ജനമനസ്സറിഞ്ഞ നേതാവ് : പെരുമ്പടവം
ആലപ്പുഴ: ഹിമവൽസാനുക്കളോളം ഉയരത്തിൽജനമനസറിഞ്ഞ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം, എസ്.എൻ.ട്രസ്റ്റ് നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന സാമൂഹ്യക്ഷേമപദ്ധതികളുടെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനാദിയായ ധവളപ്രകാശം ഹൃദയത്തുടിപ്പുകളിലുള്ളതിനാലാണ് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ വെള്ളാപ്പള്ളിക്ക് കഴിയുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവൃത്തികളും കേരളത്തിന്റെ ചിന്താധാരയെ മാറ്റിമറിച്ചു. ഇതാണ് അധികാര കസേരയിൽ ഇരിക്കുന്നവർ കേരളത്തിന്റെ മനസറിയാൻ കണിച്ചുകുളങ്ങരയിലേക്ക് ഓടിയെത്തുന്നത്. മലയാളത്തിലെ മികച്ച സാംസ്കാരിക പ്രസിദ്ധീകരണമായി യോഗനാദത്തെ മാറ്റണമെന്നും നവഎഴുത്തുകാർക്ക് അവസരംനൽകാനും സാംസ്കാരിക അവബോധം വളർത്താനും നിർണായക പങ്ക് യോഗനാദം വഹിക്കണമെന്നും പെരുമ്പടവം പറഞ്ഞു.
ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ യൂണിയൻ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് ലോഗോ പ്രകാശനം നടന്നത്. യൂണിയൻ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ലീഗൽ അഡ്വൈസർ അഡ്വ. എ.
എൻ. രാജൻബാബു ഉദ്ഘാടനം ചെയ്തു. യോഗം വൈസ്പ്രസിഡന്റ് തുഷാർവെള്ളാപ്പള്ളി അദ്ധ്യക്ഷനായിരുന്നു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കൗൺസിലർമാരായ എ.ജി. തങ്കപ്പൻ, പി.ടി. മന്മഥൻ, ബേബിറാം, ഇ.എസ്. ഷീബ, പി.എസ്.എൻ.ബാബു, സന്ദീപ് പച്ചയിൽ, പ്രസന്നൻ ഇരിങ്ങാലക്കുട, പി.സുന്ദരൻ എന്നിവർ സംസാരിച്ചു.