സാമുദായിക ശക്തി സമാഹരിച്ചാലെ സാമൂഹ്യനീതി ലഭിക്കൂ
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരവും അനുകരണീയവുമാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ശ്രീ വെള്ളാപ്പള്ളി നടേശൻ കാരുണ്യ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടന യോഗത്തിൽ അനുഗ്രഹ പ്രഭാഷണവും യൂണിയൻ കർമ്മ പദ്ധതി പത്രിക പ്രകാശന കർമ്മവും കണിച്ചുകുളങ്ങര വെള്ളാപ്പള്ളി ഭവനത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്നവരുടെ സമസ്ത പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുമാരനാശാനും ഗുരുവും നൽകിയ ദർശനങ്ങളുടെ പ്രവാചകനായ താൻ അവർ ഇരുന്ന കസേരയുടെ കാവൽക്കാരൻ മാത്രമാണ്.
കാലഘട്ടത്തിനനുസരിച്ച് ചിന്തയും ഭാവനയും ശൈലിയും സ്വീകരിച്ചില്ലെങ്കിൽ നാം പിന്നോക്കം പോകും. എസ്.എൻ.ഡി.പി യോഗം സമരസംഘടനയാണ്.ആത്മീയവും ഭൗതീകവുമായ പുരോഗതിക്ക് വേണ്ടിയാണ് ഗുരുദേവൻ ശിവഗിരി മഠവും എസ്.എൻ.ഡി.പി യോഗവും രൂപീകരിച്ചത്. കാലാനുസൃതമായി ആചാര അനുഷ്ഠാനങ്ങളിൽ മാറ്റം വരണം. മതേതരം പറയുന്ന നാട്ടിൽ ഇന്ന് ഭയാനകമായ രീതിയിൽ വർഗീയത വളരുന്നു. ഇതിനെതിരെ പ്രതികരിക്കാൻ ആരും തയ്യാറാകുന്നില്ല. സാമുദായിക ശക്തി സമാഹരിച്ചാലെ സാമൂഹ്യനീതി ലഭിക്കുകയുള്ളുവെന്നും യോഗം ജനറൽ സെക്രട്ടറി പറഞ്ഞു. ശ്രീവെള്ളാപ്പള്ളി നടേശൻ കാരുണ്യ പദ്ധതിയുടെ രണ്ടാംഘട്ടം എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.എസ്. എൻ. ബാബു, യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ, എസ്.ദേവരാജന്‍,
സുരേഷ് എം.പി, മോഹനന്‍ കൊഴുവല്ലൂര്‍, അനില്‍ കണ്ണാടി, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍ സെക്രട്ടറി റീന അനില്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് ദേവദാസ് രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷോണ്‍ മോഹന്‍, സെക്രട്ടറി രാഹുല്‍ രാജ്, വൈദികയോഗം യൂണിയന്‍ ചെയര്‍മാന്‍ സൈജു പി.സോമന്‍, കണ്‍വീനര്‍ ജയദേവന്‍ കെ.വി, ധര്‍മ്മസേന യൂണിയന്‍ കോഓർഡിനേറ്റര്‍ വിജിന്‍ രാജ്, സൈബര്‍ സേന യൂണിയന്‍ ചെയര്‍മാന്‍ പ്രദീപ് ചെങ്ങന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേർന്നു. യൂണിയന്‍ കൺവീനർ അനിൽ പി. ശ്രീരംഗം സ്വാഗതവും അഡ്. കമ്മിറ്റി അംഗം കെ.ആര്‍.മോഹനന്‍ കൃതജ്ഞതയും പറഞ്ഞു.