അവകാശ പ്രഖ്യാപന കാഹളം
മുഴക്കി മഹാറാലി
അവകാശ നിഷേധത്തിനെതിരെ യുവജന മുന്നേറ്റത്തിന്റെ കാഹളം മുഴക്കി എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ അണിനിരന്ന മഹാറാലി ആലപ്പുഴ നഗരത്തെ പീതസാഗരത്തിലാക്കി. യൂത്ത്മൂവ്‌മെന്റ് ജില്ലാ സമ്മേളനം ‘യോഗജ്വാല’യ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തില്‍ ജില്ലയിലെ 12 യൂണിയനുകളില്‍ നിന്നെത്തിയ അരലക്ഷത്തോളം പ്രവര്‍ത്തകര്‍ ആവേശത്തോടെ പീതപതാകകളുമേന്തി മുദ്രാവാക്യം വിളിയോടെ പങ്കെടുത്തു.
ഓരോ ശാഖയില്‍ നിന്നും നൂറുകണ ക്കിന് പുരുഷ-വനിതാ പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ യൂണിയന്‍ തലങ്ങളില്‍ സംഘടിച്ച് ഒന്നായി പീതസാഗരത്തിലേയ്ക്ക് അണി ചേര്‍ന്നു. യൂത്ത്മൂവ്‌മെന്റ് സംസ്ഥാനത്ത് 14ജില്ലകളിലും നടത്തുന്ന ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചത് പോരാട്ട സ്മരണകളുടെ മണ്ണായ ആലപ്പുഴയില്‍ നിന്നാണ്. സാമൂഹ്യനീതിയുടെ രാഷ്ട്രീയപാഠം പകര്‍ന്നു നല്‍കിയ സി.കേശവന്റെ സ്മരണകള്‍ ഇരമ്പുന്ന കിടങ്ങാംപറമ്പ് മൈതാനത്ത് നിന്ന് ആരംഭിച്ച പ്രകടനം കിടങ്ങാംപറമ്പ് സ്റ്റാച്ച്യു, ജില്ലാ കോടതിപ്പാലം, വൈ.എം.സി.എ, പിച്ചു അയ്യര്‍ ജംഗ്ഷന്‍, ഇരുമ്പുപാലം വഴിയാണ് സമ്മേളന നഗരിയായ ടൗണ്‍ ഹാളില്‍ എത്തിയത്. ചെണ്ടമേളം,തെയ്യം,ഗരുഡന്‍ പയറ്റ് ,നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ ജാഥയ്ക്ക് കൊഴുപ്പേകി.
മുന്‍നിരയില്‍ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പച്ചയില്‍ സന്ദീപ്, സെക്രട്ടറി രാജേഷ് നെടുമങ്ങാട്, മറ്റ് ഭാരവാഹികളായ ശ്രീജിത്ത് നേമം, രഞ്ജിത്ത് രവീന്ദ്രന്‍ കൊല്ലം,സജീഷ് മണലേല്‍ കോട്ടയം, സബീന്‍ വര്‍ക്കല, അനില്‍ കണ്ണാടി, അരുണ്‍ അശോക്, സന്തോഷ് മാധവന്‍ ഇടുക്കി, സംസ്ഥാന സമിതി അംഗങ്ങളായ കെ.എം.മണിലാല്‍, വിഷ്ണു കായംകുളം എന്നിവരും സൈബര്‍സേനയുടെ കരുത്തരായ ഭാരവാഹികളും അണിനിരന്നു. ഇതിന് പിന്നിലായി കണിച്ചുകുളങ്ങര, ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കുട്ടനാട് സൗത്ത്, ചേപ്പാട്, കാര്‍ത്തികപ്പള്ളി, ചാരൂംമൂട്, മാന്നാര്‍, മാവേലിക്കര, കായംകുളം, ചെങ്ങന്നൂര്‍ യൂണിയനുകളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകര്‍ അതാത് യൂണിയന്റെ ബാനറിനു പിന്നിലായി അണിനിരന്നു. എല്ലാ യൂണിയനുകളിലെയും യൂണിയന്‍ ഭാരവാഹികളും യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളും യോഗജ്വാലയ്ക്ക് നേതൃത്വം നല്‍കി.