പുസ്തകം തരുന്ന തിരിച്ചറിവ്
കേരളത്തിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായ മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ സേതു സ്വന്തം സാഹിത്യജീവിതത്തേയും സമകാലീന സംഭവ വികാസങ്ങളേയും വിലയിരുത്തുന്നു
ജീവിതത്തിന്റെ ഈ അവസ്ഥയില്‍,ദശയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് സംതൃപ്തിയുണ്ട്. വേറിട്ട വഴികളില്‍ കൂടി സഞ്ചരിക്കാനും എന്നും സ്വയം നവീകരിക്കാനും ആവുന്ന രീതിയില്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എന്റെ മാത്രം പരാജയമാണ്.
അടിസ്ഥാനപരമായി എന്തെഴുതിക്കഴിഞ്ഞാലും എഴുതിക്കഴിയുന്നതോടെ അത് വായനക്കാരന്റെ, പൊതുസമൂഹത്തിന്റെ ഭാഗമായി മാറുകയാണ്. തുഞ്ചത്തെഴുച്ഛനെകുറിച്ച് പറയുകയാണെങ്കില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്റെ ‘കൈമുദ്രകള്‍’ എന്ന നോവലിന്റെ കൈയെഴുത്ത് പ്രതി മാതൃഭൂമി പത്രാധിപര്‍ എം.ടി. വാസുദേവന്‍നായര്‍ക്ക് കിട്ടിയപ്പോള്‍, അദ്ദേഹം പറഞ്ഞു ഇതിന്റെ ആദ്യത്തെ അദ്ധ്യായം തുഞ്ചന്‍പറമ്പില്‍ കാഞ്ഞിരത്തിന്റെ ചുവട്ടിൽ വായിക്കുന്നത് നന്നായിരിക്കുമെന്ന്. അങ്ങനെ അവിടെ പോയി വായിച്ചു. അപ്പോഴാണ് ആ പുണ്യഭൂമിയില്‍ ആദ്യമായി കയറുന്നത്. പിന്നീട് തുഞ്ചന്‍ മഹോത്സവത്തില്‍ പല തവണ പോയിട്ടുണ്ട്. തുച്ഛത്തെഴുച്ഛന്‍ മലയാളിക്ക് എങ്ങനെയാണ് ഭാഷാ പിതാവാകുന്നത്? സാധാരണക്കാരന് കൂടി വായിക്കാവുന്ന കിളിപ്പാട്ട് രൂപത്തിലുള്ള രാമായണം അദ്ദേഹം രചിച്ചു. അത് മാത്രമല്ല ,ലിപി പരിഷ്‌കരണം. ഇന്ന് പലര്‍ക്കും അറിയാത്ത കാര്യം.വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ മലയാളം ലിപി പരിഷ്‌കരിച്ച് ഇന്ന് കാണുന്ന ലിപിയുണ്ടാക്കി അതിന്റെ പ്രചാരത്തിനായി പഴയ കൊച്ചി, മലബാര്‍, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ അദ്ദേഹം ചുറ്റിയടിച്ചു.അഞ്ഞുറ് കൊല്ലം മുമ്പ്.ഭാഷയുടെ പേരില്‍ ഇത്രയധികം തര്‍ക്കങ്ങള്‍ നടക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ അത്ഭുതകരമായ സേവനത്തെ നമ്മള്‍ എങ്ങനെയാണ് വിലയിരുത്തേണ്ടത്?
ഈ അവാര്‍ഡ് ഞാന്‍ സമര്‍പ്പിക്കുന്നത് എന്റെ അമ്മയ്ക്കും ഞങ്ങളുടെ നാട്ടിലെ ജനകീയ വായനശാലയ്ക്കും കൂടിയാണ്. കാരണം പഴയ കാലത്ത്, ഞങ്ങളുടെ നാട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ മുമ്പില്‍ പുസ്തകങ്ങളും വാരികകളും വായിക്കുന്ന അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്.
പുസ്തകങ്ങളെന്താണ്? ഭാവിയില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഇതേപ്പറ്റി ഒരു രൂപം വളരെ ചെറിയ പ്രായത്തില്‍ തന്നെ കിട്ടി. നാട്ടിലെ വായനശാലകളില്‍ അമ്മ അംഗമായിരുന്നു. അമ്മ അവിടെ നിന്ന് പുസ്തകങ്ങള്‍ എടുത്തുകൊണ്ടു വന്നു. അതൊക്കെ ഞാന്‍ വായിച്ചു.
ലോക ക്ളാസിക്കുകളുടേയും ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യങ്ങളുടെയും പരിഭാഷയില്‍ നിന്ന് കിട്ടിയ ഉള്‍ക്കരുത്ത്, ആത്മബലം അത് ചെറുതൊന്നുമല്ല. ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നത് ആ ലോകമാണ്. വളരെ ചെറിയ പ്രായത്തില്‍ ഒരു ജോലിക്കായി വടക്കേ ഇന്ത്യയില്‍ പോകാനുള്ള ധൈര്യം തന്നത് പണ്ടുകാലത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞ ആ അടിത്തറയാണ് .പുസ്തകം തരുന്ന തിരിച്ചറിവ്, അത് വലിയ കാര്യമാണ്. ജീവിതത്തില്‍ എന്തെങ്കിലും ആകാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള ഒരേ ഒരു കാര്യം ഈ പുസ്തകങ്ങളാണ്.
