യതിപൂജ:
ആക്ഷേപം അടിസ്ഥാനരഹിതം;
ധര്‍മ്മസംഘം ട്രസ്റ്റ്
കര്‍ശന നടപടി സ്വീകരിക്കണം
പൊതുസമൂഹത്തിലും എസ്.എന്‍.ഡി.പി യോഗത്തിലും ആശയക്കുഴപ്പമുണ്ടാക്കുന്നതിന് അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിക്കുന്നവര്‍ക്കെതിരെ ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ബോര്‍ഡ് ആവശ്യപ്പെട്ടു. ധര്‍മ്മസംഘം ട്രസ്റ്റിന്റെ മെമ്പറായ സ്വാമി ജ്ഞാനതീർത്ഥ സഹോദര സംഘടനയുടെ നേതാക്കളെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചത് പൊറുക്കാനാകാത്ത തെറ്റാണ്. ശിവഗിരി മഠം ആവശ്യമായ വിശദീകരണം നല്കിയിട്ടുണ്ടെങ്കില് പോലും കര്‍ശന നടപടി ആവശ്യമാണ്.
എസ്എന്‍ഡിപി യോഗം എന്ന മഹാ പ്രസ്ഥാനവും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റും ഗുരുവിന്റെ തൃക്കരങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടസംഘടനകളാണ്. കഴിഞ്ഞ 25 വര്‍ഷക്കാലം എസ്എന്‍ഡിപി യോഗം എന്ന മഹാ പ്രസ്ഥാനത്തെ നയിക്കുന്ന ശ്രീ വെള്ളാപ്പള്ളി നടേശനെതിരെ ധര്‍മ്മസംഘം ട്രസ്റ്റിലെ അംഗമായ ഒരു സന്യാസി മ്ളേച്ഛമായ രീതിയില്‍ മറ്റാരുടെയോ പിണിയാളായി പൊതുവേദിയില്‍ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങളുന്നയിച്ചു. ശിവഗിരി സന്യാസി വര്യന്മാരെ ഗുരുവിന്റെ പ്രതി പുരുഷന്മാരായാണ് സമൂഹം വീക്ഷിക്കുന്നത്. ശിവഗിരിയില്‍ നടന്ന യതി പൂജയില്‍ 41 ദിവസവും പങ്കെടുത്തത് എസ്എന്‍ഡിപി സമൂഹമായിരുന്നു. നാല് കോടി 65 ലക്ഷം രൂപ നേര്‍ച്ചയായി ലഭിക്കുകയും ചെയ്തു. ശിവഗിരി മഠത്തിന്റെ അറിവോടുകൂടി ട്രഷറര്‍ സംപൂജ്യ സ്വാമി ശാരദാനന്ദ ഉള്‍പ്പെടെ ഒപ്പിട്ട ചെക്കുകള്‍ മുഖാന്തരം മാത്രമാണ് മുഴുവന്‍ ചെലവും നടത്തിയിട്ടുള്ളത്.പലിശ സഹിതം ബാക്കി വന്ന രണ്ടു കോടി അഞ്ചു ലക്ഷം രൂപ ഇതിന്റെ കണ്‍വീനറായിരുന്ന യോഗം കൗണ്‍സിലര്‍ പി. സുന്ദരന്റെയും ട്രഷററായിരുന്ന സംപൂജ്യ സ്വാമി ശാരദാനന്ദയുടേയുംപേരില് ബാങ്കില്‍ നിക്ഷേപിച്ചു. പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിവെച്ച അന്നദാന ഹാള്‍ ആധുനികരീതിയില്‍ നവീകരിക്കുന്നതിനാണ് ഈ തുക ബാങ്കില്‍ നിക്ഷേപിച്ചത്. കണക്കു പാസാക്കിയ കമ്മിറ്റിയില്‍ തന്നെ ഉണ്ടായ തീരുമാനപ്രകാരമാണ് തുക ബാങ്കില്‍ നിക്ഷേപിച്ചത്. ബാക്കി വന്ന ഭീമമായ തുക സു രക്ഷിതമായി ബാങ്കില്‍ ഇരിക്കുമ്പോള്‍ അതേക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തി മറ്റാരുടെയോ ചട്ടുകമായി നാക്ക് വാടക കൊടുത്തു പ്രവര്‍ത്തിച്ചതാണെന്ന് ഏവര്‍ക്കും ബോദ്ധ്യമുണ്ടെന്ന് യോഗം ബോര്‍ഡ് ചൂണ്ടിക്കാട്ടി.