മെയ്വഴക്കത്തിന്റെ കരുത്ത്
(മുലായംസിങ് യാദവ് 1932-2022)
ഗുസ്തിഅറിയാമായിരുന്നു മുലായംസിംഗ് യാദവിന് .രാഷ്ട്രീയത്തിൽ മെയ്വഴക്കങ്ങളിലൂടെഎന്നും വിജയിച്ചു നിന്നു. മുഖ്യമന്ത്രിസ്ഥാനം മുതല്‍ കേന്ദ്രപ്രതിരോധ മന്ത്രി സ്ഥാനം വരെവഹിച്ചു.
ഉത്തര്‍പ്രദേശിന്റെ മുഖവുര മാറ്റിയ മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല പ്രഗത്ഭനും കരുത്തനുമായ പ്രതിരോധമന്ത്രിയെന്ന നിലയില്‍ കൂടിയാണ് മുലായംസിംഗിനെ വിലയിരുത്തുന്നത്.
1998ല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടുന്ന മതനിരപേക്ഷ സഖ്യത്തിന്റെ ഭാഗത്തായിരുന്നു മുലായമെങ്കിലും സോണിയാഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ എന്നും വിമുഖത കാണിച്ചു. എന്നാല്‍ ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ യു.പി.എ. സര്‍ക്കാറിനെ വീഴാതെ കാത്തത് മുലായമാണ്. 2012ല്‍ യു.പി.എ. സര്‍ക്കാരിനെതിരെ മമതാബാനര്‍ജി ഭീഷണി ഉയര്‍ത്തിയപ്പോഴും മുലായം രക്ഷയ്ക്കെത്തി. 50 വര്‍ഷത്തിലേറെ സജീവരാഷ്ട്രീയത്തില്‍ പയറ്റിയ മുലായം സമാജ്വാദി പാര്‍ട്ടി ഭൂരിപക്ഷം നേടിയ 2012ൽ മകന് അഖിലേഷ്യാദവിനെ മുഖ്യമന്ത്രിയാക്കി. അഖിലേഷ് മികച്ച മുഖ്യമന്ത്രിയെന്ന കീര്ത്തിയുണ്ടാക്കുകയും ചെയ്തു.
പിന്നാക്ക രാഷ്ട്രീയം
ഉത്തര്‍പ്രദേശില്‍ പിന്നാക്ക രാഷ്ട്രീയത്തെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് പ്രധാനപങ്കുവഹിച്ചത് മുലായമായിരുന്നു. മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രതീരുമാനം പിന്നാക്കവിഭാഗ രാഷ്ട്രീയ വികസനത്തിന് സഹായകമായി. മണ്ഡല് ശുപാര്‍ശകളെ മറികടന്നും പിന്നാക്കക്കാര്‍ക്ക് ഉയര്‍ന്ന സംവരണം ഉറപ്പാക്കി. മുന്നാക്ക-പിന്നാക്ക വേര്‍തിരിവില്ലാതെ വിവിധ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തി ഒരേ സമയം യാദവരുടെയും മുസ്ലീങ്ങളുടെയും നേതാവായി.
പ്രധാനമന്ത്രിക്കസേര
സ്വപ്നം മാത്രമായി
രാഷ്ട്രീയത്തില്‍ സകല അടവുകളും പയറ്റിത്തെളിഞ്ഞ മുലായംസിംഗ് യാദവിന് അടക്കാനാവാത്ത മോഹമുണ്ടായിരുന്നു. പ്രധാനമന്ത്രിക്കസേര. ആ ആഗ്രഹം നടക്കുമെന്നു തന്നെ മുലായം വിശ്വസിച്ചു. യു.പി.യില്‍ നിന്ന് മുമ്പ് ഡല്‍ഹിയിലേക്ക് പോയ ചരണ്‍സിംഗും വി.പി. സിംഗും ചന്ദ്രശേഖറും പ്രധാനമന്ത്രി പദത്തിലെത്തി. കര്‍ണാടകത്തിലെ ദേവഗൗഡയ്ക്ക് പ്രധാനമന്ത്രി ആകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് പറ്റില്ല? മുലായം പരസ്യമായി ചോദിച്ചു. 2014ല്‍ യുപിഎ ക്കും എന്‍ഡിഎയ്ക്കും ഭൂരിപക്ഷം കിട്ടില്ലെന്നും അത്തരമൊരു സാഹചര്യത്തില്‍ തനിക്ക് പ്രധാനമന്ത്രിയാകാമെന്നും മുലായം കണക്ക് കൂട്ടി. എന്നാല്‍ എന്‍.ഡി.എ. ഭൂരിപക്ഷം നേടുകയും നരേന്ദ്രമോദി പ്രധാനമന്ത്രിയാകുകയും ചെയ്തതോടെ ‘ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമായി’ മുലായംസിംഗ് യാദവിന്റെ പ്രധാനമന്ത്രിക്കസേര മാറി.
1 മൂന്നുവട്ടം ഉത്തര്‍പ്രദേശ്
മുഖ്യമന്ത്രിയായെങ്കിലും ഒരിക്കല്‍ പോലും കാലാവധി തികച്ചില്ല.
2 ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക്
പത്തുതവണയും ലോക്സഭയിലേക്ക് ഏഴുതവണയും
3 അമിതാഭ്ബച്ചനെ ഉത്തര്‍പ്രദേശിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കി.
4 ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ
മെയിന്‍പുരിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം.