യോഗത്തെ തകര്‍ക്കാന്‍
നവമാധ്യമങ്ങള്‍ വഴി ദുഷ്പ്രചാരണം
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചിലര്‍ നവമാധ്യമങ്ങള്‍ വഴി ദുഷ്പ്രചാരണം നടത്തുന്നുണ്ടെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മേയ് 28ന് ആലപ്പുഴയില്‍ നടക്കുന്ന യൂത്ത് മൂവ്മെന്റ് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന് പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി എഴുതുന്ന നവമാദ്ധ്യമ പ്രവര്‍ത്തകര്‍ സ്വന്തം സമുദായത്തിലെ നേതാക്കള്‍ നടത്തുന്ന ദുഷ്ചെയ്തികള്‍ എഴുതാന്‍ തയ്യാറുണ്ടോ. 65വയസ് കഴിഞ്ഞപ്പോള്‍ യോഗത്തില്‍ അംഗത്വം എടുത്തവര്‍ സ്വന്തം മക്കളെ അംഗങ്ങളാക്കിയിട്ടുണ്ടോ എന്ന് സമൂഹത്തോട് പറയണം. തമിഴ് നാട്ടില്‍ 700കോടിയിലധികം രൂപയുടെ ആസ്തിയുള്ള വിദ്യാലയം തട്ടിയെടുത്തവരില്‍ നിന്ന് മോചിപ്പിക്കാന്‍ യൂത്ത് മൂവ്മെന്റ് പ്രത്യക്ഷസമരം നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. പ്രാതിനിധ്യ വോട്ടവകാശം വേണ്ടെന്നുവാദിക്കുന്നവര് യോഗത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. 33ലക്ഷം അംഗങ്ങളുടെ വോട്ടിംഗിന് ഒരാള്‍ക്ക് 100രൂപ കണക്കാക്കിയാല്‍ ചുരുങ്ങിയത് 33കോടി രൂപ ചെലവഴിക്കേണ്ടിവരും. യോഗത്തെ തകര്‍ക്കാനുള്ള വെല്ലുവിളിയെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കണം.
കിടങ്ങാംപറമ്പ് ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന് പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.ഡി.രമേശന് ആമുഖപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയില്‍, സംസ്ഥാന സമിതി അംഗം സന്തോഷ് മാധവന്, യോഗം ബോര്‍ഡ് അംഗങ്ങളായ പി.വി.സാനു, എ.കെ.രംഗരാജന്, കെ.പി.പരീക്ഷിത്ത് എന്നിവര്‍ സംസാരിച്ചു. യൂണിയന് സെക്രട്ടറി കെ.എന്‍.പ്രേമാനന്ദന് സ്വാഗതവും വൈസ് പ്രസിഡന്റ് ബി.രഘുനാഥ് നന്ദിയും പറഞ്ഞു.
യൂണിയന് കൗണ്‍സില്‍ അംഗങ്ങളായ എം.രാജേഷ്, കെ.പി.ബൈജു, പി.ബി.രാജീവ്, വി.ആര്.വിദ്യാധരന് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ദിനേശന് ഭാവന, എല്‍. ഷാജി യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വേണുഗോപാല്‍ സെക്രട്ടറി രഞ്ജിത്, വനിതാ സംഘം വൈസ് പ്രസിഡന്റ് ജമിനി, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ശോഭന അശോക് കുമാര്‍, ശ്രീനാരായണ എംപ്ളോയീസ് ഫോറം സെക്രട്ടറി സാബു, ശ്രീനാരായണ പെന്‍ഷനേഴ്സ് ഫോറം ഭാരവാഹികളായ ടി.ആര്.ആസാദ്, ദിലീപ് ,ശ്രീനാരായണ വൈദിക സമിതിഭാരവാഹികളായ അനീഷ് ശാന്തി, ഷണ്മുഖന് ശാന്തി എന്നിവര്‍ പങ്കെടുത്തു.