ആത്മീയ പുരോഗതിക്കൊപ്പം ഭക്തര്‍ക്കായി ക്ഷേമപദ്ധതികളും നടപ്പാക്കണം
ചേര്‍ത്തല : ആത്മീയ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഭക്തര്‍ക്കായി ക്ഷേമപദ്ധതികളും ആരാധനാലയങ്ങള്‍ നടപ്പാക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിലെ ശ്രീകോവില്‍ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ ആത്മീയമായ വളര്‍ച്ചയ്ക്ക് ഒപ്പം ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ത്താനുള്ള ഉത്തരവാദിത്വവും ക്ഷേത്രങ്ങള്‍ ഏറ്റെടുക്കണം. ക്ഷേത്ര വരുമാനത്തിന്റെ ഒരു ഭാഗം ഇതിനായി വിനിയോഗിക്കണം. ഭഗവാന് വിശപ്പില്ല, എന്നാല്‍ ഭക്തര്‍ക്ക് വിശപ്പുണ്ട്. വിശക്കുന്ന ഭക്തനെ കൈപിടിച്ചുയര്‍ത്തണം. ഭജനയും പ്രാര്‍ത്ഥനയും ആത്മീയ വളര്‍ച്ചക്കാവശ്യമാണെങ്കിലും ഇതുകൊണ്ടു മാത്രം വയറു നിറയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങള്‍ പാലിക്കപ്പെടുന്നതോടൊപ്പം അനാചാരങ്ങള്‍ ഉപേക്ഷിക്കണം. മതസൗഹാര്‍ദ്ദത്തിന് പേരെടുത്ത കണ്ടമംഗലം ക്ഷേത്രത്തില്‍, ജാതിക്കും മതത്തിനും അതീതമായി വിശ്വാസികളായ എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ വിലക്കില്ലെന്ന് എഴുതിവയ്ക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാന്‍ എന്‍. രാമദാസ് അദ്ധ്യക്ഷനായി. തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ബാബു ദീപപ്രകാശനം നിര്‍വഹിച്ചു. . കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍.എസ്. ശിവപ്രസാദ്, കടക്കരപ്പള്ളി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സതി അനില്‍കുമാര്‍, കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി. ഗഗാറിന്‍, ആചാര്യന്‍ സുനില്‍പള്ളിക്കല്‍, എന്‍.എന്‍. സജിമോന്‍, ആര്‍. പൊന്നപ്പന്‍, സലിം ഗ്രീന്‍വാലി, കെ. ഷാജി, വി.കെ. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സജേഷ് നന്ദ്യാട്ട് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
വൈകീട്ട് നടന്ന യതിപൂജയില്‍ വിവിധ സന്യാസ മഠങ്ങളില്‍ നിന്നുള്ള 12 സന്യാസിമാരെ പൂജിച്ചു.