കര്മ്മപ്രകാശ
ദീപ്തിയുടെ മഹാമണ്ഡലം
ഗുരുവിന്റെ സര്ഗ്ഗസിദ്ധികളെ എസ്. രമേശന്‍നായര്‍ ഏറെ ഹൃദ്യമായി
‘ഗുരു പൗര്‍ണമി’യില്‍ പകര്‍ത്തിയിരിക്കുന്നു.ഗുരുദേവ
കൃതികളിലൂടെല്ലാം ഗുരു ലക്ഷ്യം വെച്ച പരമാര്ത്ഥങ്ങളെക്കൂടി കവി
എടുത്തുകാട്ടിയിരിക്കുന്നു.കുമാരനാശാനെന്ന മഹാപ്രതിഭയെ
മലയാളത്തിന് സമ്മാനിച്ച ഗുരുവിന്റെ ദീര്‍ഘദര്‍ശനവും ഇവിടെ സൂചിതമാവുന്നുണ്ട്.
ഗുരുവിന്റെ പുണ്യ ജന്മ മഹത്വങ്ങളിലൂടെയാണ് ‘ജന്മപത്രിക’ എന്ന ഭാഗംസഞ്ചരിക്കുന്നത്.ചെമ്പഴന്തി ഗ്രാമത്തിന്റെ പുണ്യമായി ആ ജന്മത്തെ കവി കുറിക്കുന്നു. അതുകൊണ്ടുതന്നെ ചെമ്പഴന്തിവിശ്വവിശ്രുതമായി.അമേയമായ ആത്മീയപരിവേഷത്തെ ആവഹിക്കുന്ന ആ ജന്മപ്രകൃതത്തിന്റെ അത്യത്ഭുതകരമായ വ്യക്തി സാദ്ധ്യതകളെ കൂലംകഷമായി ജന്മപത്രികയില്‍ അവലോകനം ചെയ്യുന്നു. ഭാരതീയവേദങ്ങളും ഉപനിഷത്തുകളും ഭഗവത്ഗീതയും ഉദ്ഘോഷിക്കുന്ന കര്‍മ്മയോഗത്തെ സാധൂകരിക്കുന്ന ഗുരുജന്മത്തിന്റെ നിഗൂഢയാഥാര്ത്ഥ്യങ്ങളെ ഈ ഖണ്ഡത്തില്‍ ദീര്‍ഘദര്‍ശനം ചെയ്തിരിക്കുന്നു. ഗുരുദേവ വീക്ഷണത്തിലെ ജാതി ചിന്തയുടെ നിരര്‍ത്ഥകതയെ അദ്ദേഹത്തിന്റെ തന്നെആത്മഭാവങ്ങളില് ഇവിടെ വിശകലനവിധേയമാക്കിയിരിക്കുന്നു.ഗുരുജന്മം തന്നെ ദൈവികപരിവേഷമാര്ന്ന സത്യമായിരുന്നു എന്ന കാഴ്ചപ്പാടിലേക്ക് സഹൃദയമാനസത്തെ കൊണ്ടെത്തിച്ചിരിക്കുന്നു.
‘ഇരുള് മായാന്‍ തുടങ്ങുന്നു-
ണ്ടിതള്മൊട്ടു വിടര്‍ന്നപോല്‍
കിഴക്കിന് ചില്ലയില്പ്പൂക്കും
തുടുപ്പായ് സുപ്രഭാതവും
അക്ഷയപ്രഭനാദിത്യന്
സ്വക്ഷേത്രസ്ഥിതനല്ലയോ?
ആരുംകൊളുത്താതെ കത്തും
വിളക്കേ,യാദ്യവന്ദനം.’
എത്രപ്രതിരൂപാത്മകവും ചിന്താബന്ധുരവും അതേസമയം ഏറ്റവുംലളിതവുമായി കര്‍മ്മയോഗിയായ ഒരാത്മീയ ജ്യോതിസിന്റെ ആവിര്‍ഭാവത്തെ ചിത്രീകരിച്ചിരിക്കുന്നത് എന്ന് നോക്കുക.ഇവിടെ കിഴക്കിന് ചില്ല പൗരസ്ത്യദേശമാകമാനമെന്ന അര്‍ത്ഥതലം സിദ്ധിക്കുന്നു. ‘ആരുംകൊളുത്താതെ കത്തും’ എന്നപ്രയോഗത്തിന്റെ അര്‍ത്ഥവ്യാപ്തി സ്വയഭൂവായ ദൈവികതയിലേക്കും നവോത്ഥാനവിളക്കായിതീര്ന്ന ഗുരുവിലേക്കുമാണ് ചെന്നുനില്ക്കുന്നത്. ഗുരുവിനെ അദ്ദേഹത്തിന്റെ കര്മ്മപ്രകാശ ദീപ്തിയുടെമഹാമണ്ഡലത്തിലേക്ക് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഗുരുവിന്റെ അതിബ്രഹത്തായ ജീവിതതത്വദര്ശനങ്ങളുടെ അതിലളിതമായ ക്രോഡീകരണം കൂടി ഇവിടെ കാണാം.അദ്ദേഹത്തില്ജന്മനാതന്നെയുണ്ടായിരുന്ന സന്യാസത്തിന്റെ പ്രകൃതങ്ങളേയും മനുഷ്യത്വാവബോധത്തേയും തന്നെ അലോസരപ്പെടുത്തിയ അനീതികളുടെ പ്രാകൃതമുഖങ്ങളേയുമെല്ലാം ഈ കാവ്യഭാഗത്തെ ജന്മപത്രികയാക്കുന്നു.