ഒരു കാലത്ത് ഞങ്ങളുടെ നാടായ ചേന്ദമംഗലത്ത് നാലു മതക്കാര്‍ ഒന്നിച്ചു ജീവിച്ചിരുന്നു. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍, ജൂതന്‍മാര്‍. ഞങ്ങള്‍ കുട്ടികള്‍ക്ക് ഇത് ഏതു മതമാണ്, ജാതിയാണ് എന്ന് തിരിച്ചറിവില്ല. അതിനെപ്പറ്റി ആലോചിച്ചിരുന്നില്ല. അവരൊക്കെ കൂട്ടുകാരാണ്. ഉറ്റവരാണ്. ഞങ്ങളുടെ ഉത്സവങ്ങള്‍ അവരുടെ ഉത്സവങ്ങളാണ്. അവരുടെ പെരുന്നാളുകള്‍ ഞങ്ങളുടെ പെരുന്നാളുകളാണ്. ഇന്ന് മതേതരത്വം അല്ലെങ്കില്‍ സഹിഷ്ണുത യ്ക്കായി നമുക്ക് സെമിനാര്‍ നടത്തേണ്ടി വരുന്നു. അക്കാലത്ത് ഇതൊക്കെ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായിരുന്നു.
ജൂതന്മാരുടെ ചരിത്രം, അവരുടെ വരവ്, പോക്ക് അതൊക്കെ ‘മറുവരവിലു’ണ്ട്. ‘ആലുവയി’ലുണ്ട്. ഞാന്‍ എട്ടിലോ, ഒമ്പതിലോ പഠിക്കുന്ന കാലത്താണ് ജൂതന്‍മാര്‍ തിരിച്ചുപോകുന്നത്. അന്ന് ഞങ്ങള്‍ക്കറിയില്ല. ഇവര്‍ എവിടെ നിന്ന് വന്നു. എവിടേക്ക് പോകുന്നതെന്ന്? അവരെയൊക്കെ കെട്ടിപ്പിടിച്ച് കരഞ്ഞത് എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. ഞാന്‍ അത് ഒരു നോവല്‍ രൂപത്തിലെഴുതി. വളരെയധികം സ്വീകരിക്കപ്പെട്ടു. ജയ് പൂരില്‍ നടന്ന ഫെസ്റ്റിവലില്‍ ആ പ്രമേയത്തെക്കുറിച്ച് ചര്‍ച്ചയുമുണ്ടായി.
ഇന്ന് നമുക്ക് മതേതരത്വം എന്നു പറയുന്നതിനെ കുറിച്ച് സെമിനാര്‍ നടത്തേണ്ടി വരുന്നു. അത് ഇന്ന് ജീവിതത്തിന്റെ ഭാഗമല്ല. അധികാര കേന്ദ്രങ്ങളും അപ്രഖ്യാപിത അധികാരകേന്ദ്രങ്ങളും ഓരോ നിയന്ത്രണങ്ങള്‍, പരിമിതി കൊണ്ടുവരുന്നു. ഈ മാറ്റം ചെറിയ മാറ്റമല്ല. ഭാവി തലമുറ ഇതിനെ എങ്ങനെ കാണാന്‍ പോകുന്നു. 50 കൊല്ലങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ കണ്ട ലോകമല്ല ഇത്. ഇനി എന്റെ പേരക്കുട്ടികള്‍ കാണുന്നത് ഏത് ലോകമായിരിക്കും. ഈ ചിന്ത എന്നെ എപ്പോഴും അലട്ടാറുണ്ട്.
ഭാഷകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചിലത് പറയേണ്ടിയിരിക്കുന്നു. വാസ്തവത്തില്‍ ലോകത്ത് ആറായിരം ഭാഷകള്‍ ഉണ്ടെന്നാണ് പറയുന്നത്. അതിന്റെ പകുതിയും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അവസാനിച്ചിരിക്കുമെന്നാണ് ഭാഷാ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.
