യോഗത്തിനൊപ്പം എന്‍.എസ്.എസിനേയും തകര്‍ക്കാന്‍ ശ്രമം

എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയനില്‍ നടന്ന ജയന്തി മഹാസമ്മേളനത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.

ചേര്‍ത്തല: പ്രാതിനിധ്യ വോട്ടവകാശത്തിന്റെ പേരില്‍ എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുലംകുത്തികള്‍ എന്‍.എസ്.എസിനേയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയനില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷ ചടങ്ങില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

യോഗത്തിനെതിരെ കേസിന് നേതൃത്വം കൊടുക്കുന്ന വിദ്യാസാഗര്‍ ഉള്‍പ്പെടെ, 200ന് ഒരാള്‍ക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉന്നയിച്ച് വാര്‍ഷിക പൊതുയോഗത്തില്‍ അജണ്ട വച്ച് തീരുമാനിച്ചാണ് കഴിഞ്ഞ ഇരുപത് കൊല്ലമായി എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ് നടന്നുവരുന്നത്.

ആ നിയമം തെറ്റാണെന്ന് ഇപ്പോള്‍ തെറ്റായി വ്യാഖ്യാനിക്കുന്ന വിദ്യാസാഗര്‍ മകനെ മുന്നില്‍ നിര്‍ത്തി കുറച്ച് സമ്പന്നരെയും കൂട്ടുപിടിച്ച് യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഈ തന്ത്രം തന്നെയാണ് പ്രാതിനിധ്യ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസിനെതിരെയും സ്വീകരിച്ചിരിക്കുന്നത്. ശക്തി സമാഹരണത്തിലൂടെ സാമൂഹ്യനീതി നേടുന്നതിലൂടെ മാത്രമേ ഈഴവ സമുദായത്തിന് വളര്‍ച്ച നേടാനാകൂ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലഘട്ടത്തില്‍ ഈഴവ സമുദായത്തിനുണ്ടായ വളര്‍ച്ചയുടെ ഒരു താരതമ്യ പഠനം നടത്തേണ്ടത് അനിവാര്യമാണ്.

കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാലം നമ്മേ തൂത്തെറിയും. സമരസംഘടനയായ എസ്.എന്‍.ഡി.പി. യോഗം നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടുന്ന പ്രസ്ഥാനമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മന്ത്രി പി. പ്രസാദ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.

Author

Scroll to top
Close
Browse Categories