തന്റെ കര്‍മ്മകാണ്ഡം ആരംഭിക്കുംമുമ്പെ അതിനുള്ള ആത്മദൃഢതയ്ക്കായി ഏകാന്തമായ ധ്യാനമനനങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുകയാണ് ‘ധ്യാനയാത്ര’യില്‍. സഹജാതരുടെ അന്ധകാരത്തെമാറ്റാന് വിധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ,അതിനായി കാലവും കാത്തുനില്ക്കുന്നുവെങ്കില്
‘അതിന്മേലില്ലപോല് മാറ്റം
അസാദ്ധ്യം നീക്കുപോക്കുകള്‍.
അതേയോഗ,മതേ ലക്ഷ്യം
അതു നീയേറ്റുവാങ്ങുക.’
എന്നിപ്രകാരം ഗുരുതന്റെ നവോത്ഥാന ജൈത്രയാത്രയ്ക്ക് മുന്നോടിയായി ശരീരത്തേയും മനസ്സിനേയും സജ്ജമാക്കാന്‍ പുറപ്പടുന്ന അവസരത്തെ സൂചിപ്പിച്ചിരിക്കുന്നു. എല്ലാം ത്യജിച്ച് ബന്ധങ്ങളും ബന്ധനങ്ങളും അറുത്ത് മുറിച്ച് തന്റെ ജന്മ നിയോഗ സാക്ഷാത്കാരത്തിന് പുറപ്പെടുന്ന ഗുരുവിന്റെ ചിത്രമാണ് ഈ ഭാഗത്ത് നമ്മള്‍കാണുന്നത്.
ഗുരുദേവന്റെമഹാമനസ്ക്കത’ഉന്മീലനം’എന്നഭാഗത്ത്ഇതള്വിരിക്കുന്നു.ഗുരുവിലെ വിസ്ഫോടനാത്മകമായ വ്യക്തിപ്രഭാവ വികരണം എന്ന അര്‍ത്ഥത്തിലാണ് ഈ ഭാഗത്തിന് ഉന്മീലനം എന്ന പേര് നല്‍കിയിരിക്കുന്നത്. ഗുരുവില്‍ നിരന്തരം വര്‍ത്തിച്ചിരുന്ന ഉപനിഷദ് ബോധം എത്രമാത്രമായിരുന്നു എന്ന് ഈ ഭാഗം വിളിച്ചറിയിക്കുന്നു. ഗുരുവിന്റെ മഹനീയമായ മാനവ ചിന്തകളെ അദ്ദേഹത്തിന്റെ തന്നെ ധാര്‍മ്മിക ബോധത്തിന്റെയും വ്യാഖ്യാനാതീതമായ കാരുണ്യത്തിന്റെയും അടിസ്ഥാനത്തില്‍ വ്യവഹരിച്ചുകൊണ്ട് പരിവര്ത്തനോന്മുഖമായ ഗുരു ചിന്തകളെ കവി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
‘പഴമക്കാര്പഴിക്കട്ടെ
പണ്ടേശീലം തുടര്‍ന്നവര്‍
പുത്തന്‍ തലമുറക്കാരേ
പുതുലോകംചമയ്ക്കുവിന്.
