മതാധിപത്യം കൊടികുത്തി വാഴുന്നു

എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ ശാഖാ നേതാക്കള്‍ക്കായി സംഘടിപ്പിച്ച ‘ഉണര്‍വ് 2022’ നേതൃത്വക്യാമ്പിന്റെഉദ്ഘാടന ചടങ്ങിനിടെ യോഗനേതൃത്വരജതജൂബിലി ആഘോഷത്തിന്റെ ഭാഗമായിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ 25കിലോയുടെ കേക്ക് മുറിക്കുന്നു

പാലാ: ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് ഇന്ന് മതാധിപത്യം കൊടികുത്തി വാഴുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈ സാമൂഹ്യ അന്തരീക്ഷം അതീവ ആപത്ക്കരമാണ്. ഗുരുവിനെ മുന്‍നിറുത്തി ചിലര്‍ ഈഴവ സമൂഹത്തെ ജാതി പറയാന്‍ പാടില്ലാത്ത സമുദായമാക്കി മാറ്റി. അവര്‍ക്ക് മറ്റു ചില ലക്ഷ്യങ്ങളാണ് ഉള്ളത്.
എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ ശാഖാ നേതാക്കള്‍ക്കായി സംഘടിപ്പിച്ച ‘ഉണര്‍വ്വ് 2022’ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചില രാഷ്ട്രീയ മോഹികള്‍ സമുദായത്തില്‍ കയറിക്കൂടിയിട്ടുണ്ട്. സമുദായത്തെ ഏണിപ്പടിയാക്കി അവരുടെ സ്വാര്‍ത്ഥമോഹങ്ങള്‍ നേടിയെടുക്കുന്നതിനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ചിലര്‍ അപവാദം പ്രചരിപ്പിച്ചും നുണ പറഞ്ഞും യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. എസ്.എന്‍.ഡി.പി യോഗം ശ്രീനാരായണഗുരുദേവന്‍ സൃഷ്ടിച്ച സംഘടനയാണ്. ആര്‍ക്കും ഇതിനെ തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ല. ഇത്തരക്കാര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. സംഘടനയില്‍ ഒരു സ്ഥാനത്തിരിക്കുമ്പോള്‍ ഹീറോയാണ്. പക്ഷേ താഴെയിറങ്ങുമ്പോള്‍ സീറോയായി പോകുമെന്ന് എല്ലാവരും ചിന്തിക്കണം-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ എം.ബി. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗവും ആനുകാലിക വിഷയങ്ങളും എന്ന വിഷയത്തില്‍ യോഗം കൗണ്‍സിലര്‍ പി.ടി മന്മഥനും സംഘടനാ വിഷയങ്ങളെപ്പറ്റി കോട്ടയം യൂണിയന്‍ വൈസ്പ്രസിഡന്റ് വി.എം. ശശിയും ക്ലാസ് നയിച്ചു.

സൈബര്‍സേന സംസ്ഥാന ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍, മീനച്ചില്‍ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ എം.ആര്‍. ഉല്ലാസ്, രാമപുരം സി.റ്റി. രാജന്‍, അരുണ്‍ കുളംപള്ളില്‍, വി.കെ. ഗിരീഷ്‌കുമാര്‍, വനിതാസംഘം നേതാക്കളായ മിനര്‍വ മോഹന്‍, സോളിഷാജി, യൂത്ത്മൂവ്മെന്റ് ചെയര്‍മാന്‍ അനീഷ് ഇരട്ടയാനി, വൈദിക യോഗം പ്രസിഡന്റ് സാബുശാന്തി, സൈബര്‍സേന ചെയര്‍മാന്‍ ആത്മജന്‍ കെ., എംപ്ലോയീസ് ഫോറം ചെയര്‍മാന്‍ കെ.ആര്‍. രാജന്‍, പെന്‍ഷനേഴ്സ് ഫോറം ചെയര്‍മാന്‍ സതീഷ് എം.ജി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിയന്‍ കണ്‍വീനര്‍ എം.പി. സെന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ലാലിറ്റ് എസ്. തകിടിയേല്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories