‘വരയുടെ പരമശിവന്’
ശില്പങ്ങളില് പ്രധാനം: ഹൈക്കോടതിയിലെ തടിയില്‍ ചെയ്ത നീതി ശില്പം. തിരുവന്തപുരത്ത് ലാറ്റക്സ് ഭവനിലെ അമ്മയും കുഞ്ഞും.
ഇനിയൊരു ജന്മമുണ്ടെങ്കില് സംഗീതജ്ഞനായി ജനിക്കണമെന്നായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അഭിലാഷം. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളിലും ആ താളമുണ്ടായിരുന്നു. സ്വഭാവത്തില്‍ ചെറിയ ന്യൂനത പോലും ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും കഴിയാത്ത ആ വ്യക്തിത്വത്തിന്റെ പെരുമാറ്റവും ഇടപെടലും എന്നും ഹൃദ്യമായിരുന്നു.
1925 ചിങ്ങമാസം ആയില്യം നാളില്‍ പൊന്നാനിയില്‍ കരുവാട്ട്മനയില്‍ പരമേശ്വരന്നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായിജനനം. സഹോദരി ഉമാദേവി. രണ്ടു ഭാര്യമാര്‍ മരിച്ച ശേഷമാണ് പരമേശ്വരന് നമ്പൂതിരി ശ്രീദേവിയെ വേളി കഴിക്കുന്നത്. മൂന്നാം ഭാര്യയിലെ മകനോട് ആദ്യ ഭാര്യമാരുടെ മക്കളും ബന്ധുക്കളും കാണിച്ച അവഗണനയുടെ മുറിവ് സൃഷ്ടിച്ച ബാല്യം. സ്കൂളില്‍ പോലും പോകാന്‍ കഴിയാത്ത വിധത്തിലുള്ള മാറ്റി നിര്‍ത്തല്‍.
തന്റെ നാട്ടുകാരനും മദ്രാസ് കോളേജ് ഓഫ് ഫൈനാര്‍ട്സിലെ ശില്പകലാപഠിതാവുമായ കൃഷ്ണന് നമ്പൂതിരിയെ സഹായിക്കാന്‍ മദ്രാസിലേക്ക്. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം പൊതിഞ്ഞിരുന്ന പേപ്പറിലെ വരകള്‍ കാണാനിടയായ കെ.സി.എസ്. പണിക്കര്‍. ചിത്രകലാ പഠനത്തിന് ക്ഷണിച്ചു. അത് ഒരു തുടക്കമായി.
പരമ്പരാഗത ശൈലിക്ക് വഴിപ്പെടാതെ വരയുടെ തനതു ശൈലി. എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി ജീവന് പകര്‍ന്ന ചിത്രങ്ങള്‍ അത്ഭുതാവഹമായിരുന്നു. തകഴിയുടെ ഏണിപ്പടികള്‍, വികെഎന്നിന്റെ പിതാമഹന്, കെ. സുരേന്ദ്രന്റെ ഗുരു, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശില… നമ്പൂതിരി ജീവന് പകര്‍ന്ന കഥാപാത്രങ്ങള്‍ ഏറെ.