പത്തൊന്‍പതാം നുറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇത്തരമൊരു ചിന്താഗതി ഒരു വ്യക്തിയിലുണ്ടായതിന്റെ ഫലമാണ് ഇന്ന് കേരളത്തില്‍ കാണുന്ന സര്‍വ്വ പരിവര്‍ത്തനത്തിനും അടിസ്ഥാനം .ഈകാവ്യഭാഗത്ത് ഗുരുവിന്റെ ജാതിവ്യവസ്ഥിതിക്കെതിരെയുള്ള കാഴ്ചപ്പാടുകളും അനാചാരക്കൂരിരുട്ടിനെതിരെയുള്ള വിശ്വാസ പ്രമാണങ്ങളും സ്മരിക്കപ്പെടുന്നു. സാമൂഹ്യനന്മയെ പുരസ്കരിച്ചുള്ള ഗുരുചിന്തകളുടെ ഒരു സമാഹരണം തന്നെയാണീ ഭാഗം.
‘ഞാനൊരാള് നീയൊരാള്‍ മറ്റു-
ള്ളവരൊക്കെയുമന്യരായ്
ഹാ,നിനയ്ക്കായ്ക നാമെല്ലാ-
മൊരശ്വത്ഥത്തളിര്പ്പുകള്!’
എന്ന ഗുരുതത്വവിചാരത്തോടെയാണ് ഈ കാവ്യഖണ്ഡം അവസാനിക്കുന്നത്.
മരുത്വാമലയിലെ അതികഠിന തപസ്സിലൂടെ ദേവപഥത്തിലെത്തിനില്കുന്ന ഗുരുവിന്റെ സമുന്നതപ്രഭാവവും അഖിലമാനവ സ്നേഹവും വിവരിക്കുകമാത്രമല്ല നവോത്ഥാനത്തിന്റെ പൊന്‍ പ്രകാശമായി അദ്ദേഹത്തെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. മാതാവും പിതാവും ഗുരുവും ഏകത്ര സമ്മേളിക്കുന്ന ആത്മശരീരക്ഷേത്രമായുള്ള കവിയുടെ ഗുരു സങ്കല്പം ഗുരുവിലെഉദാത്തമായ ബ്രഹ്മതത്വത്തെയാണ് വിളംബരം ചെയ്തിരിക്കുന്നത്.
മരുത്വാമലയിലെ അതികഠിനതപസ്സിനുശേഷം ജ്ഞാനലബ്ധിയുണ്ടായ ഗുരുദേവന്റെ കര്‍മ്മഭൂമിയിലേക്കുള്ള തീര്ത്ഥയാത്രയേയും, ജീവിതക്കയത്തില്പ്പെട്ടുഴലുന്ന കേരളീയരുടെ നവോത്ഥാനശ്രമങ്ങളേയും കവിഅന്നപ്രസാദംഎന്നഖണ്ഡത്തില് സൂചിപ്പിക്കുന്നു. ഗുരുവിന്റെ ജന്മനിയോഗത്തിന്റെ ദ്വിജപര്വ്വം (രണ്ടാം ജന്മമാണ് ഗുരുവിന് ജ്ഞാനലബ്ധിക്കുശേഷം ഉണ്ടായത്) ഇവിടെ ആരംഭിക്കുന്നു.ആ ജൈത്രയാത്രയിലേക്കുള്ള തിരുപ്പുറപ്പാടിനെ കവി ഇങ്ങനെ കുറിക്കുന്നു.
‘ഇരുട്ടില്പ്പെട്ടുപോയോരാ-
നിറംകെട്ട നിരീഹരെ,
വെളിച്ചത്തിന് കരയ്ക്കെത്തി-
ച്ചക്ഷരാന്നം പകുക്കുക.
ഇതേനിന്റെ നിയോഗം,നിന്
ദ്വജപര്വ്വം കഴിഞ്ഞുപോയ്,
ഇനിയാലക്ഷ്യമേ ലക്ഷ്യം
നടക്കുക! നടക്കുക!.’
കേരളത്തിലെ പുരോഹിത മേല്‍ക്കോയ്മയുടെ ദൈവസങ്കല്പ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സംഭവമായിരുന്നല്ലൊ ഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ.അക്കാലത്തെ പുരോഹിത ബ്രാഹ്മണ ഉപാസനാ സമ്പ്രദായങ്ങളേയും അവരുടെ സങ്കല്പങ്ങള്ക്കനുസ്സരിച്ച് ആത്മീയബോധത്തെ മനസ്സില്പ്പേറിയവരുടേയും നേരെയുള്ളവിപ്ലവാത്മകമായ ഗുരുകര്മ്മ പദ്ധതിയെ ഈഴവശിവന്‍ എന്ന ഭാഗത്ത് ചരിത്ര സാമൂഹിക തലങ്ങളിലൂടെ കാവ്യത്മകതേജസ്സോടെ ആവിഷ്ക്കരിച്ചിരിക്കുന്നു.കേവലമൊരു കല്ലില്‍പ്പോലും ഈശ്വരപ്രഭാവത്തെ സൃഷ്ടിച്ചടുത്ത ഗുരുവിന്റെ ചേതനാചേതനാ ദൈവബോധംഉപനിഷത്ത് ദര്‍ശനത്തിലുള്ള അടിയുറച്ച ജ്ഞാനത്തെയാണ് എടുത്തുകാട്ടുന്നത് .കേരളത്തിലെന്നല്ല ഭാരതത്തില്‍ തന്നെ വേദോപനിഷത്ത് കാലാനന്തരം നിലനിന്നുപോന്ന ആരാധനാസങ്കല്പങ്ങളെ അതിന്റെ നാരായവേരോടെ പിഴുതെറിഞ്ഞ മഹാസംഭവമായിരുന്നു അത്.മനുഷ്യരായി ജന്മമെടുത്ത ഏതൊരാള്‍ക്കും അവനവന്റെ ഇഷ്ട പ്രകാരം ദൈവത്തെ കുടിയിരുത്തിആരാധിക്കാനവകാശമുണ്ട് എന്നൊരുലിഖിത തത്വം തന്നെ അദ്ദേഹം അരുവിക്കര ശിവപ്രതിഷ്ഠയിലൂടെ ഊട്ടിയുറപ്പിച്ചു.അതിനുശേഷം ഭാരതത്തിലുടനീളം നടന്ന ലക്ഷോപലക്ഷം ക്ഷേത്രപ്രതിഷ്ഠകള്മാത്രം മതി ഗുരുവിന്റെ ക്രാന്തദര്ശനത്തെ എടുത്തുകാട്ടാന്‍.
‘ ആരാധനാചരിത്രത്തി-
ലാദ്യമായൊരുവിപ്ലവം;
അധ: സ്ഥിതര്ക്കുമുണ്ടന്നോ
ആത്മരക്ഷക്കുദൈവതം?മ’
എന്നത്രെ ആ കര്‍മ്മപദ്ധതിയെ കവി വിളംബരം ചെയ്യുന്നത്.അന്നത്തെയും ഇന്നത്തെയും എന്നത്തെയും ലോകജനതയ്ക്കുമുമ്പില്‍ അദ്ദേഹം കുറിച്ചിട്ട
‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്!’
എന്ന ഏക മാനവ സങ്കല്പത്തെ ക്കുടി എടുത്തുപറഞ്ഞുകൊണ്ടാണ് ഈ ഭാഗത്തിന് തിരശീലയിടുന്നത്.
അക്ഷരജ്ഞാനത്തിലൂടെയുള്ള അറിവിന്റെ മഹത്വംമനസ്സിലാക്കിയിരുന്നഗുരു വിദ്യകൊണ്ട്പ്രബുദ്ധരാവുക എന്ന മഹത് സന്ദേശം സമൂഹത്തിനായി സമര്‍പ്പിച്ചു.അതിനുവേണ്ടി അദ്ദേഹം ഒട്ടനവധി കാവ്യങ്ങളും ചമച്ചു. അങ്ങനെ പുണ്യാക്ഷരംകൊണ്ടും സമുദായത്തെ സേവിക്കാമെന്ന സാഹിത്യ പാഠവും അദ്ദേഹം പഠിപ്പിച്ചു.ജീവിതത്തിന്റെ സര്വ്വമണ്ഡലങ്ങളിലേയും പുരോഗതിക്കും പരിവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനം വിദ്യനേടല് തന്നെയെന്ന് അദ്ദേഹത്തിന്റെ പ്രഖ്യാപിത സന്ദേശത്തെയാണ് കവി ഗുരു എന്ന ശീര്‍ഷകത്തിലൂടെ അനാവരണം ചെയ്തിരിക്കുന്നത്.
ജീവിവര്ഗ്ഗത്തിനുമുഴുവന് ബാധകമായഒരുതത്വത്തെആദ്യമായി പ്രത്യക്ഷമായ പ്രഖ്യാപനത്തിലൂടെ സംഘടനകൊണ്ട് ശക്തരാകുവിന് എന്ന വചനത്തിലൂടെ സാക്ഷാത്ക്കരിച്ചത് ഗുരുദേവനായിരുന്നു.അതും വിദ്യയാല്‍ ആര്‍ജ്ജിച്ചെടുക്കേണ്ട സംഘടനാശക്തിയുടെ മഹത്വത്തെയാണ് ഗുരു സമൂഹത്തിന് കാട്ടിക്കൊടുത്തത്. ഒരുമയുടെവേദാന്തപ്പൊരുള്സമൂഹംആദ്യമായി കേട്ടത് ഗുരുവദനത്തില്‍ നിന്നുമാണ്.അടിച്ചമര്‍ത്തപ്പെട്ട് വിദ്യാ രഹിതരായി ജീവീച്ച അന്നത്തെ കീഴാള ജനതയ്ക്ക് അതൊരു ദിവ്യകാഹളമായിരുന്നു.ഈ കാഹളത്തിന്റെ അലയൊലികള്‍ അവസാനിച്ചത് ശ്രീനാരായണധര്മ്മപരിപാലനയോഗത്തിലായിരുന്നു. ഈ കാര്യമാണ്
‘ഇതു ‘വാവൂട്ടുയോഗ’ത്തില്‍
ഗുരു ‘വാക്കൂട്ടു’ മുത്സവം;
ഇതേ നാരായണധര്‍മ്മ-
പരിപാലനയോഗവും’
എന്നിടത്ത് സൂചിപ്പിച്ചിരിക്കുന്നത്.