എന്റെ സുഹൃത്തായ ഡോ. ഗണേശ്, അദ്ദേഹം പൂനയിലെ ഭാഷാ ശാസ്ത്രജ്ഞനാണ്. അദ്ദേഹം ഒരുപാട് ഗവേഷണം നടത്തിയിട്ടുണ്ട്. പല പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നത് ഇന്ത്യയില്‍ 197 ഭാഷകള്‍ മിക്കവാറും അസ്തമിക്കാറായിട്ടുണ്ടെന്നാണ്. അപകടഭീഷണി നേരിടുന്ന ഭാഷകളെക്കുറിച്ച് യുനസ്‌കോ ഒരു ലിസ്റ്റ് പുറത്തിറക്കാറുണ്ട്. 197 ഭാഷകളില്‍ വളരെയധികം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ഇന്ത്യയുടെ തൊട്ടുതാഴെ അമേരിക്കയാണ്, അവിടെ 191 ഭാഷ അപകടഭീഷണി നേരിടുന്നു. വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നത്. വലിയ ഭാഷകള്‍ ചെറിയ ഭാഷകളെ അടിച്ചമര്‍ത്തുന്നു. റഷ്യയായാലും ചൈനയായാലും സ്ഥിതി ഒന്നു തന്നെ. കച്ചവട താല്പര്യങ്ങള്‍, ടൂറിസം എന്നിവയൊക്കെ കാരണങ്ങളാണ്.എന്തുകൊണ്ട് ഭാഷയ്ക്ക് അപകടം സംഭവിക്കുന്നു? പിന്‍തലമുറയ്ക്ക് ആവശ്യമില്ലാത്തത് തന്നെ കാരണം. അവർ വേറെ ഭാഷയിലേക്ക് ,കൂടുതല്‍ സൗന്ദര്യമുള്ള ഭാഷയിലേക്ക് പോകുന്നു. അഞ്ചാറ് കൊല്ലം മുമ്പ് ആന്തമാനില്‍ ഒരാള്‍ മരിച്ചപ്പോള്‍ ഒരു ഭാഷ മരിച്ചു. നേപ്പാള്‍ അതിര്‍ത്തിയില്‍ ജനങ്ങള്‍ പറഞ്ഞിരുന്ന മാച്ചി എന്ന ഭാഷയാണ് ഇല്ലാതായത്.
എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? കാരണം 22 ഭാഷകള്‍ മാത്രമേ ഭരണഘടനയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളു. ഇന്ത്യയില്‍ നിലവിലുള്ള അറുന്നൂറോളം ഭാഷകളില്‍ മുന്നൂറോളം നോര്‍ത്ത് ഈസ്റ്റിലാണ്. ഈ ഭാഷകള്‍ക്കൊക്കെ സംസ്‌കാരമുണ്ട്. അവരുടേതായ സാഹിത്യമുണ്ട്. സംഗീതമുണ്ട്, വൃത്തമുണ്ട്, മഹത്തായ പാരമ്പര്യം ഉണ്ട്. ഈ ഭാഷകളെ അടിച്ചമര്‍ത്തിക്കഴിഞ്ഞാല്‍ സംഭവിക്കുന്നത് ആ നാട്ടറിവുകളും സംസ്‌കാരിക മൂല്യങ്ങളും ഇല്ലാതാകും. ഞാന്‍ പറഞ്ഞുവരുന്നത് ഇന്ത്യയില്‍ തന്നെ ഹിന്ദിയുടെ മേല്‍ക്കോയ്മയാണ്. 2011ലെ സെന്‍സസ് അനുസരിച്ച് ഹിന്ദി കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയാണ്. എന്നാല്‍ ഡോ. ഗണേശ് പറയുന്നത് ഭോജ് പൂരി തുടങ്ങിയ ഭാഷകള്‍ ചേര്‍ന്നതാണ് ആകണക്കെന്നാണ്. കഷ്ടിച്ച് 30 ശതമാനം പേര്‍ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. 70 ശതമാനം മറ്റ് ഭാഷ സംസാരിക്കുന്നവരാണ്. ഇതൊരു വലിയ അവകാശവാദമാണ്. റഷ്യയിലും ചൈനയിലും നടക്കുന്ന പോലെ ഇവിടേയും അടിച്ചമര്‍ത്തലാണ്. ഇവിടെ പുതിയ വിദ്യാഭ്യാസ നയം തിരുകിക്കയറ്റാന്‍ നോക്കി. തമിഴ്‌നാട് എതിര്‍ത്തത് കൊണ്ട് അത് നടന്നില്ല. പക്ഷേ ഇതൊക്കെ ഭാവിയിലേക്കുള്ള ഭീഷണിയാണ്. അരനൂറ്റാണ്ട് കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്നു അറിയില്ല. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ രാഷ്ട്രവിശാരദ് എടുത്തിരുന്നു .ഹിന്ദി എഴുതാനും വായിക്കാനും അത്യാവശ്യം സംസാരിക്കാനും പ്രസംഗിക്കാനും കഴിയും.
നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ പലയിടത്തും ഹിന്ദിയില്‍ പ്രസംഗിച്ചിട്ടുണ്ട്. പക്ഷേ ഹിന്ദി സ്വീകരിക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ അതിനെ എതിര്‍ക്കും. കാരണം ഹിന്ദി രാജ്യഭാഷയല്ല. ഓരോ ഭാഷയ്ക്കും ഓരോ സംസ്‌കാരമുണ്ട്.
(കൊച്ചിയിൽ എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിച്ച് നടത്തിയപ്രഭാഷണത്തിൽ നിന്ന്)