ഗുരു ദര്‍ശനത്തെ വക്രീകരിക്കാന്‍ ഗൂഢശ്രമം
ബംഗളൂരു: ശ്രീനാരായണഗുരു ദര്‍ശനത്തെ വികലമാക്കി ഓരോരുത്തരുടെയും രാഷ്ട്രീയ വളര്‍ച്ചയ്ക്കായി ഉപയോഗിച്ചു തള്ളുന്നവരെ എന്തുവില കൊടുത്തും തടയണമെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ബംഗളൂരു യൂണിയന്റെ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരു ലോകത്തിന് നല്‍കിയ പവിഴമുത്തുക്കളായ മഹിത ദര്‍ശനത്തെ വക്രീകരിച്ച് ദര്‍ശന വസ്തുതകളെ ദുര്‍വ്യാഖ്യാനിച്ചും രൂപമാറ്റം വരുത്തിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. കോടതി വിധികളുടെ അടിസ്ഥാനത്തിലും ജനാധിപത്യക്രമത്തിലും യോഗത്തിന്റെ തിരഞ്ഞെടുപ്പ് വൈകാതെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് എന്‍. ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സത്യന്‍ പുത്തൂര്‍ സംഘടനാസന്ദേശം നല്‍കി. പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍മുണ്ടപ്പള്ളി മുഖ്യപ്രഭാഷണവും യോഗം കൗണ്‍സിലര്‍ ബേബിറാം നേതൃത്വ പ്രഭാഷണവും നടത്തി.
പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍ ആമുഖപ്രഭാഷണം നടത്തി. ബാബു പ്രശാന്ത്, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.