സാമൂഹ്യനീതി നേടാന്‍
പുത്തന്‍ മുദ്രാവാക്യങ്ങള്‍ അനിവാര്യം

കണിച്ചുകുളങ്ങര യൂണിയനിലെ പുത്തനമ്പലം മേഖലാ സമ്മേളനം മായിത്തറ 549-ാം നമ്പര്‍ ശാഖ ഓഡിറ്റോറിയത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കാലഘട്ടത്തിനനുസരിച്ച് പുത്തന്‍ ആവശ്യങ്ങളും മുദ്രാവാക്യങ്ങളും സ്വീകരിച്ച് മുന്നേറിയാല്‍ മാത്രമേ സാമൂഹിക നീതി നേടാനാകൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയനിലെ പുത്തനമ്പലം മേഖലാ സമ്മേളനം മായിത്തറ 549-ാം നമ്പര്‍ ശാഖ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംവരണത്തിന്റെ പേരില്‍ കബളിപ്പിക്കലും അവഗണനയുമാണ് നടക്കുന്നത്. അധികാരത്തില്‍ പങ്കാളിത്തം ഇല്ലാത്തതാണ് ഈ അവഗണനയ്ക്ക് കാരണം. സാമ്പത്തിക സര്‍വേ എടുത്താല്‍ ഭൂരിപക്ഷ സമുദായമായ ഈഴവരാണ് ഏറ്റവും പിന്നില്‍. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷമായിട്ടും സാമൂഹ്യ,സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളില്‍ കരുത്താര്‍ജ്ജിക്കാന്‍ സമുദായത്തിന് കഴിഞ്ഞിട്ടില്ല.

മറ്റ് സമുദായങ്ങളുടെ 50 വര്‍ഷം മുമ്പുള്ള അവസ്ഥയും ഇന്നത്തെ അവസ്ഥയും വിലയിരുത്തണം. യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സമുദായദ്രോഹികളായാണ് കാണേണ്ടത്. കുമാരനാശാനെതിരെ വരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ആ പരമ്പര ഇന്നും യോഗനേതൃത്വത്തെ വിടാതെ പിന്തുടരുകയാണ്. കുലംകുത്തികളില്‍ നിന്ന് സമുദായത്തെ രക്ഷിക്കാന്‍ അംഗങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി.മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി.യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ.ധനേശന്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ കെ.കെ. പുരുഷോത്തമന്‍,യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി ഷിബു പുതുക്കാട്, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് മോളി ഭദ്രസേനന്‍,സെക്രട്ടറി പ്രസന്ന ചിദംബരന്‍,യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ.സി.സുനീത്ബാബു, വി.ആര്‍.ഷൈജു, ഗംഗാധരന്‍ മാമ്പൊഴി,സിബി നടേശ്,കെ.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. പുത്തനമ്പലം മേഖലയിലെ 15 ശാഖകളിലെ ഭാരവാഹികളും കുടുംബ യൂണീറ്റ്, യൂത്ത്മൂവ്‌മെന്റ്,വനിതാസംഘം,മൈക്രോ ഫിനാന്‍സ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. ധന്യ സാരഥ്യത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജനറല്‍ സെക്രട്ടറിക്ക് മുഴുവന്‍ ശാഖാ ഭാരവാഹികളും സ്വീകരണം നല്‍കി.മായിത്തറ 549-ാം നമ്പര്‍ ശാഖയിലെ ചെയര്‍മാന്‍ ശിവപ്രസാദും, കണ്‍വീനര്‍ ബാബുവും ജനറല്‍ സെക്രട്ടറിക്ക് പ്രത്യേക മെമോന്റോയും നല്‍കി.യൂണിയന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എസ്.എന്‍.ബാബു സ്വാഗതവും യൂണിയന്‍ കൗണ്‍സിലര്‍ കെ.സോമന്‍ നന്ദിയും പറഞ്ഞു

Author

Scroll to top
Close
Browse Categories