വിഴിഞ്ഞം സമരം കണ്ടുപഠിക്കണം

തൃപ്പൂണിത്തുറ എസ്.എന്‍. ജംഗ്ഷനില്‍ പുനര്‍നിര്‍മ്മിച്ച ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിന്റെ സമര്‍പ്പണം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചപ്പോൾ

തൃപ്പൂണിത്തുറ: ഐക്യമില്ലാത്ത ഈഴവ സമുദായം ക്രൈസ്തവ സഭകളെ കണ്ട് പഠിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തൃപ്പൂണിത്തുറ എസ്.എന്‍. ജംഗ്ഷനില്‍ പുനര്‍നിര്‍മ്മിച്ച ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞത്ത് ക്രൈസ്തവ പുരോഹിതര്‍ ളോഹയിട്ടാണ് മത്സ്യതൊഴിലാളികളുടെ സമരഭൂമിയില്‍ നേതൃത്വം നല്‍കുന്നത്, സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കുന്നത്. സന്യാസിമാരായിരുന്നെങ്കില്‍ മതേതരത്വം പറഞ്ഞിരിക്കും. മതേതരത്വം ഈഴവര്‍ക്ക് മാത്രമേയുള്ളു. മറ്റുള്ളവര്‍ക്കില്ല.

ഈഴവരും ക്രൈസ്തവരും മുസ്ലീങ്ങളും ചേര്‍ന്നാണ് അവസരസമത്വത്തിനായി നിവര്‍ത്തന പ്രക്ഷോഭം നടത്തിയത്. പിന്നീട് ക്രൈസ്തവരും മുസ്ലീങ്ങളും സ്വസമുദായ നേട്ടത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അതിന്റെ നേട്ടം അവര്‍ക്കുണ്ടായി.

എറണാകുളം ജില്ലയില്‍ ഈഴവ സമുദായത്തിന് ഒരു എയ് ഡ ഡ് കോളേജ് പോലും സ്ഥാപിക്കാന്‍ കഴിയാത്തപ്പോള്‍ മറ്റു ചിലര്‍ 17 കോളേജുകൾ വരെ സ്വന്തമാക്കി. ചോദിച്ച് വാങ്ങാന്‍ കിട്ടുന്ന കാലത്തുപോലും ഈഴവ നേതാക്കള്‍ക്ക് അത് സാധിച്ചില്ല.

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് സ്ഥിതിസമത്വം കൊണ്ടുവരാനായില്ലെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നു സമ്മതിച്ചു. പാവപ്പെട്ടവനും പിന്നാക്കക്കാരനും ഇപ്പോഴും എവിടെക്കിടക്കുന്നുവെന്നതിന്റെ സാക്ഷ്യമാണ് ഈ പ്രസംഗം. അസമത്വം മാറ്റിയെടുക്കാന്‍ അടുത്ത 25 വര്‍ഷം കൊണ്ട് സാധിക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്.

അവസരങ്ങളും അധികാരങ്ങളും പിടിച്ചുവാങ്ങാന്‍ ഇനിയെങ്കിലും കഴിഞ്ഞില്ലെങ്കില്‍ സമുദായത്തിന് രക്ഷയില്ല. അംഗങ്ങളുടെ തലയെണ്ണിയാണ് മറ്റു സമുദായങ്ങള്‍ കാര്യങ്ങള്‍ നേടിയെടുക്കുന്നത്. ഇത്രയും പേരുണ്ടായിട്ടും ഈഴവന് സമുദായചിന്തയില്ല.

പേരു നോക്കിയല്ല, ചിഹ്നം നോക്കിയാണ് അവര്‍ വോട്ടു ചെയ്യുന്നത്. മറ്റുള്ളവര്‍ സ്വന്തം ആളെ ജയിപ്പിക്കാന്‍ നോക്കും. അതുകൊണ്ട് തന്നെ ഈഴവ സമുദായത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഗൗനിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

യോഗത്തില്‍ എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു എം.എല്‍.എയും തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍മാന്‍ രമസന്തോഷും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. ചീഫ് കോഓര്‍ഡിനേറ്റര്‍ അഡ്വ. പി. രാജന്‍ ബാനര്‍ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. പ്രദീപ് കുമാർ യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ എല്‍. സന്തോഷ്, ടി.കെ. പത്മനാഭന്‍, ടി.എം. വിജയകുമാര്‍, കെ.പി. ശിവദാസ്, കെ.കെ. മാധവന്‍, വിവിധ ശാഖാ ഭാരവാഹികളായ ഇ.എന്‍. മണിയപ്പന്‍, ഇ.എസ്. ഷിബു, എസ്. ഗോപാലകൃഷ്ണന്‍, ഡി. ജിനുരാജ്, സനില്‍ പൈങ്ങാടന്‍, ടി.എസ്. സുനില്‍, കെ.കെ. പ്രസാദ്, ടി.എസ്. ഷൈന്‍കുമാര്‍, വി.വി. ഭദ്രന്‍, പി.കെ. ശശിധരന്‍, ടി.കെ. സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് വിനോദ് വേണുഗോപാല്‍, സെക്രട്ടറി ശ്രീജിത്ത്ശ്രീധര്‍, ഭാമപത്മനാഭന്‍, വിദ്യസുധീഷ് എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ കണ്‍വീനര്‍ എം.ഡി. അഭിലാഷ് സ്വാഗതവും, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ എം.ആര്‍. സത്യന്‍ നന്ദിയും പറഞ്ഞു.

ഗുരുമണ്ഡപത്തിന് സ്ഥലവും വിഗ്രഹവും സമര്‍പ്പിച്ച ചെട്ടുപറമ്പില്‍ മല്ലിക കരുണാകരന്‍, സജീവ് സി.കെ, ചാണയില്‍ സി.ജി. ശ്രീകുമാര്‍ എന്നിവരെയും മണ്ഡപ ശില്പി രാജിവ് മാധവന്‍ ആചാരിയെയും ജനറല്‍ സെക്രട്ടറി ആദരിച്ചു.

Author

Scroll to top
Close
Browse Categories