ജാതി ചിന്ത വര്‍ദ്ധിക്കുന്ന കാലം
കൊച്ചി: ജാതിചിന്ത ഏറ്റവും വര്‍ദ്ധിച്ചു നില്‍ക്കുന്ന കാലഘട്ടമാണിതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖാ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനിച്ച മണ്ണില്‍ ജനസംഖ്യാനുപാതികമായ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക, തൊഴില്‍നീതിക്കുവേണ്ടി ഇന്നും നമ്മള്‍ പോരാടുകയാണ്. അധികാരം കൈപ്പിടിയിലൊതുക്കിയവര്‍ സ്വന്തം ജാതി, മത താത്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിച്ചത്. താന്‍ ജാതി പറയുന്നത് സാമൂഹ്യനീതിക്ക് വേണ്ടിയാണ്.
ഭരണഘടന ഉറപ്പുനല്‍കുന്ന ജാതിസംവരണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആര്‍. ശങ്കറിന്റെ ഭരണകാലത്തിനു ശേഷം ഈഴവ സമുദായത്തിന് അര്‍ഹമായ വിദ്യാലയങ്ങള്‍ ഒന്നും ലഭിച്ചില്ല. ന്യൂനപക്ഷമന്ത്രിമാര്‍ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാരിക്കോരികൊടുത്തു. ജാതിയുടെ പേരില്‍ത്തന്നെയാണ് ശങ്കറെസ്വന്തം പാര്‍ട്ടിക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. ഈഴവരല്ലാത്തവര്‍ ശിവഗിരിതീര്‍ത്ഥാടനത്തിന് പോകാത്തതും ജാതികൊണ്ടുതന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ കണ്‍വീനര്‍ എം.ഡി. അഭിലാഷിന് കോപ്പി നല്‍കി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ ജൂബിലി സുവനീര്‍ പ്രകാശിപ്പിച്ചു. കാളിനാടകം മെഗാ തിരുവാതിര എസ്എന്‍ ട്രസ്റ്റ് അംഗം പ്രീതിനടേശന്‍ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ഉണ്ണികാക്കനാട്, സെക്രട്ടറി പ്രവീണ്‍ കെ.ബി, കെ.എന്‍. രാജന്‍, ഹൈബി ഈഡന്‍ എം.പി., എസ്. സജി തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതതങ്കപ്പന്‍, എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി സി.വി. വിജയന്‍, നിര്‍മ്മല്‍ ആനന്ദ് പി.വി. ബാബു , ലാലന്‍ വിടാക്കുഴ (ആലുവ ഗുരുദീപം പഠനകേന്ദ്രം), വി.ടി. ഹരിദാസ്, വി.ഡി. സുരേഷ്, കൗണ്‍സിലര്‍ സി.സി. വിജു, വനിതാസംഘം യൂണിയന്‍ കണ്‍വീനര്‍ വിദ്യസുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ശാഖാ പ്രസിഡന്റ് ഉണ്ണികാക്കനാട് സ്വാഗതവും വൈസ്‌പ്രസിഡന്റ് കെ. ആര്‍. അശോകന്‍ നന്ദിയും പറഞ്ഞു.