യോഗസാരഥ്യ രജതജൂബിലി:
കണയന്നൂര്‍ യൂണിയനില്‍
ആഘോഷമായി സ്വീകരണച്ചടങ്ങ്
കൊച്ചി: എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ ആസ്ഥാനത്ത് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിലും വിദ്യാഭ്യാസ പുരസ്‌കാര വിതരണത്തിലും മൈക്രോഫിനാന്‍സ് വായ്പാ വിതരണ ചടങ്ങിലും ഉത്സവ പ്രതീതിനിറഞ്ഞു നിന്നു.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എസ്.എസ്.എല്‍.സി., പ്‌ളസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 422 വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് പുരസ്‌കാരവും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. ഒന്നര മണിക്കൂറോളം നീണ്ടു ഈ ചടങ്ങ്. 66 ശാഖകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യോഗം ജനറല്‍ സെക്രട്ടറിയുടെ കാല്‍തൊട്ട് അനുഗ്രഹവും തേടി.
പാര്‍വതി കുട്ടപ്പന്റെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച ചടങ്ങില്‍ പ്രീതിനടേശന്‍ ഭദ്രദീപം കൊളുത്തി.
മൈക്രോഫിനാന്‍സ് സ്വയംസഹായ സംഘങ്ങള്‍ക്കുള്ള 1.08 കോടി വായ്പയുടെ ചെക്ക് ധനലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് രാജേഷ് പുരുഷോത്തമനും പാലാരിവട്ടം ബ്രാഞ്ച് മാനേജര്‍ ആര്‍. രമേഷും ചേര്‍ന്ന് ജനറല്‍ സെക്രട്ടറിക്ക് കൈമാറി. തുടര്‍ന്ന് യൂണിയന്‍ ഭാരവാഹികള്‍ ചേര്‍ന്ന് സ്വര്‍ണമാലയും ഭീമന്‍ പുഷ്പഹാരവും വെള്ളാപ്പള്ളി നടേശനെ അണിയിച്ചു.
യൂണിയനിലെ 66 ശാഖകള്‍ പൊന്നാട ചാര്‍ത്തിയും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ ടി.കെ. പത്മനാഭന്‍, കെ.പി. ശിവദാസ്, കെ.കെ. മാധവന്‍, എല്‍. സന്തോഷ്, ടി. എം. വിജയകുമാര്‍, യൂത്ത്മൂവ്മെന്റ് യൂണിയന്‍ പ്രസിഡന്റ് വിനോദ് വേണുഗോപാല്‍, വനിതാസംഘം ചെയര്‍പേഴ്സണ്‍ ഭാമപത്മനാഭന്‍, മൈക്രോഫിനാന്‍സ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഗീത ദിനേശന്‍, സൈബര്‍ സേന ചെയര്‍മാന്‍ മനോജ്, ബിന്ദു, വൈദിക യോഗം പ്രസിഡന്റ് ശ്രീകുമാര്‍ശാന്തി, എംപ്ലോയീസ് ഫോറം സെക്രട്ടറി പി. മുരളീധരന്‍, പെന്‍ഷനേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. രാജന്‍ ബാനര്‍ജി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.