കാവ്യപീഠീകയില് ശ്രീനാരായണ സാഹിത്യപ്രപഞ്ചത്തെയാണ് എടുത്തുകാട്ടുന്നത്.അദ്വൈത സങ്കല്പങ്ങളേയും മാനുഷിക പ്രമാണങ്ങളേയും ശരിയായ ആസ്തിക്യ ജ്ഞാനബോധത്തിന്റെഇരിപ്പിടങ്ങളായിരുന്ന ഗുരുവിന്റെ വചനസാരസ്വതങ്ങളേയുംഅതിന്റെ മഹത്വങ്ങളേയും ഇവിടെ അതിസൂക്ഷമമായി അപഗ്രഥിച്ചിരിക്കുന്നു പില്ക്കാല നവോത്ഥാനസാഹിത്യ രചയിതാക്കള്ക്കെല്ലാം ഗുരുവിന്റെ സാഹിത്യദര്‍ശനങ്ങള്‍ വഴികാട്ടികളായിരുന്നു എന്നത് ഒരുയാഥാര്ത്ഥ്യംമാത്രമാണ്.
അതുവരെ ഇരുളിലാണ്ട് ആലസ്യത്തില്കഴിഞ്ഞിരുന്നബൃഹത്തായ ഒരു മനുഷ്യ സമൂഹത്തെ കര്‍മ്മ മാര്‍ഗ്ഗത്തിന്റെ ലോകത്തേക്കു നയിക്കുവാന്‍ ഗുരു സ്വീകരിച്ചത് തികച്ചും ഒരു നവസമൂഹസൃഷ്ടിക്ക് ഏറ്റവും അനുയോജ്യമായ കാഴ്ച്ചപ്പാടിലൂടെയായിരുന്നു.വിദ്യയും പ്രയത്നവും കൊണ്ട് മാത്രമെ സാമ്പത്തികോന്നതിയും അതുവഴി സാമൂഹ്യോന്നതിയും കര.സ്ഥമാക്കാന്‍ കഴിയു എന്ന ഗുരു ദര്‍ശനത്തിന്റെ മഹത്വം കവി ആഹ്വാനപര്വ്വത്തില് വിശദമാക്കുന്നു. സാമൂഹ്യോന്നതിക്കുള്ള ഗുരുവിന്റെ സമഗ്ര വീക്ഷണത്തെയാണ് ഇത് എടുത്തുകാട്ടുന്നത്.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എങ്ങനെ ഒരു സമൂഹത്തെകീഴ്പ്പോട്ടടിക്കുന്നു എന്ന ഗുരുവിന്റെ വീക്ഷണം കേരളസമൂഹത്തെ ശരിക്കും ഉടച്ചുവാര്‍ത്തു.സമൂഹത്തിന് ശരിയായ ദിശാബോധം നല്കുന്ന നിരവധി നവനവങ്ങളായ ആഹ്വാനങ്ങളിലൂടെ ഛിദ്രവാസനകളാല് പെട്ടുപോയ ഒരു വലിയ സമൂഹത്തെ ഉടച്ചുവാര്‍ത്ത സാമൂഹികചിന്തകനായ ഗുരുവിന്റെ യുക്തിഭദ്രമായ ബൗദ്ധിക ദര്ശങ്ങളാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുവിഭാഗം മനുഷ്യരുടെ ജീവിതം എന്തുകൊണ്ടാണ് പിന്നാമ്പുറത്തായത് എന്ന് വ്യക്തമായി മനസ്സിലാക്കിയെടുത്ത ഗുരുവിന്റെ .സമഗ്രസാമൂഹ്യ വീക്ഷണത്തിന്റെ ആഴവും പരപ്പും എത്രമാത്രമായിരുന്നു എന്ന് ഈ ഭാഗം അനുവാചകനെ ബോദ്ധ്യപ്പെടുത്തിയിരിക്കുന്നു.പുരോഗാമിയായ ഒരു സാമൂഹ്യചിന്തകന്റെ അതിരുകളില്ലാത്ത ചിന്താധാരകളെ സ്പഷ്ടമായി കവിക്ക് ഇവിടെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
‘തമസ്സില്ത്താണടിഞ്ഞോരെ-
യുയിര്പ്പിക്കും ഭഗീരഥന്,
പുണ്യഗംഗോപദേശത്തിന്
പുണ്യാഹംപോലണഞ്ഞവന്’
എന്നാണ് കവി ഗുരുവിനെ സ്മരിക്കുന്നത്.
അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമ:
എന്നിങ്ങനെ ഗുരദേവ നമോവാകത്തോടെയാണ്.
ഗുരുചരണസ്പര്ശം കൊണ്ട് അനുഗൃഹീതമായ ആശ്രമമാണ് ആലുവ അദ്വൈതാശ്രമം. ഏഷ്യയിലെ തന്നെ ആദ്യത്തെ സര്‍വ്വമതസമ്മേളനം ഗുരുസാന്നിദ്ധ്യത്തില് അവിടെവച്ചാണ് നടന്നത്.ഈ ആശ്രമം ഗുരുവിന്റ ആത്മീയ ദര്‍ശനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും നിത്യസ്മാരകമാണ്അദ്വൈതഭൂമിയില് കവി ഈ വസ്തുതകളെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
.വ്യക്തിയേയും സമൂഹത്തേയും ഏതു കാലത്തും നശിപ്പിക്കുന്ന മദ്യം വിഷമാണെന്ന് പ്രഖ്യാപിച്ച ഗുരുവിന്റെ മഹത്തായ സന്ദേശമാണ് വിഷഹാരിയില് പ്രതിപാദിതമായിരിക്കുന്നത്.
അതുപോല് മദ്യപന്മാരും;
അവരുണ്ടായിരിക്കുകില്,
കുലം നാറും സദാചാരം
കെടും,ചീയും കുടുംബവും.
ഗുരുവിന്റെ മഹത്തായ സന്ദേശത്തെ ഏറ്റവും ലളിതമായി ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു.
ശ്രീരമണമെന്ന ഭാഗത്ത് രമണമഹര്‍ഷിയുമായുള്ള സമാഗമത്തെ
‘രണ്ടു സൂര്യന്മാരുദിച്ചാ-
ലുണ്ടനേകം പ്രഭാതലം’
എന്നാണ് സൂചിപ്പിക്കുന്നത്.ഗുരുദേവന്റെ കര്‍മ്മപദ്ധതികളില്‍ ആകൃഷ്ടനായ രവീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തെ നേരിട്ടു കാണുവാന്‍ ആഗ്രഹിക്കുകയും 1922 നവംബര്‍ 22ന് ഇവിടെയെത്തി അനുഗ്രഹം വാങ്ങിക്കുകയും ചെയ്ത സംഭവങ്ങളാണ് ദിവ്യദര്‍ശനത്തില്‍ പരാമൃഷ്ടമാകുന്നത്.നോബല്‍ സമ്മാന ജേതാവും വിശ്വമംഗീകരിക്കുന്ന ഭാരതീയനുമായ ടാഗോര്‍ ഗുരുമഹത്വത്തെഎങ്ങനെനോക്കിക്കണ്ടിരിക്കുന്നു എന്നതാണ് ഈ ഖണ്ഡം വെളിവാക്കുന്നത്. 1918 ലും1926 ലും ഗുരുദേവന് ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു.ബുദ്ധപര്വ്വത്തില് ആ സന്ദര്‍ശനങ്ങളെ
‘ശ്രീലങ്കയില്‍ പ്രതിഷ്ഠിച്ചു
രണ്ടാം ബുദ്ധപദം സ്വയം’
എന്നാണ് കവി രേഖപ്പെടുത്തുന്നത്.അന്ന് ശ്രീലങ്കക്കാര്‍ ഗുരുവില്‍ രണ്ടാം ബുദ്ധനെയാണ് കണ്ടത്.
