെടെ ഇതിനായി ഉപയോഗിക്കുകയാണെന്നും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
നങ്ങ്യാര്‍കുളങ്ങര ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ് ഡ് സ്റ്റഡീസിന്റെ ബഹുനില കെട്ടിടവും നാക്ക് എ ഗ്രേഡ് നേടിയ ടി.കെ മാധവന് മെമ്മോറിയല്‍ കോളേജിനെ ആദരിക്കലും ടി.കെ.എം.എം. കോളേജ്, എസ്.എന്‍.ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഹൈസ്കൂള്‍, ശ്രീനാരായണ സെന്‍ട്രല്‍ സ്കൂള്‍, ശ്രീനാരായണഗുരു കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്ത് ചെയ്താലും എതിര്‍ക്കുന്ന ചില ശക്തികള്‍ ഇന്നും നാട്ടിലുണ്ട്. ഇത്തരം പുഴുക്കുത്തുകള്‍ സമുദായത്തില്‍ കടന്നുകൂടി സ്വയം നശിക്കുകയും ചെയ്യുന്നു. ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ സംഘടനയുടെ ഉയര്‍ച്ചയ്ക്കായി ഒന്നും ചെയ്തിട്ടുള്ളവരല്ല. സംഘടനയെ നശിപ്പിക്കാന്‍ നടക്കുന്ന പലിശരാജാക്കന്മാര് എത്രയോ പാവങ്ങളെയാണ് വഞ്ചിച്ചത്. പാവങ്ങളെ വഞ്ചിച്ച സമ്പത്ത് സമാഹരിച്ച് അതിന് മുകളില്‍ സുഖലോലുപതയോടെ ജീവിക്കുകയാണിവര്‍. ജനങ്ങളെ വഞ്ചിച്ചു കുറച്ചു ദിവസം വീട്ടില്‍ നിന്ന് ഒളിച്ചോടിയെങ്കിലും ഇന്ന് പുണ്യാളന്മാരായി ഇവര്‍ ജീവിക്കുമ്പോള്‍ ഇത് കാണാനും പ്രതികരിക്കാനും ഒരു രാഷ്ട്രീയ കക്ഷിയുമില്ല.
ആര്.ശങ്കറിന് ശേഷം വന്ന ഭരണാധികാരികള്‍ ആരും വിദ്യാഭ്യാസ പുരോഗതിക്കായി ഈഴവന് ഒന്നും നല്‍കിയിട്ടില്ല. എം.എല്‍.എ.യും, എം.പി.യും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഒക്കെ ഉണ്ടായിട്ടും സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന നങ്ങ്യാര്‍കുളങ്ങര ടി.കെ. മാധവന് മെമ്മോറിയല്‍ കോളേജിനു മുന്നിലെ റോഡ് പോലും നന്നാക്കി കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ ഭദ്രദീപം പ്രകാശനം നിര്‍വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് നങ്ങ്യാര്‍കുളങ്ങര ആര്.ഡി.സി. കണ്‍വീനര്‍ കെ. അശോകപ്പണിക്കര്‍ അദ്ധ്യക്ഷനായി. ചെയര്മാന് എസ്.സലികുമാര്‍ സ്വാഗതം പറഞ്ഞു. ഡോ. ജി. ജയദേവന് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ എ. സോമരാജന്, ഇറവങ്കര വിശ്വനാഥന്, ചെങ്ങന്നൂര്‍ സബ് ആര്.ഡി.സി. ചെയര്മാന് ഡോ. എ.വി. ആനന്ദരാജ് എന്നിവര്‍ മുഖ്യസന്ദേശം നല്കി. വിവിധ യൂണിയന് ഭാരവാഹികളായ അഡ്വ. ആര്. രാജേഷ് ചന്ദ്രന്, എന്‍. അശോകന്, വി. ചന്ദ്രദാസ്, പി. പ്രദീപ്ലാല്‍, സുശീലന്, ഡോ. എം.പി. വിജയകുമാര്‍, അനില്‍ പി. ശ്രീരംഗം, ജയകുമാര്‍ പാറപ്പുറത്ത്, ബി. സത്യപാല്‍, ഗോപന് ആഞ്ഞിലിപ്ര, രാജന് ഡ്രീംസ്, പ്രിന്‍സിപ്പല്‍മാരായ ഡോ. പി.പി. ഷര്‍മ്മിള, ഡോ. എം.എസ്. ലത, യു. ജയൻ, എസ്.ബിജി, എ.അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു. സി. സുഭാഷ് നന്ദി പറഞ്ഞു.