അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയിലൂടെയേ സ്വാതന്ത്ര്യം കൈവരിക്കാനാകൂ
കരുനാഗപ്പള്ളി: അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയിലൂടെ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കരുനാഗപ്പള്ളി യൂണിയനില്‍ സംഘടിപ്പിച്ച ഖാദി ഓണം ജില്ലാ വിപണന മേളയില്‍ ആദ്യ വില്പന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ അടിസ്ഥാന വര്‍ഗ്ഗത്തെ തഴയുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമുദായശക്തി സമാഹരണത്തിലൂടെ മാത്രമേ സാമൂഹ്യനീതി കൈവരിക്കാന്‍ കഴിയൂ. ഇതിനുവേണ്ടിയുള്ള പോരാട്ടമാണ് എസ്.എന്‍.ഡി.പി യോഗം നടത്തുന്നത്. ഈഴവ സമുദായത്തില്‍ നിന്നും ദാരിദ്ര്യം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് യോഗം മൈക്രോഫിനാന്‍സ് പദ്ധതി നടപ്പാക്കിയത്.
ഇതിന്റെ യഥാര്‍ത്ഥ ഗുണഫലം സമുദായത്തിലെ എല്ലാ മേഖലയിലും എത്തിക്കഴിഞ്ഞു. താഴേത്തട്ടില്‍ ജീവിക്കുന്നവര്‍ക്കായി നിയമനിര്‍മ്മാണം നടക്കുന്നില്ല. സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും സംഘടിത സമുദായങ്ങള്‍ തട്ടിയെടുക്കുകയാണ്. ഖാദി ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.
ആദ്യ തുണിത്തരങ്ങള്‍ വെള്ളാപ്പള്ളി നടേശനില്‍ നിന്ന് കരുനാഗപ്പള്ളി യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്. ശോഭനന്‍ ഏറ്റുവാങ്ങി. ഓണം വിപണന മേളയുടെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിച്ചു. സി. ആര്‍. മഹേഷ് എം.എല്‍.എ. അദ്ധ്യക്ഷനായി. സമ്മാനകൂപ്പണുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജുവും ഖാദി ഉത്പന്നങ്ങളുടെ ആദ്യ വില്പന താലൂക്ക് ജമാഅത്ത് യൂണിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടിയും സില്‍ക്ക് വസ്ത്രങ്ങളുടെ ആദ്യ വില്പന ഫാ. ജിനു ജേക്കബും നിര്‍വഹിച്ചു.
നഗരസഭാ കൗണ്‍സിലര്‍ രമ്യ സുനില്‍, എസ്.എന്‍.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍, ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കരിങ്ങന്നൂര്‍ മുരളി, ടി.എസ്.എസ്. കരുനാഗപ്പള്ളി മാനേജര്‍ രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ് സ്വാഗതവും മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സി. സുധാകരന്‍ നന്ദിയും പറഞ്ഞു