ലോകത്തിന് മുഴുവന്‍ മഹാത്മാവായ ഗാന്ധിജി ഗുരുവിന്റെ നേതൃത്വത്തില്‍ അന്ന്കേരളത്തില് നടന്നുകൊണ്ടിരുന്ന പുരോഗമനചിന്താഗതികളേയും നവോ ത്ഥാന പരിവര്‍ത്തനങ്ങളേയും ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചിരുന്നു. അതിന് തെളിവായിരുന്നു ഗാന്ധിജിയുടെ ശിവഗിരി സന്ദശനവും ഗുരുവിന്റെ കര്‍മ്മ പദ്ധതികളെ അധികരിച്ചുള്ള വാക്കുകളും.മഹത്തായ ആ സമാഗമവേളയില്‍ ഗാന്ധിജി സൂചിപ്പിച്ച വാക്കുകളെ മാഹാത്മ്യഗാഥയില് കവി ഇങ്ങനെരേഖപ്പെടുത്തിയിരിക്കുന്നു.
‘ നമുക്കീനാട്ടിലെത്താനു-
ണ്ടായ കാരണഭൂതനെ
നമിപ്പേന്‍,കണ്ടുണര്ന്നേനാ
സ്വാമിതൃപ്പാദയുഗ്മം.
പുരുപുണ്യാത്മാവിനെത്തൊ-
ട്ടറിയാനിടയായതോ
മഹാഭാഗ്യം! മറക്കില്ലീ
മഹത്വം മരണംവരെ’.
അയിത്തോച്ചാടനവും ക്ഷേത്രപ്രവേശനവുമെല്ലാം ഒരു മഹാതപസ്വിയുടെ നിതാന്ത പരിശ്രമത്താല്‍ ലഭ്യമായ യഥാര്‍ത്ഥ ആത്മീയ നേട്ടങ്ങളായിട്ടാണ് കവി കാണുന്നത്.
ആത്മോപദേശശതകം എന്ന കാവ്യത്തിലൂടെ മനുഷ്യന് എങ്ങനെ സ്വയം ശുദ്ധനാവണം എന്ന് കാട്ടിതന്ന ഗുരുവിനെ ആത്മോപദേശം എന്ന കാവ്യഭാഗത്ത് കവി അവതരിപ്പിക്കുന്നു. ഇവിടെ സാക്ഷാല്‍ ഈശ്വരന് തന്നെ മണ്ണിലേക്കയച്ച വിളക്കായിട്ടാണ് ഗുരുവിനെ ദര്‍ശിച്ചിരിക്കുന്നത്.
ഈശ്വരന്തന്നെയീ മണ്ണില്‍
കൊളുത്തുന്ന വിളക്കിനെ,
ഇതാ, വീണ്ടും തൊഴുന്നുനാം
നാരായണവിളക്കിനെ.’
എന്നിങ്ങനെ ഗുരുവിനെ കവി വന്ദിക്കുന്നു.മനുഷ്യ ജീവിതം, ജനനമരങ്ങള്, മനുഷ്യബന്ധങ്ങള്‍, കര്മ്മമാര്ഗ്ഗങ്ങളുടെ പവിത്രതകള്‍, ജീവിതത്തിന്റെ അനിത്യത,ജാതിമതാന്ധതകളുടെ നിരര്‍ത്ഥകത,ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നിങ്ങനെയുള്ളകാര്യങ്ങളില് ഗുരുവിനുണ്ടായിരുന്ന ദാര്‍ശനിക കാഴ്ചപ്പാടുകളെയാണ് അവനവനാത്മ സുഖത്തിനായ് എന്ന ഖണ്ഡത്തില്‍ വിലയിരുത്തുന്നത്.
‘അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന്സുഖത്തിനായ് വരേണം’
എന്ന ഗുരുവിന്റെ മഹത്തായ ആപ്തവാക്യത്തിന്റെ അടിസ്ഥാന ശിലകളെയാണ് ഇവിടെ അപഗ്രഥി ച്ചിരിക്കുന്നത്.
വര്‍ക്കല ശിവഗിരിയില്‍ ഗുരുദേവന് നടത്തിയ ശാരദാ പ്രതിഷ്ഠ ഭാരതത്തിലെ തന്നെ രണ്ടാം ശാരദാപ്രതിഷ്ഠയായിരുന്നു. പൂര്‍ണ്ണ സന്യാസത്തിലൂടെ തന്റെ കര്‍മ്മമാര്‍ഗ്ഗത്തെ സാക്ഷാത്ക്കരിച്ച് മാനവസമൂഹത്തിന്പ്രയോജനപ്രദമായകാര്യങ്ങള് ചെയ്യുമ്പോഴെ ഒരു സന്യാസ ജീവിതംസഫലവും ഉജ്ജ്വലവും ആകു എന്ന് വിശ്വസിച്ച ആത്മീയജ്യോതിസായിരുന്നു ഗുരു.അതിന്റെ സാക്ഷാത്ക്കാരമാണ് കോടിക്കണക്കിന് ആളുകള്‍ സമ്മേളിക്കുന്ന ശിവഗിരി തീര്‍ത്ഥാടനം. ഈ പുണ്യഭൂമിയെപ്പറ്റിയുള്ള കവിയുടെ കാഴ്ച്ചപ്പാട് ഇങ്ങനെയാണ്
‘ചെല്ലൂ ശിവഗിരിക്കുന്നില്‍
അംബ ശാരദ സാക്ഷിയായ്;
ഇതേ തീര്‍ത്ഥാടനം കര്‍മ്മ-
പ്രഭാതങ്ങള്‍ വിളിക്കയായ്!.
രണ്ടാം ശൃംഗേരിയായ് നമ്മള്-
ക്കുണ്ടായൊരു പവിത്രത
ബുദ്ധപീതാംബരം ചൂടും
സിദ്ധിതന്‍ കടലാക്കുവിന്.’
ഗുരുവിന്റെ അത്യുജ്ജ്വലമായിരുന്ന ആത്മവത്തയുടേയും അതിലടങ്ങിയിരിരുന്ന അദ്വൈത ചിന്താമാനവികതയുടേയും വ്യോമവ്യാപ്തിയെയാണ് ശിവഗിരിയെന്ന തീര്‍ത്ഥസ്ഥാനം എടുത്തുകാട്ടുന്നത്. ഒരേസമയം യോഗിയും ത്യാഗിയുമായിരുന്ന ഗുരുദേവന്റെ മാഹാസമാധി സൂചനകളോടെ ഈ കാവ്യം അവസാനിക്കുന്നു. ശിവഗിരികുന്നിന്റെ നെറുകയില്‍ ആ മഹാജ്യോതിസ് ഏതുകാലത്തെയും മനുഷ്യ സമൂഹത്തിന്റെ വെളിച്ചമായിജ്വലിച്ചു നില്ക്കുന്നു. ശാന്തി, സമാധാനം സാഹോദര്യം, സഹിഷ്ണുത, സ്നേഹം, നന്മ, ഏകത്വം എന്നിവയുടെയെല്ലാം അടിസ്ഥാനമായ സനാതനധര്‍മ്മത്തിന്റെ പൊരുളായി സൂര്യതേജസ്സോടെ ഗുരു ഓരോ മനുഷ്യമനസ്സിലും കുടിയിരിക്കുന്നു.
ശ്രീനാരായണ ഗുരുദേവന്റെ സമസ്ത വ്യക്തിപ്രഭാവവും അതിന്റെ നിലാവെളിച്ചത്തില്‍ ആവിഷ്ക്കരിച്ചിരിച്ചിരിക്കുന്ന ഗുരുപൗര്‍ണമി തികച്ചും അദ്ദേഹത്തെ സംബന്ധിക്കുന്ന ആത്മകാവ്യവും ചരിത്രകാവ്യവുമാണ്. ഗുരുവിന്റെ മഹത്വം മനസ്സിലാക്കണമെങ്കില്അദ്ദേഹത്തിന്റെ കാലത്തെ സാമൂഹിക,സാംസ്കാരിക,ആചാരവിശ്വാസസ്ഥിതികളെക്കൂടിചേര്ത്തുപഠിക്കണം. അതിന് ശരിക്കും ഉപകരിക്കുന്ന ഒരു രചനയാണ് ഗുരുപൗര്‍ണമി.
കാലത്തിന്റെയും സാമൂഹ്യവ്യവസ്ഥികളുടേയും അതിശക്തമായ പ്രതിരോധശക്തികളെ ആത്മബലം കൊണ്ടും ആസ്തിക്യശക്തികൊണ്ടും മറികടന്ന് ഒരു സുതാര്യമായ മാനവിതയ്ക്ക് തിരികൊളുത്തിയ ശ്രീനാരായണഗുരുവിന്റെ അതികഠിനമായിരുന്ന കര്‍മ്മമണ്ഡലത്തിന്റെ വിവിധ തലങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഈ കാവ്യം ഓരോമലയാളിയും കൂപ്പുകയ്യോടെ ഏറ്റുവാങ്ങേണ്ടതു തന്നെയാണ്. ഒരവധൂതചരിത്രം മാത്രമല്ല ഈ കൃതി . മറിച്ച് കേരളത്തിന്റെ പൂര്വ്വകാലമനുഷ്യ ജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ കൂടി ഇതില്നിറഞ്ഞുനില്ക്കുന്നു.ഒരുകാലത്തെ കേരളം എങ്ങനെയായിരുന്നു എന്ന ചരിത്ര സാംസ്കാരിക തലങ്ങളെക്കൂടി ഈ കാവ്യം അടയാളപ്പെടുത്തിയിരിക്കുന്നു.